Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്കില്‍ നേരിയ കുറവ്. സെപ്റ്റംബറിലെ അഞ്ചു ശതമാനത്തില്‍നിന്ന് നേരിയ കുറവോടെ 4.9 ശതമാനത്തിലേക്കു താഴ്ന്നു.

ഗ്രാമീണ മേഖലകളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലും മൊത്തത്തിലുള്ള തൊഴില്‍ പങ്കാളിത്തത്തിലും ഉണ്ടായ വർധനയാണ് ഇതിന് കാരണമായത്.

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎല്‍എഫ്‌എസ്) പ്രകാരം, 15 വയസും അതിനു മുകളിലും പ്രായമുള്ളവരുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 2025 ഒക്ടോബറില്‍ രേഖപ്പെടുത്തിയ 5.2 ശതമാനത്തിനേക്കാള്‍ 0.3 ശതമാനം കുറവുണ്ടായി.

നഗരപ്രദേശങ്ങളില്‍ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിലെ 6.9 ശതമാനത്തില്‍നിന്ന് 6.7 ശതമാനമായി കുറഞ്ഞപ്പോള്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 4.2 ശതമാനത്തില്‍ മാറ്റമില്ലാതെ നിന്നു.
വനിതകളുടെ എണ്ണം കൂടി

സ്ത്രീകളുടെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ് (എല്‍എഫ്പിആർ) വർധിച്ചു. സെപ്റ്റംബറിലെ 34.6 ശതമാനത്തില്‍നിന്നും മുൻ വർഷം ഒക്ടോബറിലെ 34.2 ശതമാനത്തില്‍നിന്നും 35 ശതമാനം ഉയർന്നു. ഈ വർഷം ഫെബ്രുവരിക്കുശേഷമുള്ള ഉയർന്ന നിരക്കാണിത്.

ഗ്രാമീണ മേഖലയിലെ വനിത എല്‍എഫ്പിആർ മുൻ മാസത്തെ 38.8 ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 39.5 ശതമാനത്തിലേക്ക് മുന്നേറി. എന്നാല്‍ നഗരമേഖലയിലെ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 25.9 ശതമാനവുമായി മാറ്റമില്ലാതെ തുടർന്നു.

തൊഴില്‍ ഉയർന്നു

ജോലി ചെയ്യുന്നവരോ ജോലി അന്വേഷിക്കുന്നവരോ ജോലി ചെയ്യാൻ സന്നദ്ധരായവരോ ആയ ജനങ്ങളുടെ അനുപാതം അളക്കുന്ന മൊത്തത്തിലുള്ള എല്‍എഫ്പിആർ സെപ്റ്റംബറിലെ 55.5 ശതമാനത്തില്‍നിന്ന് 55.7 ശതമാനമായി ഉയർന്നു. തൊഴിലുള്ള ജനങ്ങളുടെ അനുപാതം അളക്കുന്ന വർക്കർ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യുപിആർ) ഇതേ കാലയളവില്‍ 52.7 ശതമാനത്തില്‍നിന്ന് 53 ശതമാനമായി മെച്ചപ്പെട്ടു.

സെപ്റ്റംബറിലെ 58 ശതമാനത്തില്‍നിന്ന് എല്‍എഫ്പിആർ 58.4 ശതമാനത്തിലേക്ക് ഉയർന്നതോടെ ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ മെച്ചപ്പെടല്‍ ഉണ്ടായത്. എന്നാല്‍ നഗരമേഖലയില്‍ ഇത് 50.7 ശതമാനത്തില്‍നിന്ന് 50.5 ശതമാനത്തിലേക്കു നേരിയ താഴ്ചയുണ്ടായി.

വനിതകളുടെ തൊഴിലില്ലായ്തമ നിരക്ക് സെപ്റ്റംബറിലെ 5.2 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി താഴ്ന്നു. പുരുഷന്മാരുടേത് 4.9 ശതമാനത്തില്‍ തുടർന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika