മോസ്കോ: വെടിനിർത്തല്‍ കരാർ ലംഘിച്ച് യുക്രെയ്ൻ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി റഷ്യ. ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് റഷ്യ 32 മണിക്കൂർ താത്ക്കാലിക വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു.
വെടിനിർത്തലിന്റെ ആദ്യ 16 മണിക്കൂറുകളില്‍ തന്നെ യുക്രെയ്ൻ രണ്ടായിരത്തോളം തവണ കരാർ ലംഘനം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ശനിയാഴ്ച രാത്രി പോക്രോവ്സ്കോയ് പ്രദേശത്തുനിന്നു റഷ്യൻ സൈനിക കേന്ദ്രങ്ങളിലേക്ക് മൂന്നുതവണ ആക്രമണമുണ്ടായി.ഗയ്യിലെ ജനവാസകേന്ദ്രങ്ങളിലും നെപ്രോപെട്രോവ്സ്ക് മേഖലയിലെ ഒട്രാഡ്നോയിലും ആക്രമണമുണ്ടായതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യ വെടിനിർത്തല്‍ ലംഘിച്ചതായി യുക്രെയ്നും ആരോപിച്ചു. സുമി മേഖലയില്‍ ആംബുലൻസിന് നേരേയുണ്ടായതുള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ റഷ്യ നടത്തിയതായി യുക്രെയ്ൻ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

