Dailyhunt
എണ്ണയില്‍ തെന്നി ഉച്ചയ്ക്ക് ശേഷവും കത്തിക്കയറി സ്വര്‍ണ വില, പവന് ഇന്ന് കൂടിയത് 2,160 രൂപ

എണ്ണയില്‍ തെന്നി ഉച്ചയ്ക്ക് ശേഷവും കത്തിക്കയറി സ്വര്‍ണ വില, പവന് ഇന്ന് കൂടിയത് 2,160 രൂപ

ധനം 1 week ago

ഡോളര്‍ സൂചികയിലെയും എണ്ണവിലയിലെയും ഇടിവിനെത്തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ സ്വര്‍ണ വില 3 ശതമാനം ഉയര്‍ന്നതോടെ കേരളത്തിലും വിലക്കയറ്റം.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വ്യാപാര സംഘടനകള്‍ വില പുതുക്കിയത്. ഇതോടെ ഗ്രാം വില 75 രൂപ ഉയര്‍ന്ന് 13,945 രൂപയും പവന്‍ വില 600 രൂപ ഉയര്‍ന്ന് 1,11,560 രൂപയുമായി. ഇന്ന് രണ്ട് തവണയായി പവന്‍ വിലയിലുണ്ടായതാകട്ടെ 2,160 രൂപയുടെ വര്‍ധന. ആനുപാതികമായ വര്‍ധന ചെറുകാരറ്റുകളുടെ വിലയിലുമുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ 11,460 രൂപയായി. 14 കാരറ്റിന് 50 രൂപ കൂടി 8,925 രൂപയും ഒമ്പത് കാരറ്റിന് 30 രൂപ ഉയര്‍ന്ന് 5,755 രൂപയുമായി.

ഇന്ന് വ്യാപാരം തുടങ്ങുമ്പോള്‍ ഔണ്‍സ് സ്വര്‍ണ വില 4,594 ഡോളറായിരുന്നു. പിന്നീട് ഇത് 4,700 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു.

അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറഞ്ഞതും എണ്ണവിലയിലുണ്ടായ സ്ഥിരതയും കാരണം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില തിരിച്ചു കയറിയതായാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. എങ്കിലും, ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന പലിശനിരക്ക് ദീര്‍ഘകാലം തുടരുമെന്ന പ്രതീക്ഷയും സ്വര്‍ണവില കുതിക്കുന്നതിന് തടസമാകുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിത്തുന്നു.

ഡോളര്‍ സൂചിക 0.34 ശതമാനം ഇടിഞ്ഞ് 97.97 എന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്. യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ലിംഗ്, കനേഡിയന്‍ ഡോളര്‍, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നീ ആറ് പ്രധാന കറന്‍സികള്‍ക്കെതിരെയുള്ള അമേരിക്കന്‍ ഡോളറിന്റെ കരുത്താണ് ഡോളര്‍ സൂചിക അളക്കുന്നത്. സാധാരണയായി, ഡോളര്‍ ദുര്‍ബലമാകുന്നത് സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വില വര്‍ധിക്കാന്‍ സഹായിക്കാറുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online