Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചരിത്രനേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; അറ്റാദായം 1,455 കോടി രൂപ, 45% ഡിവിഡന്റ് ശുപാര്‍ശ

ചരിത്രനേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; അറ്റാദായം 1,455 കോടി രൂപ, 45% ഡിവിഡന്റ് ശുപാര്‍ശ

ധനം 2 weeks ago

കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് (SIB) 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്ര നേട്ടം.

ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക അറ്റാദായമായ 1,455.14 കോടി രൂപയാണ് ഈ കാലയളവില്‍ സ്വന്തമാക്കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അറ്റാദായമായ 1,302.88 കോടി രൂപയെ അപേക്ഷിച്ച്‌ 11.69 ശതമാനം വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചിരിക്കുന്നത്. മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി ഉടമകള്‍ക്ക് 45 ശതമാനം ലാഭവിഹിതം (Dividend) നല്‍കാനും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

ബാങ്കിന്റെ ആകെ ബിസിനസ് ആദ്യമായി 2,23,620 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. പ്രവര്‍ത്തന ലാഭത്തിലും പലിശേതര വരുമാനത്തിലും ബാങ്ക് എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2,373 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. വായ്പാ ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ബാങ്ക് വലിയ വിജയം കൈവരിച്ചതായാണ് സാമ്പത്തിക ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 3.20 ശതമാനത്തില്‍ നിന്ന് 1.43 ശതമാനമായും, അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.92 ശതമാനത്തില്‍ നിന്ന് 0.29 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു.

നിക്ഷേപവും വായ്പയും

നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും റീറ്റെയ്ല്‍ മേഖലയിലാണ് ബാങ്ക് കൂടുതല്‍ കരുത്ത് കാട്ടിയത്. റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 14.67 ശതമാനം വര്‍ധിച്ച്‌ 1,20,116 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപം 35,371 കോടി രൂപയായും സേവിങ്സ് ബാങ്ക് നിക്ഷേപം 32,475 കോടി രൂപയായും ഉയര്‍ന്നു. മൊത്ത വായ്പകള്‍ 12,695 കോടി രൂപ വര്‍ധിച്ച്‌ 87,579 കോടി രൂപയില്‍ നിന്ന് 1,00,274 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 14.50 ശതമാനം വര്‍ധനയാണ് ബാങ്ക് നേടിയെടുത്തത്. സ്വര്‍ണ വായ്പകളിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്. 45.62 ശതമാനം വളര്‍ച്ചയോടെ സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 24,729 കോടി രൂപയായി. വാഹന വായ്പ 21.39 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,987 കോടി രൂപയില്‍ നിന്ന് 2,412 കോടി രൂപയായി. ബിസിനസ് വിഭാഗം 1,092 കോടി രൂപ വര്‍ധിച്ച്‌ 12,686 കോടി രൂപയില്‍ നിന്ന് 13,778 കോടി രൂപയായി. മോര്‍ട്ട്‌ഗേജ് വായ്പകളിലും വാഹന വായ്പകളിലും 40 ശതമാനത്തിലേറെ വളര്‍ച്ച ബാങ്ക് രേഖപ്പെടുത്തി.

ഗുണനിലവാരമുള്ള വായ്പാ വളര്‍ച്ചയിലൂടെ ലാഭം കണ്ടെത്തുക എന്ന തന്ത്രമാണ് ബാങ്കിനെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് എം.ഡിയും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി പറഞ്ഞു. കോര്‍പ്പറേറ്റ്, എം.എസ്.എം.ഇ വിഭാഗങ്ങളിലും മികച്ച ആസ്തികള്‍ സ്വന്തമാക്കാന്‍ ബാങ്കിനായി. ബാങ്കിന്റെ ഡിജിറ്റല്‍ വൈദഗ്ധ്യത്തിനുള്ള അംഗീകാരമായി ഈ വര്‍ഷത്തെ ഐ.ബി.എ ബാങ്കിങ്ങ് ടെക്‌നോളജി അവാര്‍ഡുകളില്‍ ആറ് പുരസ്‌കാരങ്ങള്‍ ബാങ്ക് സ്വന്തമാക്കുകയും ചെയ്തു. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വരും വര്‍ഷങ്ങളിലും സുസ്ഥിരമായ വളര്‍ച്ച തുടരാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഓഹരിയുടെ പ്രകടനം

ഇന്നലെ ഓഹരി വിപണികള്‍ വ്യാപാരം അവസാനിപ്പിച്ച ശേഷമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് നാലാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതിനു പിന്നാലെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. രണ്ട് ശതമാനത്തിനടുത്ത് ഇടിവോടെ 41.86 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 10.28 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 69 ശതമാനവും നേട്ട നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണിത്.

South Indian Bank reported a record net profit of Rs 1,455 crore in FY 2025-26 with strong retail loan growth and a 45% dividend recommendation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online