കേരളത്തിലെ പ്രധാന നഗരങ്ങളില്‍, പ്രത്യേകിച്ച് കൊച്ചിയില്‍, സ്വകാര്യ മോട്ടോർ സൈക്കിളുകള്‍ ടാക്സികളായി ഉപയോഗിക്കുന്നത് വർദ്ധിച്ചുവരികയാണ്.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് (MVD) ശക്തമായ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും ഇത്തരം അനധികൃത സർവീസുകള്‍ നടക്കുന്നതായാണ് വിവരം.
എന്തുകൊണ്ട് അനധികൃത ബൈക്ക് ടാക്‌സികള്‍?
പ്രധാനമായും 'റാപ്പിഡോ', 'യൂബർ' തുടങ്ങിയ റൈഡ്-ഹെയിലിംഗ് ആപ്പുകള്‍ വഴിയാണ് സ്വകാര്യ ബൈക്കുകള്‍ ടാക്സിയായി സർവീസ് നടത്തുന്നത്. വലിയ സാമ്പത്തിക നിക്ഷേപമില്ലാതെ തന്നെ അധിക വരുമാനം കണ്ടെത്താം എന്നതാണ് പലരെയും, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാർത്ഥികളെയും ഇതിലേക്ക് ആകർഷിക്കുന്നതെന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒ ബിജു ഐസക് ധനം ഓണ്‍ലൈനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ബസ് സ്റ്റാൻഡുകളില്‍ നിന്നും ജോലിസ്ഥലത്തേക്കും മറ്റും എളുപ്പത്തില്‍ എത്താനുള്ള 'ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി' (Last-mile connectivity) എന്ന നിലയില്‍ യാത്രക്കാരും ഇത്തരം സേവനങ്ങളെ ആശ്രയിക്കുന്നു. സ്വകാര്യ ബൈക്കുകളെ രജിസ്റ്റര്‍ ചെയ്യാന്‍ റൈഡ്-ഹെയിലിംഗ് ആപ്പുകള്‍ അനുവദിക്കുന്നതാണ് ഇത്തരം പ്രവണത വര്‍ധിക്കാനുളള കാരണം.
സുരക്ഷാ ഭീഷണിയും നിയമക്കുരുക്കും
സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വൈറ്റ് ബോർഡ് (വെള്ള പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങള്‍) ബൈക്കുകള്‍ ടാക്സിയായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും ബിജു ഐസക് പറഞ്ഞു.
ഒരു അപകടം സംഭവിക്കുകയാണെങ്കില്‍, സ്വകാര്യ ബൈക്കുകള്‍ക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ അതില്‍ പ്രതിഫലം നല്‍കി യാത്ര ചെയ്യുന്ന ആളിന് ലഭിക്കില്ല. കൂടാതെ, യാത്രക്കാരന് ഹെല്‍മറ്റ് നല്‍കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.എംവിഡിയുടെ കടുത്ത നടപടികള്‍
അനധികൃത ബൈക്ക് ടാക്സികളെ പിടികൂടാൻ ഉദ്യോഗസ്ഥർ യാത്രക്കാരെന്ന വ്യാജേന ആപ്പുകള്‍ വഴി ബൈക്കുകള്‍ ബുക്ക് ചെയ്താണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുളള 35 ലധികം ബൈക്കുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ലൈസൻസ് ഇല്ലാത്തവരും ലേണേഴ്സ് ലൈസൻസുമായി സർവീസ് നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
നിയമപരമായി എങ്ങനെ സർവീസ് നടത്താം?
ഒരാള്‍ക്ക് തന്റെ ബൈക്ക് ടാക്സിയായി ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ അത് രജിസ്റ്ററിംഗ് അതോറിറ്റിയെ സമീപിച്ച് നിയമപരമായ അനുമതി വാങ്ങാവുന്നതാണ്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ലളിതമാണ്:
വാഹനം ട്രാൻസ്പോർട്ട് കാറ്റഗറിയില്‍ രജിസ്റ്റർ ചെയ്യണം.
വാഹനത്തിന് മഞ്ഞ നമ്പർ പ്ലേറ്റ് (Yellow number plate) ഉണ്ടായിരിക്കണം.
എട്ട് വർഷം വരെ പഴക്കമുള്ള ബൈക്കുകള്‍ക്ക് രണ്ട് വർഷത്തെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കും.
ട്രാൻസ്പോർട്ട് വാഹനത്തിന് ആവശ്യമായ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ എടുക്കണം.
യാത്രക്കാർ ശ്രദ്ധിക്കാൻ
വാടകയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം മഞ്ഞ നമ്പർ പ്ലേറ്റ് നിർബന്ധമാണ്. യാത്രക്കാർ ബൈക്ക് ടാക്സി വിളിക്കുമ്പോള്‍ അത് മഞ്ഞ നമ്പർ പ്ലേറ്റ് ഉള്ള നിയമപരമായ വാഹനമാണോ എന്ന് ഉറപ്പുവരുത്തേണ്ടത് സ്വന്തം സുരക്ഷയുടെ ഭാഗമാണ്. ആവശ്യമെങ്കില്‍ പെർമിറ്റ് പരിശോധിക്കാനും യാത്രക്കാർക്ക് അവകാശമുണ്ട്. സർക്കാർ അംഗീകരിച്ച സുരക്ഷിതമായ സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കാൻ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

