ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ബിറ്റ്കോയിൻ വിലയില്‍ വലിയ ഇടിവ്. ബിറ്റ്കോയിന്റെ മൂല്യം ഇന്ന് (ഏപ്രില്‍ 8) 2.26 ശതമാനം ഇടിഞ്ഞ് 67,798.20 ഡോളറിലെത്തി.
ഈ സാഹചര്യത്തില്‍ പ്രശസ്ത സാമ്പത്തിക വിദഗ്ധനും ക്രിപ്റ്റോ വിമർശകനുമായ പീറ്റർ ഷിഫ് നിക്ഷേപകർക്ക് കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. ബിറ്റ്കോയിൻ വില 10,000 ഡോളറിലേക്ക് താഴുമെന്നാണ് പീറ്റർ ഷിഫ് പ്രവചിക്കുന്നത്.
ഉയർന്ന റിസ്കുള്ള ആസ്തി
2026 അവസാനത്തോടെ ഈ നിലവാരത്തിലെത്തിയാല്‍ പോലും പത്ത് വർഷത്തെ കണക്കെടുത്താല്‍ ബിറ്റ്കോയിൻ ഒരു മികച്ച നിക്ഷേപമായി തോന്നാം. എന്നാല്‍ ഉയർന്ന വിലയ്ക്ക് ബിറ്റ്കോയിൻ വാങ്ങിയ ഭൂരിഭാഗം നിക്ഷേപകർക്കും ഇത് 92 ശതമാനത്തോളം വലിയ നഷ്ടം ഉണ്ടാക്കുമെന്ന് ഷിഫ് ചൂണ്ടിക്കാണിക്കുന്നു.
പരമ്പരാഗത നിക്ഷേപങ്ങളെ അപേക്ഷിച്ച് ബിറ്റ്കോയിന്റെ വളർച്ച കുറവാണെന്നും അദ്ദേഹം വാദിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ബിറ്റ്കോയിൻ 12 ശതമാനം മാത്രം വളർന്നപ്പോള്‍, സ്വർണം (163%), വെള്ളി (181%), എസ് & പി 500 (59.4%) എന്നിവ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഭൗമരാഷ്ട്രീയ സംഘർഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷിതമായ നിക്ഷേപമായി (Safe haven) സ്വർണം മാറുമ്പോള്‍, ബിറ്റ്കോയിൻ ഇപ്പോഴും ഉയർന്ന റിസ്കുള്ള ഒരു ആസ്തിയായാണ് പെരുമാറുന്നത്.
ഇറാൻ സംഘർഷം തുടങ്ങിയത് മുതല്‍ ബിറ്റ്കോയിൻ 60,000 മുതല്‍ 75,000 ഡോളർ വരെയുള്ള പരിധിയിലാണ് വ്യാപാരം നടത്തുന്നത്. വളർച്ചാസാധ്യതയേക്കാള്‍ കൂടുതല്‍ തകർച്ചയ്ക്കുള്ള റിസ്കാണ് നിലവില്‍ ബിറ്റ്കോയിനുള്ളതെന്നാണ് ഷിഫിന്റെ പക്ഷം. നിക്ഷേപകർ ആവേശം കൊണ്ട് മാത്രം പണം മുടക്കാതെ വിപണിയിലെ അപകടസാധ്യതകള്‍ കൂടി കണക്കിലെടുക്കണമെന്ന് വ്യക്തമാക്കുന്നതാണ് പീറ്റർ ഷിഫിന്റെ അഭിപ്രായങ്ങള്‍.

