Dailyhunt
അദാനി ഓഹരികളില്‍ 'റോക്കറ്റ്' കുതിപ്പ്; വിപണി മൂല്യം ഒരു ലക്ഷം കോടി ഉയര്‍ന്നു, പ്രധാന കാരണങ്ങള്‍ ഇവയാണ്

അദാനി ഓഹരികളില്‍ 'റോക്കറ്റ്' കുതിപ്പ്; വിപണി മൂല്യം ഒരു ലക്ഷം കോടി ഉയര്‍ന്നു, പ്രധാന കാരണങ്ങള്‍ ഇവയാണ്

ധനം 4 days ago

നിക്ഷേപകരെ ആവേശത്തിലാഴ്ത്തി അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇന്ന് വന്‍ മുന്നേറ്റം. ഗ്രൂപ്പിലെ മുന്‍ നിര ഓഹരികളായ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ് എന്നിവ 13 ശതമാനം വരെയാണ് ഉയര്‍ന്നത്.

ഈ കുതിപ്പോടെ അദാനി ഗ്രൂപ്പ് കമ്ബനികളുടെ ആകെ വിപണി മൂല്യത്തില്‍ ഏകദേശം 96,000 കോടി രൂപയുടെ വര്‍ധനയുണ്ടായി.

വിപണിയെ ഉണര്‍ത്തിയ 3 പ്രധാന കാരണങ്ങള്‍:

1. യുഎസ് കോടതിയിലെ നിയമപോരാട്ടം

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയല്‍ ചെയ്ത സിവില്‍ ഫ്രോഡ് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഗൗതം അദാനി യുഎസ് കോടതിയെ സമീപിച്ചതാണ് ഓഹരികള്‍ക്ക് കരുത്തായത്. ഈ വിഷയത്തില്‍ പ്രീ-മോഷന്‍ കോണ്‍ഫറന്‍സ് നടത്താനുള്ള അദാനിയുടെ ആവശ്യം കോടതി അംഗീകരിച്ചത് നിക്ഷേപകര്‍ക്കിടയില്‍ പോസിറ്റീവ് സൂചന നല്‍കി. 2024 നവംബറിലാണ് അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെ അഴിമതി ആരോപണത്തില്‍ എസ്‌ഇസി കേസ് എടുത്തത്.

2. മാക്വയറി റേറ്റിംഗ് ഉയര്‍ത്തി

ആഗോള ബ്രോക്കറേജ് സ്ഥാപനമായ മാക്വയറി അദാനി ഗ്രീന്‍ എനര്‍ജിയുടെ ടാര്‍ഗെറ്റ് പ്രൈസ് 1,320 രൂപയായി ഉയര്‍ത്തിയത് ഓഹരി വിലയില്‍ 13 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കി. 2026 സാമ്ബത്തിക വര്‍ഷത്തില്‍ കമ്ബനി കൈവരിച്ച മികച്ച നേട്ടങ്ങളും 2030-ഓടെ ഉല്‍പ്പാദന ശേഷി 40 ജിഗാവാട്ടിലേക്ക് ഉയര്‍ത്താനുള്ള ലക്ഷ്യവുമാണ് റേറ്റിംഗ് ഉയര്‍ത്താന്‍ കാരണമായത്.

3. ഇറാന്‍ വെടിനിര്‍ത്തല്‍

അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അദാനി പോര്‍ട്‌സിന് വലിയ ആശ്വാസമായി. ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമായ ഹൈഫ പോര്‍ട്ട് അദാനി ഗ്രൂപ്പിന്റേതാണ്. യുദ്ധഭീതി ഒഴിഞ്ഞതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം സുരക്ഷിതമായി തുടരുമെന്ന ഉറപ്പ് ഓഹരി വില 11 ശതമാനത്തോളം ഉയരാന്‍ സഹായിച്ചു.

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ സമ്മതിച്ചതും വിപണിയിലെ ഭീതി കുറയാൻ സഹായിച്ചു.

മറ്റു ഓഹരികളിലും നേട്ടം

അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, അംബുജ സിമന്റ്‌സ് തുടങ്ങിയ ഓഹരികളും 8 ശതമാനം വരെ നേട്ടമുണ്ടാക്കി. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ പൊതുവായ കുതിപ്പും അദാനി ഗ്രൂപ്പിന് ഗുണകരമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online