മുംബൈ: വിദേശ നിക്ഷേപകർ ഓഹരികള്‍ വിറ്റഴിക്കുന്നതും ഉയർന്ന ആഗോള ബോണ്ട് വരുമാനവും ഭൗമരാഷ്ട്രീയ ആശങ്കകളും നിക്ഷേപകരുടെ മനോഭാവത്തെ ബാധിച്ചതിനെത്തുടർന്ന് സൂചിക തുടർച്ചയായ എട്ടാം ആഴ്ചയും ഇടിവ് നേരിട്ടു.
ഇന്ത്യയുടെ ബെഞ്ച്മാർക്ക് ഓഹരിസൂചികയായ നിഫ്റ്റി 50 കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിവ് പരന്പരയാണിത്.
ഈ വർഷം ജനുവരിയില്‍ തൊട്ട 26,373 എന്ന എക്കാലത്തെയും ഉയർന്ന നിരക്കില്‍നിന്ന് സൂചിക ഇതിനകം 15 ശമതാനം ഇടിഞ്ഞു. ഉയർന്ന നിരക്കില്‍നിന്ന് 20 ശതമാനം ഇടിവുണ്ടായാല്‍ അത് ഒരു ബെയർ മാർക്കറ്റ് ആയി കണക്കാക്കപ്പെടും.
ഈ ആഴ്ച സൂചിക മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ ഒന്പത് ആഴ്ചകളായി സംഭവിച്ച മൊത്തം ഇടിവ് ഏകദേശം 8.7 ശതമാനവും 2149 പോയിന്റിലധികവുമായി.
2001ല്‍ നിഫ്റ്റി തുടർച്ചയായി ഒന്പത് ആഴ്ച ഇടിവ് നേരിട്ടതിനുശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര നഷ്ടപരന്പരയാണിത്.
ചരിത്രപരമായി, 1993ല്‍ തുടർച്ചയായി 10 ആഴ്ചയും 2001ല്‍ ഒന്പത് ആഴ്ചയുമാണ് നിഫ്റ്റിയുടെ ഏറ്റവും വലിയ നഷ്ടകാലയളവുകള്‍.
സൂചികകള്‍ ഇന്ന്
നിഫ്റ്റി 50 ഇന്നലെ 22,543.70ല്‍ വ്യാപാരം ആരംഭിക്കുകയും തുടക്കത്തില്‍ 22,550-22,600 റേഞ്ചില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. വ്യാപാരത്തിനിടെ ഉയർന്ന നിലവാരമായ 22,610.60 വരെ സൂചിക എത്തി. എന്നാല്‍, ഉച്ചയ്ക്ക് ശേഷം വില്‍പന സമ്മർദം ശക്തമായതോടെ, രണ്ടോടെ സൂചിക ഏറ്റവും താഴ്ന്ന നിലവാരമായ 22,217.30ലേക്ക് വീണു.
എന്നാല്‍, വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ ശക്തമായ തിരിച്ചുവരവ് പ്രകടിപ്പിച്ച നിഫ്റ്റി, കുറഞ്ഞ നിലവാരത്തില്‍ നിന്ന് 200-ലധികം പോയിന്റുകള്‍ വീണ്ടെടുത്തു.
ഈ തിരിച്ചുവരവ് ഉണ്ടായിരുന്നിട്ടും, വിപണിയിലെ തുടർച്ചയായ അസ്ഥിരതയും ദുർബലമായ നിക്ഷേപക അന്തരീക്ഷവും കാരണം സൂചിക നഷ്ടത്തില്‍ തന്നെ തുടരുകയായിരുന്നു. സെൻസെക്സും വ്യാപാരത്തിനിടെ രണ്ട് വർഷത്തെയും നാല് മാസത്തെയും ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയെങ്കിലും പിന്നീട് തിരിച്ചുകയറി 71,900 മാർക്കിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു.
വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 199 പോയിന്റ് (0.88 %) ഇടിഞ്ഞ് 22,421.95ല്‍ എത്തി. സെൻസെക്സ് 570.58 പോയിന്റ് (0.79 %) ഇടിഞ്ഞ് 71,909.71ലാണ് ക്ലോസ് ചെയ്തത്. തുടർച്ചയായ എട്ടാം ആഴ്ചയും വിപണി നഷ്ടത്തിലാണ്.
വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 7.04 ശതമാനം ഉയർന്ന് 14ന് മുകളിലെത്തി.
ഇടിവിനു കാരണങ്ങള്‍
വിദേശനിക്ഷേപങ്ങള്‍ വൻതോതില്‍ പിൻവലിക്കപ്പെടുന്നത്, ക്രൂഡ് ഓയില്‍ വിലയിലെ വർധന, ഉയർന്ന ആഗോള ബോണ്ട് വരുമാനം എന്നിവയ്ക്കിടെ സെപ്റ്റംബറില്‍ നിഫ്റ്റി 6.1 ശതമാനം ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് സൂചിക ഇടിവ് രേഖപ്പെടുത്തുന്നത്. 2026ല്‍ ഇതുവരെ വിദേശനിക്ഷേപകർ 2.6 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ഓഹരിവിപണിയില്‍നിന്ന് പിൻവലിച്ചത്.

