Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരോഗ്യ മേഖലയില്‍ കോടികളുടെ നിക്ഷേപം, മരുന്ന് തിന്നുന്ന മലയാളികള്‍; 'ആരോഗ്യ കേരളത്തിന്' എന്താണ് സംഭവിച്ചത്?

ആരോഗ്യ മേഖലയില്‍ കോടികളുടെ നിക്ഷേപം, മരുന്ന് തിന്നുന്ന മലയാളികള്‍; 'ആരോഗ്യ കേരളത്തിന്' എന്താണ് സംഭവിച്ചത്?

ധനം 4 days ago

രാവിലെ എഴുന്നേറ്റയുടന്‍ ആദ്യ ഗുളിക, പ്രഭാതഭക്ഷണത്തിന് ശേഷം രണ്ടാമത്തേത്, അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കും മുന്‍പ് വീണ്ടും ചിലത്...

ഇന്ന് കേരളത്തിലെ ഭൂരിഭാഗം വീടുകളുടെയും പ്രഭാതങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും മരുന്നു കവറുകളിലാണ്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും മുതല്‍ ഹൃദ്രോഗം വരെ കൂട്ടിനുള്ള ഒരാളെങ്കിലും ഇല്ലാത്ത വീടുകള്‍ അപൂര്‍വം.

ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ ശിശുമരണനിരക്കും കൊണ്ട് 'കേരള മോഡല്‍' എന്ന് ലോകം വാഴ്ത്തിയ ഒരു സംസ്ഥാനം, ഇന്ന് മറ്റൊരു കടുത്ത ആരോഗ്യ പ്രതിസന്ധിയെ നേരിടുകയാണ്. മണ്‍സൂണ്‍ തുടങ്ങിയാല്‍ വിവിധ തരത്തിലുള്ള പനികളുടെ വരവ് മറ്റൊരു വഴിക്ക്. ജൂണ്‍, ജൂലൈ മാസങ്ങള്‍ കേരളത്തിലെ ആശുപത്രികള്‍ തിരക്കിന്റേതായി മാറിയിട്ട് വര്‍ഷങ്ങളേറെയായി. നാട്ടിന്‍പുറങ്ങളില്‍ പോലും മുളച്ചുപൊന്തുന്ന മെഡിക്കല്‍ ഷോപ്പുകളും പരിശോധനാ ലാബുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും കേരളം രോഗങ്ങളുടെ സ്വന്തം നാടായി മാറിയെന്ന സൂചനയാണ് നല്കുന്നത്.

ഓരോ വീട്ടിലും ഒരു ദീര്‍ഘകാല രോഗി

മലയാളികളുടെ രോഗങ്ങളുടെ സ്വഭാവം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വലിയതോതില്‍ മാറിയിട്ടുണ്ട്. മുമ്പ് വാര്‍ധക്യവുമായി മാത്രം ബന്ധപ്പെടുത്തി കണ്ടിരുന്ന പല രോഗങ്ങളും ഇന്ന് 30-40 വയസുകാരെ പിടികൂടുന്നു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ഒരേസമയം ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കൊളസ്ട്രോള്‍, അമിതവണ്ണം, തൈറോയ്ഡ് പ്രശ്നങ്ങള്‍, ഫാറ്റി ലിവര്‍, ഉറക്കക്കുറവ്, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നി പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണവും കുറവല്ല.

നിയന്ത്രിക്കാത്ത പ്രമേഹം വൃക്ക, കണ്ണ്, ഹൃദയം, നാഡികള്‍ എന്നിവയെ ബാധിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്ട്രോക്കിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കൂട്ടാം. മലയാളികള്‍ നേരിടുന്നത് ഒറ്റപ്പെട്ട രോഗങ്ങളുടെ വര്‍ധനയല്ല. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ദീര്‍ഘകാല രോഗങ്ങളുടെ വലിയൊരു ശൃംഖലയാണ്.

ആരോഗ്യമുള്ള ജീവിതം ഇനിയില്ലേ?

