സോഡിയം-അയോണ്‍ ബാറ്ററി വിപ്ലവത്തില്‍ ചൈന മുന്നേറുമ്പോള്‍, ഇന്ത്യയില്‍ നയപരമായ അനിശ്ചിതത്വവും വ്യവസായ നിക്ഷേപങ്ങളുടെ മന്ദഗതിയും തുടരുന്നു.
ലിഥിയം-അയോണ്‍ കേന്ദ്രീകൃത പി.എല്‍.ഐ ആനുകൂല്യങ്ങള്‍ സാങ്കേതിക നിഷ്പക്ഷത ഇല്ലാതെ പോകുമ്പോള്‍, സോഡിയം-അയോണിന്റെ വാണിജ്യ ഉത്പാദനം പിന്നിലാകുന്നു. ചിരട്ടക്കരി, കാർഷിക അവശിഷ്ടങ്ങള്‍ മുതലായ ആഭ്യന്തര ഹാർഡ് കാർബണ്‍ സ്രോതസ്സുകള്‍ വികസിപ്പിച്ച്, എനർജി സ്റ്റോറേജ്, എൻട്രി ലെവല്‍ ഇ.വി. മേഖലകളില്‍ ഉറപ്പായ ഡിമാൻഡ് സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് ഈ രംഗത്ത് സ്വതന്ത്ര വിപണി കൈവരിക്കാനാകൂ.
സി.എ.ടി.എല്‍ (CATL) പോലുള്ള ചൈനീസ് ബാറ്ററി നിർമ്മാതാക്കള്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂർത്തിയാക്കി, 2026 അവസാനത്തോടെ വാണിജ്യ അടിസ്ഥാനത്തില്‍ സോഡിയം-അയോണ്‍ ബാറ്ററി (Sodium-ion Battery) വിപണിയില്‍ അവതരിപ്പിക്കാൻ പദ്ധതിയിടുമ്പോള്‍, ഇന്ത്യയുടെ പരിശ്രമങ്ങള്‍ ഇപ്പോഴും ലാബോറട്ടറികളില്‍ ഒതുങ്ങിനില്‍ക്കുകയാണ്. ഊർജ്ജ സാങ്കേതികവിദ്യയില്‍ ഒരു ബദല്‍ സംവിധാനം (Second-choice) എങ്ങനെ വിജയകരമായി നടപ്പിലാക്കാം എന്ന് പഠിക്കാൻ നമ്മള്‍ വിദേശ മാതൃകകള്‍ തേടിപോകേണ്ടതില്ല; നമ്മുടെ രാജ്യത്തെ റോഡുകളില്‍ ഇതിനകം പ്രാവർത്തികമാക്കിയിട്ടുള്ള 'ഇ-20' (E20) എഥനോള്‍ മിശ്രിത പെട്രോള്‍ പദ്ധതി നമുക്കു മുന്നിലുണ്ട്.
സാങ്കേതികപരമായി ഇവ രണ്ടും വ്യത്യസ്തമാണെങ്കിലും ഒരേ ലക്ഷ്യത്തോടെ തുടങ്ങിയ രണ്ട് നയപരമായ വഴികളില്‍ ഒന്നില്‍ മാത്രമാണ് നാം പ്രായോഗിക വിജയം കണ്ടിരിക്കുന്നത്. ലോകമെമ്പാടും വൈദ്യുത വാഹന (EV) വിപ്ലവം കൊടുമ്പിരിക്കൊള്ളുമ്പോള്‍, ബാറ്ററികളിലെ 'ചൈനീസ് ആധിപത്യം' ഒഴിവാക്കാൻ രാജ്യം ഉറ്റുനോക്കുന്ന സോഡിയം-അയോണ്‍ ബാറ്ററി വികസിപ്പിക്കുന്നതില്‍ എന്തുകൊണ്ട് പിന്നാക്കംപോയി? ലക്ഷ്യം നേടിയെടുക്കാൻ ഇനിയെന്ത് ചെയ്യാം? വിശദമായി നോക്കാം.
