ഹോർമുസ് വിഷയത്തിനു പരിഹാരം ദൃശ്യമാകുന്നില്ല. ക്രൂഡ് ഓയില്‍ വില 90 ഡോളറിലേക്കു നീങ്ങുന്നു. പലില്‍ വർധനയെപ്പറ്റി വീണ്ടും ആശങ്ക വളരുന്നു.
വാരാന്ത്യത്തിലേക്കു വിപണി നീങ്ങുന്നത് പലതരം അനിശ്ചിതത്വങ്ങള്‍ കണ്ടുകൊണ്ടാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,210.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,359 വരെ കയറിയിട്ട് 24,260 ലേക്ക് ഇടിഞ്ഞു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യുഎസ് വിപണി മുന്നേറി
എൻവിഡിയയും ചില സോഫ്റ്റ്‌വേർ സേവന കമ്പനികളും മികച്ച റിസല്‍ട്ട് പുറത്തിറക്കിയത് ഐടി മേഖലയെ കുതിപ്പിലാക്കി. എൻവിഡിയ 8.7 ശതമാനം കയറി. ചിപ്പ് കമ്പനി സെയില്‍സ് ഫോഴ്സ് 22 -ഉം സൈബർ സെക്യൂരിറ്റി കമ്പനികളായ ഒക്‌റ്റ 28 ഉം ക്രൗഡ്‌സ്ട്രൈക്ക് 20.5 ഉം പാലോ ആള്‍ട്ടോ 13 ഉം ശതമാനം മുന്നേറി. എഐ കുതിപ്പ് ഇനിയും തുടരും എന്ന നിഗമനത്തിലേക്കു വിപണി മാറി. നാസ്ഡാക് കോംപസിറ്റ് 1.57 ശതമാനം കയറി.
ക്രൂഡ് ഓയില്‍ വില വീണ്ടും ഉയർന്നെങ്കിലും യുഎസ് വിപണി പരിഭ്രാന്തി കാണിച്ചില്ല ഇന്നുരാത്രി ജാക്സണ്‍ ഹോളില്‍ കേന്ദ്രബാങ്ക് മേധാവികളുടെ യോഗത്തില്‍ ഫെഡ് ചെയർമാൻ കെവിൻ വാർഷ് നടത്തുന്ന പ്രസംഗം വിപണിക്കു നിർണായകമാണ്. പലിശ സംബന്ധിച്ച ഫെഡറല്‍ റിസർവിൻ്റെ ലക്ഷ്യങ്ങള്‍ വാർഷ് വിശദീകരിക്കും എന്നാണു പ്രതീക്ഷ.
വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 105.56 പോയിൻ്റ് (0.20 ശതമാനം) ഉയർന്ന് 53,569.44 ല്‍ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 55.29 പോയിൻ്റ് (0.72%) മുന്നേറി 7730.99 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 411.16 പോയിൻ്റ് (1.57%) നേട്ടത്തോടെ 26,541.35 ല്‍ ക്ലോസ് ചെയ്തു.
ഫ്യൂച്ചേഴ്സ് പല വഴി
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോണ്‍സ് 43 പോയിൻ്റ് (0.08%) കയറി. എസ് ആൻഡ് പി നാലു പോയിൻ്റും (0.05%) നാസ്ഡാക് 38 പോയിൻ്റും (0.13%) താഴ്ന്നു നീങ്ങുന്നു.
എഡിആർ വിപണി
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വ്യാഴാഴ്ച എച്ച്‌ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 3.06 ശതമാനം ഇടിഞ്ഞിട്ടു തുടർവ്യാപാരത്തില്‍ 0.16% ഉയർന്ന് 22.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.96% താഴ്ന്ന ശേഷം തുടർവ്യാപാരത്തില്‍ മാറ്റമില്ലാതെ 29.86 ഡോളറില്‍ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.80% ഉയർന്ന ശേഷം തുടർവ്യാപാരത്തില്‍ 0.42% താഴ്ന്നു 11.85 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.64% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തില്‍ 0.44 ശതമാനം കയറി 1.808 ഡോളറില്‍ അവസാനിച്ചു.
