തായ്ബെ: പലസ്തീനിലെ ഏക ക്രിസ്ത്യൻ ഗ്രാമമായ തായ്ബെ ജറൂസലെമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാള്‍ പിയർബത്തിസ്റ്റ പിസബല്ല സന്ദർശിച്ചു.
പ്രദേശത്ത് ഇസ്രയേല്‍ കടുത്ത പ്രവേശനവിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണു പാത്രിയാർക്കീസിന്റെ സന്ദർശനം.
പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാള്‍ ദിനത്തില്‍ തായ്ബെയിലെ ക്രൈസ്റ്റ് ദ റെഡീമർ പള്ളിയില്‍ നടന്ന വിശുദ്ധ കുർബാനയില്‍ കർദിനാള്‍ മുഖ്യകാർമികത്വം വഹിച്ചു.
ഭയത്തിനും നിരാശയ്ക്കും ഹൃദയത്തില്‍ ഇടം നല്‍കാതെ പ്രത്യാശയോടെ മുന്നോട്ടുപോകാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത പാത്രിയാർക്കീസ്, ഗ്രാമത്തിലെ ജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
‘സങ്കീർണമായ ഈ സാഹചര്യങ്ങള്‍ക്കിടയിലും ക്രിസ്തീയ ശബ്ദമായി തുടരാൻ നിങ്ങളുടെ മാതൃക അത്യന്താപേക്ഷിതമാണ്. വിശുദ്ധ നാടിന്റെ എല്ലാ മേഖലകളിലും തിരുസഭയുടെ സാന്നിധ്യം നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യും’- കർദിനാള്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ തായ്ബെ ഉള്‍പ്പെടുന്ന പ്രദേശം ഇസ്രയേല്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടേക്ക് തീർഥാടകർക്കും വിദേശികള്‍ക്കും പ്രവേശനവിലക്കുണ്ട്.