രണ്ട് നയങ്ങള്‍, വ്യത്യസ്ത ഫലങ്ങള്‍
വിപുലമായ കെമിക്കല്‍ സെല്ലുകള്‍ക്കായുള്ള ഇന്ത്യയുടെ പി.എല്‍.ഐ (PLI) പദ്ധതി സോഡിയം-അയോണ്‍, ലിഥിയം-അയോണ്‍ നിർമ്മാതാക്കള്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ പ്രായോഗികമായി, അംഗീകൃത ആനുകൂല്യത്തിന്റെ ഭൂരിഭാഗവും ലിഥിയം-അയോണ്‍ അധിഷ്ഠിത പദ്ധതികള്‍ക്കാണ് ലഭിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ ഗ്രൂപ്പ്, ജെ.എസ്.ഡബ്ല്യു, അമര രാജ, എക്സൈഡ്, ഓല ഇലക്‌ട്രിക് തുടങ്ങിയ എനർജി സെക്ടറില്‍ ബിസിനസ് സാന്നിധ്യമുള്ള മുൻനിര ഇന്ത്യൻ കമ്പനികളെല്ലാം ലിഥിയം-അയോണ്‍ ഉത്പാദനത്തിനാണ് മുൻഗണന നല്‍കുന്നത്. ബ്രിട്ടനിലെ ഫറാഡിയൻ കമ്പനിയെ (Faradion Limited) മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് ഏറ്റെടുത്തതുപോലുള്ള വലിയ നീക്കങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സോഡിയം-അയോണിന്റെ വാണിജ്യ ഉത്പാദനത്തിന് കൃത്യമായ സമയപരിധിയോ വ്യക്തമായ റോഡ്മാപ്പോ സർക്കാർ തലത്തില്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
എഥനോള്‍ പദ്ധതിയുടെ പ്രാരംഭഘട്ടവും സമാനമായിരുന്നു. എന്നാല്‍ 2030-ലേക്ക് ലക്ഷ്യമിട്ട ഇ-20 പദ്ധതിയുടെ ഗതിമാറ്റിയത് കേവലം സർക്കാരിന്റെ പ്രഖ്യാപനങ്ങള്‍ കൊണ്ടു മാത്രമായിരുന്നില്ല; മറിച്ച് പദ്ധതി നടപ്പാക്കാൻ കൃത്യമായ സമയപരിധി നിശ്ചയിക്കുകയും അതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതുകൊണ്ടാണ്. ഡിസ്റ്റിലറികള്‍ക്ക് ഉറപ്പായ വില, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വാഹന നിർമ്മാതാക്കളുമായി ചേർന്നുള്ള മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം ഇതിന് സഹായകമായി. ഒടുവില്‍ 2025 നവംബറിനും 2026 ജൂലൈയ്ക്കും ഇടയില്‍ ശരാശരി 20 ശതമാനം എഥനോള്‍ മിശ്രിതം പെട്രോളില്‍ ചേർക്കുന്ന ലക്ഷ്യം നേടിയെടുക്കുകയും 2026 ഏപ്രില്‍ മുതല്‍ രാജ്യവ്യാപകമായി ഇ-20 നിർബന്ധമാക്കുകയും ചെയ്തു.
സോഡിയം-അയോണ്‍ പദ്ധതിയില്‍ ഈ നയപരമായ കൃത്യതയാണ് കാണാതായിരിക്കുന്നത്. സബ്‌സിഡികള്‍ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം എഥനോള്‍ മിശ്രിത പദ്ധഥി വിജയിക്കില്ലായിരുന്നു; അതിന് നടപ്പാക്കുന്നതിനുള്ള കൃത്യമായ സമയപരിധിയും സാമ്പത്തിക പിന്തുണയും വിപണിയിലെ ആവശ്യകതയും അനിവാര്യമായിരുന്നു. സോഡിയം-അയോണിന് ആദ്യ ഘടകം മാത്രമാണുള്ളത്, മറ്റ് രണ്ടും നിലവില്‍ ലഭ്യമല്ലെന്നതാണ് വസ്തുത.
എന്തുകൊണ്ട് ബാറ്ററി പദ്ധതി പിന്നിലായി?
സോഡിയം-അയോണ്‍ ബാറ്ററി രംഗത്ത് ഇന്ത്യ എന്തുകൊണ്ട് പിന്നോട്ട് പോകുന്നു എന്ന് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.പി.പി.ആറിന്റെ (CPPR) സ്ഥാപകനും ചെയർമാനുമായ ഡോ. ഡി. ധനുരാജ് വ്യക്തമാക്കുന്നത് ഗൗരവകരമായ ചില വസ്തുതകളാണ്. സോഡിയം-അയോണ്‍ ബാറ്ററിയിലെ കെമിക്കല്‍ പ്രക്രിയയില്‍ ലിഥിയം-അയോണില്‍ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ആനോഡ് (standard anode) നേരിട്ട് അതേപോലെ ഉപയോഗിക്കാൻ സാധിക്കില്ല. ഗ്രാഫൈറ്റിന്റെ തന്നെ മറ്റൊരു രൂപമായ 'ഹാർഡ് കാർബണ്‍' (Hard carbon) ആണ് ഇതിനായി വേണ്ടിവരുന്നത്. ലിഥിയം പോലെ തന്നെ ഇതിന്റെയും പ്രധാന ഉറവിടം ചൈനയാണെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങള്‍ ഇവിടെ തന്നെയുണ്ടെന്നാണ് ഡി. ധനുരാജ് ചൂണ്ടിക്കാണിക്കുന്നത്.