യൂറോപ്പ് ഇടിവില്‍
പണലഭ്യത കുറയുമെന്ന ആശങ്കയില്‍ ബാങ്ക് ഓഹരികള്‍ താഴ്ന്നതു ഭൂരിപക്ഷം യൂറോപ്യൻ വിപണികളെ ഇന്നലെ നഷ്‌ടത്തിലാക്കി. ഫ്രഞ്ച് സൂചിക 1.68 ഉം യൂറോ സ്റ്റോക്സ് 0.73 ഉം എഫ്ടിഎസ്‌ഇ 0.79 ഉം ശതമാനം താഴ്ന്നു. ജർമൻ സൂചിക 0.31 ശതമാനം ഉയർന്നു.
ജർമൻ ബാങ്ക് കൊമേഴ്സ് ബാങ്ക് വാങ്ങാനുള്ള ഇറ്റാലിയൻ ബാങ്ക് യൂണിക്രെഡിറ്റിൻ്റെ ശ്രമം വിജയത്തിലേക്കു നീങ്ങുന്നു. ഇതിനകം കൊമേഴ്സ് ബാങ്കിൻ്റെ 48 ശതമാനം ഓഹരി യൂണിക്രെഡിറ്റിൻ്റെ കൈയിലായി. സെപ്റ്റംബർ 14 നു യൂണിക്രെഡിറ്റ് സിഇഒ ആൻഡ്രിയ ഓർചെല്‍ ജർമൻ ധനമന്ത്രി ലാർസ് ക്ളിംഗ്ബെയിലിനെ കാണുന്നതോടെ ഏറ്റെടുക്കല്‍ പ്രക്രിയയുടെ അടുത്തഘട്ടം തുടങ്ങും. നേരത്തേ ഏറ്റെടുക്കലിനെ എതിർത്തിരുന്ന ജർമൻ ഭരണകൂടം ഏറെ മയപ്പെട്ടു എന്നാണു സൂചന.
ഏഷ്യ കയറുന്നു
ഏഷ്യൻ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 0.70 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.40 ശതമാനം കയറി. ദക്ഷിണ കൊറിയയില്‍ കോസ്‌പി 0.88 ശതമാനം താഴ്ന്നു. ഹോങ് കോങ്, തായ്‌വാൻ, ഷാങ്ഹായ് സൂചികകള്‍ നേട്ടത്തിലാണ്.
കാസ് മൂലം അനിശ്ചിതത്വം
ക്ലോസിംഗ് ഓക്‌ഷൻ സെഷൻ (കാസ്) വരുത്തുന്ന അനിശ്ചിതത്വം മുഴുവൻ കാണിക്കുന്നതായി ഇന്നലെ ഇന്ത്യൻ വിപണി. അവസാന മിനിറ്റുകളില്‍ സെൻസെക്സില്‍ ആയിരത്തിലധികം പോയിൻ്റ് ഇടിവ് ഉണ്ടായി. വിപണിഗതിയുമായി ബന്ധമില്ലാത്ത ക്ലോസിംഗ് നിരക്കാണ് ഒടുവില്‍ കാണിച്ചത്. എങ്കിലും കാസ് ഒഴിവാക്കുക ഇല്ലെന്നു സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡേ പറഞ്ഞു. വ്യക്തിഗത നിക്ഷേപകരെയും ചെറിയ ബ്രോക്കറേജുകളെയും പുതിയ സംവിധാനം ബുദ്ധിമുട്ടിലാക്കുന്നു.