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശരാശരി ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മികച്ച ചികിത്സാ സൗകര്യവും ആരോഗ്യബോധവും ഇതിന് സഹായിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വര്‍ഷം ജീവിക്കുന്നു എന്നതും കൂടുതല്‍ വര്‍ഷം ആരോഗ്യത്തോടെ ജീവിക്കുന്നു എന്നതും ഒരേ കാര്യമല്ല.

വാര്‍ധക്യത്തിലേക്ക് കടക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഒന്നിലധികം രോഗങ്ങളോടെയാണ് ജീവിക്കുന്നത്. പ്രമേഹം, പ്രഷര്‍, സന്ധിവേദന, ഹൃദ്രോഗം, വൃക്കപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് ഒരേസമയം ചികിത്സ വേണ്ടിവരുന്ന സാഹചര്യം സാധാരണമാണ്.

രോഗങ്ങള്‍ക്ക് അടുക്കള സംസ്‌കാരമോ കാരണം?

കേരളത്തിന്റെ ഭക്ഷണരീതിയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ വലിയ മാറ്റമാണ് സംഭവിച്ചത്. വീട്ടില്‍ തയാറാക്കുന്ന ഭക്ഷണമായിരുന്നു ഒരുകാലത്ത് പ്രധാന ആശ്രയം. ഇന്ന് ഫാസ്റ്റ് ഫുഡ്, ബേക്കറി ഉല്‍പന്നങ്ങള്‍, പാക്കറ്റ് ഭക്ഷണം, മധുരപാനീയങ്ങള്‍, എണ്ണയില്‍ പൊരിച്ചത് തുടങ്ങിയവ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജീവിതത്തിന്റെ ഭാഗമായി.

ഉപ്പ്, പഞ്ചസാര, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്, സംസ്‌കരിച്ച കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉപയോഗം വര്‍ധിച്ചു. അസമയത്തുള്ള ഭക്ഷണം കഴിപ്പും ജീവിതത്തിന്റെ ഭാഗമായി മാറി. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തുമുള്ള നഗരങ്ങളില്‍ മാത്രമല്ല ടിയര്‍ 2, ടിയര്‍ 3 സിറ്റികളില്‍ പോലും നൈറ്റ് ഫുഡ് ഷോപ്പുകള്‍ ജീവിതത്തിന്റെ ഭാഗമായി.

ആഘോഷങ്ങളിലോ പ്രത്യേക ദിവസങ്ങളിലോ മാത്രം കഴിച്ചിരുന്ന ഭക്ഷണ വിഭവങ്ങള്‍ ഇന്ന് ആഴ്ചയില്‍ പലതവണ കഴിക്കുന്ന സ്ഥിതിയുണ്ട്. കുട്ടികളുടെ ഭക്ഷണശീലങ്ങളിലേക്കും ഈ മാറ്റം കടന്നെത്തി. അമിതവണ്ണം, പ്രീ-ഡയബറ്റിസ്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, ഫാറ്റി ലിവര്‍, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍ ചെറുപ്പക്കാരില്‍ വ്യാപിക്കാന്‍ ഈ ഭക്ഷണരീതിയാണ് കാരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഇരിപ്പും വില്ലനാണ്

മുമ്പ് ശാരീരികാധ്വാനം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായിരുന്നു. കൃഷി, തൊഴില്‍, നടത്തം, സൈക്കിള്‍ യാത്ര, വീട്ടുജോലികള്‍ എന്നിവയിലൂടെ ശരീരത്തിന് ആവശ്യമായ ചലനം ലഭിച്ചിരുന്നു.

ഇന്ന് നിരവധി ജോലികള്‍ കമ്പ്യൂട്ടറിനും മൊബൈല്‍ ഫോണിനും മുന്നിലാണ്. ഓഫീസിലേക്കും തിരിച്ചും വാഹനയാത്ര. വീട്ടിലെത്തിയാല്‍ ടെലിവിഷന്‍, മൊബൈല്‍, ലാപ്ടോപ്പ്. ഒരു ദിവസം മണിക്കൂറുകളോളം ഇരിക്കുന്ന ജീവിതരീതിയിലേക്ക് മലയാളി മാറി. ഇതിനൊപ്പം ഉറക്കക്കുറവ്, രാത്രി വൈകിയുള്ള ജോലി, ഷിഫ്റ്റ് സംവിധാനം, സാമ്പത്തിക ആശങ്ക, സോഷ്യല്‍ മീഡിയ ഉപയോഗം എന്നിവയും ആരോഗ്യത്തെ ബാധിക്കുന്നു.

