ന്യൂഡല്‍ഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്‌ഐആർ) സമയത്ത് പുതിയ വോട്ടർമാരെ ചേർക്കുന്നതിന് ഭേദഗതി വരുത്തിയ ഫോം ആറ് (ഫോം 6) ഉപയോഗിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് അനുമതി നല്‍കിയിരുന്നില്ലെന്നു സുപ്രീംകോടതി.
ഇതോടെ അപേക്ഷകരുടെ മാതാപിതാക്കളോ മുത്തച്ഛനോ മുത്തശ്ശിയോ മുമ്പു നടന്ന എസ്‌ഐആറിനുശേഷമുള്ള വോട്ടർപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഫോം ആറില്‍ ഉള്‍പ്പെടുത്തിയ വിവാദമായ പുതിയ ചോദ്യം സുപ്രീംകോടതി ശരിവച്ചിരുന്നുവെന്ന കമ്മിഷന്റെ വാദം പൊളിഞ്ഞു. ഫോം ആറ് പരിഷ്കരിച്ചതു സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന ആരോപണത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് കോടതി അറിയിച്ചു. ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും തെരഞ്ഞെടുപ്പു കമ്മിഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഗ്യാനേഷ് കുമാർ, സഹ കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി, ഡെപ്യൂട്ടി തെരഞ്ഞെടുപ്പു കമ്മിഷണർ മനീഷ് ഗാർഗ്, ഐടി വിഭാഗം ഡയറക്ടർ ജനറല്‍ സീമ ഖന്ന തുടങ്ങിയവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കമ്മിഷന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയമാണെങ്കില്‍ കോടതി അതു റദ്ദാക്കുമെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ബാഗ്ചി വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കൂടാതെ ഏകപക്ഷീയമായി സ്വീകരിച്ച നടപടികള്‍ ഉടനടി റദ്ദാക്കാൻ നിർദേശം നല്‍കണമെന്നും ഹർജിക്കാർ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, എതിർ കക്ഷികളുടെ വാദം കേള്‍ക്കാതെ കോടതിക്ക് ഏകപക്ഷീയമായ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരുടെ ആവശ്യം തള്ളി.
വാർത്താ റിപ്പോർട്ടുകളെ മാത്രം ആശ്രയിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കക്ഷികളില്‍നിന്നു മറുപടി ലഭിച്ചശേഷം വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നു വ്യക്തമാക്കിയ കോടതി, കമ്മിഷന്റെ തീരുമാനം സംബന്ധിക്കുന്ന വിവിധ ഹർജികള്‍ ഒന്നിച്ചു പരിഗണിക്കാനും നിർദേശിച്ചു.
വിവാദമായ മാറ്റം
നിയമഭേദഗതിയില്ലാതെ ഫോം ആറില്‍ മാറ്റം വരുത്താൻ കഴിയില്ലെന്നിരിക്കെയാണ് എസ്‌ഐആറില്‍ വിവാദപരമായ പുതിയ ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷൻ ഉള്‍പ്പെടുത്തിയത്. ഇതിനെതിരേ സഹകമ്മിഷണർമാർ രേഖാമൂലം എതിർപ്പ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകള്‍ പുറത്തുവന്നപ്പോഴാണ് ഫോം ആറ് സംബന്ധിച്ച് എതിർപ്പുണ്ടായിട്ടും മുന്നോട്ടുപോയെന്ന വിവരം പുറത്തുവരുന്നത്.