വിദേശനിക്ഷേപകർ ഇന്നലെ വില്പനക്കാരായി. അവർ ക്യാഷ് വിപണിയില്‍ 298.26 കോടി രൂപയുടെ അറ്റ വില്പന നടത്തി. സ്വദേശിഫണ്ടുകള്‍ 4977.17 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വ്യാഴാഴ്ച സെൻസെക്‌സ് 539.34 പോയിൻ്റ് (0.70%) താഴ്ന്ന് 76,933.59 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 116.90 പോയിൻ്റ് (0.48%) നഷ്‌ടത്തോടെ 24,090.85 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 273.80 പോയിൻ്റ് (0.47%) താഴ്ന്ന് 57,509.95 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 65.75 പോയിൻ്റ് (0.10%) താഴ്ന്ന് 64,035.45 ല്‍ അവസാനിച്ചു. സ്മോള്‍ ക്യാപ് 100 സൂചിക 26.65 പോയിൻ്റ് (0.13%) കുറഞ്ഞ് 20,040.65 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ നഷ്‌ടത്തിലായി. ബിഎസ്‌ഇയില്‍ 1779 ഓഹരികള്‍ കയറി, 2557 ഓഹരികള്‍ താഴ്ന്നു. എൻഎസ്‌ഇയില്‍ 1325 എണ്ണം ഉയർന്നപ്പോള്‍ 2149 എണ്ണം താഴ്ന്നു.
എച്ച്‌ഡിഎഫ്സി ബാങ്കിൻ്റെ സിഇഒയുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ റിസർവ് ബാങ്ക് നിലപാട് വ്യക്തമാക്കാത്തതു പല സന്ദേഹങ്ങളും ഉയർത്തുന്നുണ്ട്. ബാങ്ക് ഓഹരി ഇന്നലെ 1.75 ശതമാനം നഷ്‌ടത്തിലാണ് അവസാനിച്ചത്.
സീ ഉടമ സുഭാഷ് ചന്ദ്ര 6.5 കോടി രൂപ നല്‍കിയാല്‍ 22,000 കോടി രൂപയുടെ ബാധ്യത ഒഴിവാകും എന്ന കമ്പനിനിയമ ട്രൈബ്യൂണലിൻ്റെ വിധി എച്ച്‌ഡിഎഫ്സി ബാങ്കിനും എല്‍ഐസി ഹൗസിംഗ് ഫിനാൻസിനും വലിയ നഷ്‌ടമാകും. വിധിയെ ചോദ്യം ചെയ്യാനാണു ബാങ്ക് ശ്രമിക്കുന്നത്.
സ്വർണ ഇറക്കുമതിക്കു ചുങ്കം കുറയ്ക്കുമെന്നു റിപ്പോർട്ട്
ഇന്ത്യ സ്വർണ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കും എന്ന റിപ്പോർട്ടുകള്‍ ഇന്നലെ സ്വർണ, വെള്ളി ഇടിഎഫു (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) കളെ ഇടിവിലാക്കി. 15 ശതമാനം ഉള്ള ചുങ്കം ആറു ശതമാനമാക്കും എന്നാണു റിപ്പോർട്ടുകള്‍. മേയ് പകുതിയിലാണു ചുങ്കം ആറില്‍ നിന്നു 15 ശതമാനമായി വർധിപ്പിച്ചത്. സ്വർണം, വെള്ളി ഇറക്കുമതി കുറച്ച് രൂപയുടെ വില പിടിച്ചുനിർത്താനാണു ഗവണ്മെൻ്റ് ആഗ്രഹിച്ചത്. മുൻകാലത്തെ ഇത്തരം നടപടികള്‍ പോലെ ഇതും പരാജയപ്പെട്ടു. ഇറക്കുമതി കുറഞ്ഞില്ല. കള്ളക്കടത്തു കൂടി. രൂപ ശക്തിപ്പെട്ടുമില്ല.
സ്വർണത്തിന് എംസിഎക്സില്‍ ഇന്നലെ രാവിലെ 10 ഗ്രാമിനു 4200 രൂപ ഇടിഞ്ഞെങ്കിലും പിന്നീടു നാമമാത്ര നേട്ടത്തില്‍ അവസാനിച്ചു. കേരളത്തില്‍ ആഭരണ സ്വർണം പവനു 2280 രൂപ കുറഞ്ഞു.