മഴക്കാലം രോഗങ്ങളുടെ കാലം

മണ്‍സൂണ്‍ തുടങ്ങിയാല്‍ കേരളത്തിനത് പനിക്കാലം കൂടിയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ആശുപത്രിയിലെത്തുന്ന സമയം കൂടിയാണ് ജൂണ്‍, ജൂലൈ മാസങ്ങള്‍. വൈറല്‍ പനി മുതല്‍ ഡെങ്കിപ്പനി, എച്ച്‌1എന്‍1, എലിപ്പനി തുടങ്ങി ഒരുവിധം എല്ലാ അസുഖകളും ഇക്കാലയളവില്‍ മലയാളിയെ തേടിയെത്തുന്നു. കൊച്ചി പോലുള്ള നഗരങ്ങളില്‍ പലപ്പോഴും ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്ന രീതിയിലേക്ക് പനി അടക്കമുള്ള അസുഖങ്ങള്‍ മാറിയിരിക്കുന്നു.

കുറച്ചു വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് ഇതാണ് സ്ഥിതി. കേരളത്തില്‍ ആരോഗ്യരംഗത്ത് കോടികളുടെ നിക്ഷേപമാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നിരുന്നാല്‍ പോലും രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെടുന്നുവെന്ന് മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഡോ. ആര്‍. ഷാഹീര്‍ ഷാ (ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എറണാകുളം)മഴക്കാലത്ത് പനി അനുബന്ധ അസുഖങ്ങള്‍ കൂടുന്ന സമയമാണ്. പനി കേസുകളില്‍ ഇത്തവണയും നല്ലരീതിയില്‍ വര്‍ധനയുണ്ട്. എന്നാല്‍ പേടിക്കേണ്ടതായ സാഹചര്യം ഇല്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതാണ് മഴക്കാലത്തെ സ്ഥിതി. പരിസര ശുചിത്വവും മുന്‍കരുതലുമാണ് മികച്ച പ്രതിരോധ മാര്‍ഗം.

ഏതു രോഗത്തിനും മരുന്ന് ഗൂഗിള്‍!

ഉയര്‍ന്ന ആരോഗ്യബോധം കേരളത്തിന്റെ വലിയ നേട്ടമാണ്. രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാനും ചികിത്സ തേടാനും ഇത് സഹായിക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. ചെറിയ ലക്ഷണങ്ങള്‍ പോലും ഗുരുതര രോഗമായി കരുതുക, ഇന്റര്‍നെറ്റിലൂടെ സ്വയം രോഗനിര്‍ണയം നടത്തുക, ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് വാങ്ങുക, പഴയ കുറിപ്പടി ഉപയോഗിച്ച്‌ മരുന്ന് തുടരുക തുടങ്ങിയ പ്രവണതകള്‍ വര്‍ധിക്കുകയാണ്.

പണ്ട് വൈകുന്നേരം ആറുമണിക്ക് ശേഷം കച്ചവടം കാര്യമായില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ രാത്രിയിലും മരുന്ന് വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കൊച്ചിയില്‍ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്ന സോണി തോമസ് പറയുന്നു.

പണ്ടെപ്പോഴോ ഡോക്ടറെ കാണിച്ച ചീട്ടുമായി സ്ഥിരം മരുന്ന് വാങ്ങുന്നവരുടെ എണ്ണവും കൂടുന്നു. സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണം നടത്തിയാലേ അനാവശ്യമായി മരുന്ന് കഴിക്കുന്ന ശീലം മാറ്റിയെടുക്കാന്‍ സാധിക്കൂവെന്ന് സോണി കൂട്ടിച്ചേര്‍ക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online