ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായി വിമാനത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനു രാജ്യവ്യാപകമായി പ്രശംസ.
അസാമാന്യ ധൈര്യത്തോടും സമചിത്തതയോടും കൂടി നേരിട്ട ക്യാപ്റ്റന് ആദരവറിയിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തി. ആർ. മാധവൻ, വിജയ് ദേവരകൊണ്ട, രവി കിഷൻ, പരേഷ് റാവല്‍ തുടങ്ങിയവരാണ് ഇന്ത്യൻ പൈലറ്റിന്റെ സാഹസികതയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പങ്കുവച്ചുകൊണ്ടായിരുന്നു നടൻ ആർ. മാധവൻ പ്രതികരണം അറിയിച്ചത്. ക്യാപ്റ്റൻ സ്മിത് മച്ചാറിനെ 'യഥാർഥ ഹീറോ' എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
അങ്ങേയറ്റത്തെ സമ്മർദഘട്ടത്തിലും ക്യാപ്റ്റൻ കാണിച്ച ശാന്തതയെയും ധീരതയെയും നടൻ വിജയ് ദേവരകൊണ്ട പ്രശംസിച്ചു. 'ദൈവം നിങ്ങളെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ ക്യാപ്റ്റൻ. നിങ്ങള്‍ നേരിട്ടതും ചെയ്തതും അവിശ്വസനീയമാണ്,' വിജയ് ദേവരകൊണ്ട കുറിച്ചു.
ഡ്യൂട്ടിയോടുള്ള അചഞ്ചലമായ കൂറിന്റെയും തളരാത്ത ധൈര്യത്തിന്റെയും പ്രതീകമാണ് സ്മിത് മച്ചാർ എന്ന് നടനും രാഷ്ട്രീയ നേതാവുമായ രവി കിഷൻ അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്റെ ഈ പ്രവൃത്തി രാജ്യത്തിന് തന്നെ വലിയ അഭിമാനമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. മുതിർന്ന നടൻ പരേഷ രാവല്‍, ക്രാന്തിവിർ എന്ന ചിത്രത്തിലെ നാനാ പടേക്കറുടെ പ്രശസ്തമായ 'ഏക് മച്ചാർ ആദ്മികോ...' എന്ന സംഭാഷണവും പൈലറ്റിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് അഭിനന്ദനം രേഖപ്പെടുത്തിയത്.
സ്വന്തം ജീവൻ പണയം വച്ച് 174 പേരുടെ ജീവൻ കാത്തുസൂക്ഷിച്ച ഈ നായകന്റെ ധീരത ഇപ്പോള്‍ സിനിമ ലോകവും രാജ്യവും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. നിലവില്‍ സൗദി അറേബ്യയിലെ ടാബുക്കിലുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില വിദഗ്ദ്ധ സംഘം നിരീക്ഷിച്ചു വരികയാണ്.