സ്വർണപ്പണയ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. മണപ്പുറം ഫിനാൻസ് 4.84 ഉം മുത്തൂറ്റ് 4.14ഉം ശതമാനം താഴ്ന്നു. ഐഐഎഫ്‌എല്‍ 2.76 ശതമാനം താഴോട്ടു പോയി.
സ്വർണം താഴുന്നു
തൊഴില്‍ നഷ്ടങ്ങള്‍ കുറഞ്ഞതും വിലകള്‍ ഉയർന്നു നില്‍ക്കുന്നതും യുഎസ് ഫെഡറല്‍ റിസർവിനെ പലിശ ഉയർത്തലിലേക്കു നയിക്കും എന്ന ആശങ്ക വീണ്ടും സ്വർണത്തെ വേട്ടയാടുന്നു. സ്വർണത്തിനു 4600 ഡോളറിൻ്റെ ചുറ്റുവട്ടത്തു നിന്നു കയറാൻ പറ്റുന്നില്ല. ഇന്നലെ 7.70 ഡോളർ കൂടി ഔണ്‍സിന് 4602.60 ഡോളറില്‍ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4575 ഡോളറിലേക്കു താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വർണം പവന് ഇന്നലെ രണ്ടുഘട്ടമായി 2280 രൂപ കുറഞ്ഞ് 1,17,800 രൂപ ആയി.
വെള്ളിവില വ്യാഴാഴ്ച അല്‍പം ഉയർന്ന് ഔണ്‍സിന് 69.36 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്‍പം താഴ്ന്നു.
പ്ലാറ്റിനം 1838 ഡോളർ, പല്ലാഡിയം 1325 ഡോളർ, റോഡിയം 8400 ഡോളർ എന്നിങ്ങനെ നില്‍ക്കുന്നു.
റബർ താഴ്ചയില്‍
രാജ്യാന്തര റബർവില വീണ്ടും കുറഞ്ഞു. കേരളത്തില്‍ വില മാറ്റമില്ല. ബാങ്കോക്കില്‍ ആർഎസ്‌എസ് ഒന്ന് ക്വിൻ്റലിന് 284.40 ഡോളറിലും ആർഎസ്‌എസ് മൂന്ന് 280.90 ഡോളറിലും എത്തി. കേരളത്തില്‍ ഇന്നലെയും 27,400 രൂപ തുടർന്നു.
ലോഹങ്ങള്‍ താഴ്ന്നു
പ്രധാന വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ച അല്‍പം താഴ്ന്നു. ചെമ്പ് 0.25 ശതമാനം കുറഞ്ഞു 14,488.85 ഡോളറില്‍ എത്തി. അലൂമിനിയം 0.12 ശതമാനം നഷ്ടത്തോടെ 3235.03 ഡോളർ ആയി. നിക്കലും ടിന്നും താഴ്ന്നു. സിങ്കും ലെഡ്ഡും ഉയർന്നു.
കൊക്കോ കുതിച്ചു
കൊക്കോ വില 6.88 ശതമാനം കുതിച്ചു ടണ്ണിന് 6232 ഡോളറില്‍ ക്ലോസ് ചെയ്തു. ജൂലൈ ഒൻപതിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. 2026-27 സീസണില്‍ കൊക്കോ ലഭ്യത കുറയും എന്നതാണു വിലക്കയറ്റത്തിനു കാരണം. ഐവറി കോസ്റ്റും ഘാനയും സീസണ്‍ ഒരു മാസം നേരത്തേ സെപ്റ്റംബറില്‍ തുടങ്ങും എന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചരക്കുവരവ് കൂടും എന്നു സൂചനയില്ല.
