ഐടി സേവന കമ്പനികളുടെ ഓഹരി കുത്തനേ താഴ്ന്നത് ഇന്നു വിപണിയെ അപ്രതീക്ഷിത വീഴ്ചയിലേക്കു നയിച്ചു. പിന്നീടു വിപണി നേട്ടത്തിലേക്കു കയറിയെങ്കിലും ചാഞ്ചാട്ടം തുടർന്നു.
മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികള്‍ മുന്നേറ്റത്തിലാണ്.
ഐടി, ചിപ്പ് കമ്പനികളില്‍ നേട്ടം ആഗ്രഹിക്കുന്നവർ കൊറിയൻ, അമേരിക്കൻ വിപണികളിലേക്കു നീങ്ങും എന്ന വിലയിരുത്തല്‍ ഐടി സേവന കമ്പനികളില്‍ വലിയ വില്‍പന സമ്മർദം ചെലുത്തി. ഐടി സൂചിക ഒരവസരത്തില്‍ 1100 പോയിൻ്റ് ഇടിഞ്ഞു. പിന്നീടു നഷ്‌ടം കുറച്ചെങ്കിലും സൂചിക 2.75 ശതമാനം താഴ്ചയിലാണ്. ഇൻഫിയും ടിസിഎസും മുതല്‍ ഐടി സൂചികയിലെ എല്ലാ ഓഹരികളും നഷ്‌ടം കുറിച്ചു.
എഫ്‌എംസിജിയും ഓയിലും താഴ്ചയിലാണ്. ഓട്ടോയും ധനകാര്യ കമ്പനികളും മീഡിയയും മുന്നേറി.
മികച്ച റിസല്‍ട്ടിനെ തുടർന്ന് ബജാജ് ഫിനാൻസ് ഏഴു ശതമാനം കുതിച്ചു.
എച്ച്‌എഎലില്‍ നിന്ന് ഉത്തം റഡാർ പദ്ധതിയുടെ 2200 കോടി രൂപയുടെ ഓർഡർ ലഭിച്ച അസ്ത്ര മൈക്രോവേവ് ഓഹരി 13 ശതമാനം മുന്നേറി.
വില്പന കൂടിയിട്ടും അറ്റാദായം 83 ശതമാനം കൂപ്പുകുത്തിയ തെർമാക്‌സിൻ്റെ ഓഹരി രാവിലെ 16 ശതമാനം വരെ ഇടിഞ്ഞു.
അറ്റാദായം ഗണ്യമായി ഇടിഞ്ഞ ഡാറ്റാ പാറ്റേണ്‍സ് ഓഹരി എട്ടു ശതമാനം നഷ്ടത്തിലായി.
കഴിഞ്ഞ ദിവസം മികച്ച റിസല്‍ട്ട് പുറത്തുവിട്ട എംടാർ ടെക്കും ആരതി ഇൻഡസ്ട്രീസും ഏഴു ശതമാനം വരെ മുന്നേറി.
വില്‍പനയും ലാഭവും മോശമായെങ്കിലും വരുന്ന പാദങ്ങളില്‍ മികച്ച വളർച്ച പ്രതീക്ഷിക്കുന്ന ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ഏഴു ശതമാനം കയറി.
ഇന്നലെ 10 ശതമാനം ഇടിഞ്ഞ തങ്കമയില്‍ ജ്വല്ലറി ഇന്നും 10 ശതമാനം നഷ്ടത്തിലായി. മൂന്നു ദിവസം കൊണ്ട് ഓഹരി 25 ശതമാനം താഴ്ന്നു. മാർച്ച് പാദത്തെ അപേക്ഷിച്ച് ജൂണ്‍ പാദ റിസല്‍ട്ട് മോശമായതാണ് തുടർച്ചയായ ഇടിവിനു കാരണം.
രൂപ ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 29 പൈസ കുറഞ്ഞ് 95.39 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളർ 95.27 രൂപ വരെ താഴ്ന്ന ശേഷം 95.41 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയില്‍ ഔണ്‍സിന് 4075 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വർണം പവന് 200 രൂപ കൂടി 1,06,040 രൂപ ആയി.
ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബ്രെൻ്റ് ഇനം 87.80 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.17 ഡോളറിലും എത്തി.