അറബിക്ക കാപ്പിവില 3.88 ശതമാനം ഇടിഞ്ഞു പൗണ്ടിന് 3.10 ഡോളർ ആയി. എല്‍ നിനോ മൂലം ഉല്‍പാദനം കുറയും എന്ന ആശങ്കയുണ്ട്.
കഴിഞ്ഞ വാരാന്ത്യത്തില്‍ ടണ്ണിന് 5000 മലേഷ്യൻ റിംഗിറ്റിനു മുകളിലേക്ക് കയറിയ പാമോയില്‍ വില 4816 റിംഗിറ്റ് ആയി താഴ്ന്നു.
ഡോളർ കയറിയിറങ്ങി
യുഎസ് ഡോളർ സൂചിക വ്യാഴാഴ്ച ചാഞ്ചാട്ടത്തിനു ശേഷം നാമമത്രമായി താഴ്ന്നു 99.16 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.12 വരെ താഴ്ന്നു.
യൂറോ 1.1652 ഡോളറിലേക്കും പൗണ്ട് 1.3593 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.35 യെൻ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.72 എന്ന നിരക്കില്‍ തുടരുന്നു.
അമേരിക്കയില്‍ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) വ്യാഴാഴ്ച 4.672 ശതമാനത്തില്‍ എത്തി.
രൂപ ഇടിവില്‍
വ്യാഴാഴ്ച രൂപ നഷ്ടത്തില്‍ അവസാനിച്ചു. ഡോളർ 13 പൈസ കയറി 95.54 രൂപയില്‍ ക്ലോസ് ചെയ്തു.
വിദേശത്തെ ഫോർവേഡ് വിപണിയില്‍ ഡോളർ ഇന്നു രാവിലെ 95.54 രൂപയിലാണ്.
ചൈനീസ് യുവാൻ 14.19 രൂപയില്‍ തുടർന്നു. യൂറോ 111.25 രൂപയായി.
ക്രൂഡ് ഓയില്‍ കയറുന്നു
ക്രൂഡ് ഓയില്‍ ഇന്നലെ രണ്ടു ശതമാനം കയറി 90 ഡോളറിനു സമീപം എത്തി. ഇറാനുമായി ചർച്ച നടക്കുന്നില്ല എന്ന യുഎസ് പ്രസ്താവനയാണ് കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയില്‍ വ്യാഴാഴ്ച 89.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 89.63 ഡോളറില്‍ എത്തി. ഡബ്ള്യുടിഐ ഇനം 83.44 ഡോളറിലാണ്.
ക്രിപ്റ്റോകള്‍ കുതിച്ചു
ക്രിപ്റ്റോ കറൻസികള്‍ വീണ്ടും മുന്നേറ്റത്തിലായി. ബിറ്റ്കോയിൻ ഇന്നലെ മൂന്നര ശതമാനം കയറി 81,100 ഡോളറിനു മുകളില്‍ എത്തി. ഈഥർ ഇന്ന് 2525 ഡോളറിനും സൊലാന 109 ഡോളറിനും മുകളില്‍ ആയി.
വിപണിസൂചനകള്‍
(2026 ഓഗസ്റ്റ് 27, വ്യാഴം)
സെൻസെക്സ് 76,933.59 -0.70%
നിഫ്റ്റി50 24,090.85 -0. 48%
ബാങ്ക് നിഫ്റ്റി 57,509.95 -0.47%
മിഡ്ക്യാപ്100 64,035.45 -0.10%
സ്മോള്‍ക്യാപ്100 20,040.65 -0.13%
ഡൗജോണ്‍സ് 53,569.44 +0.20%
എസ്‌ആൻഡ്പി 7730.99 +0.72%
നാസ്ഡാക് 26,541.35 +1.51%
ഡോളർ ₹95.54 ₹0.13
സ്വർണം(ഔണ്‍സ്)$4602.60 +$07.70
സ്വർണം(പവൻ) ₹1,17,800 -₹2280
ക്രൂഡ്‌ഓയില്‍ബ്രെൻ്റ് $89.70 +1.86