ആഭ്യന്തര സ്രോതസ്സുകള്‍: ചിരട്ടക്കരിയില്‍ നിന്നും ഹാർഡ് കാർബണ്‍ ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് കേരളം, തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിലെ നാളികേര കർഷകർക്കും ഗുണകരമാകും. ആനോഡ് നിർമ്മാണം ആഭ്യന്തര സ്രോതസ്സുകളില്‍ നിന്നും വികസിപ്പിക്കാൻ സർക്കാർ പ്രോത്സാഹനം നല്‍കണം (കാർഷിക വിളകളുടെ അവശിഷ്ടങ്ങളില്‍ നിന്നും - വൈക്കോല്‍ പോലുള്ളവ - ഹാർഡ് കാർബണ്‍ ഉത്പാദിപ്പിക്കാമെന്ന് അവകാശവാദങ്ങളുണ്ട്).
പി.എല്‍.ഐ - നയപരമായ നിഷ്പക്ഷത: നിലവിലെ ബജറ്റ് ആനുകൂല്യങ്ങളും പി.എല്‍.ഐ ആനുകൂല്യങ്ങളും അടങ്ങുന്ന സംവിധാനം ലിഥിയം-അയോണ്‍ ബാറ്ററിയുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണുള്ളത്. പി.എല്‍.ഐ പദ്ധതി നയപരമായ നിഷ്പക്ഷത (Policy Neutral) പുലർത്തണം. ഏത് ജിഗാവാട്ട് ശേഷിയുള്ള ബാറ്ററികള്‍ നിലവിലുള്ള ഏത് സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ചാലും, ആഭ്യന്തരമായി സ്റ്റോറേജ് സംവിധാനങ്ങള്‍ ഒരുക്കുന്നവർക്കും ആനുകൂല്യം ഉറപ്പാക്കണം. അല്ലാത്തപക്ഷം വിപണിയില്‍ ഡിമാൻഡുള്ള ഉത്പന്നങ്ങളുടെ പിറകെ മാത്രം കമ്പനികള്‍ പോകുന്നത് തടയാനാകില്ല.
വിപണി സാധ്യതകളും സാങ്കേതിക മേന്മയും
പ്രീമിയം ഇലക്‌ട്രിക് വാഹനങ്ങളിലല്ല, മറിച്ച് എനർജി സ്റ്റോറേജ്, എൻട്രി ലെവല്‍ ഇ.വി.കള്‍ (രണ്ട്-മൂന്ന് ചക്ര വാഹനങ്ങള്‍) എന്നിവയിലായിരിക്കും സോഡിയം-അയോണ്‍ കൂടുതല്‍ ഉപയോഗപ്രദമാകുകയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ലിഥിയത്തേക്കാള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന സോഡിയം, ഉയർന്ന ഊർജ്ജ സാന്ദ്രത ആവശ്യമില്ലാത്ത മേഖലകള്‍ക്ക് ഏറ്റവും അനുയോജ്യമാണ്.
ഇതിനുപുറമെ, കുറഞ്ഞ താപനിലയിലും സോഡിയം-അയോണ്‍ ബാറ്ററികള്‍ കാര്യക്ഷമമായി പ്രവർത്തിക്കും. സോഡിയം-അയോണ്‍ ബാറ്ററികള്‍ സീറോ വോള്‍ട്ടിലേക്ക് പൂർണ്ണമായി ഡിസ്ചാർജ് (0V Discharge) ചെയ്ത് സൂക്ഷിക്കാൻ സാധിക്കുന്നതിനാല്‍, ട്രാൻസ്ഫർ ചെയ്യുമ്പോഴും കയറ്റി അയക്കുമ്പോഴും (Transportation) ഷോർട്ട് സർക്യൂട്ട് പോലുള്ള അപകട സാധ്യതകള്‍ പൂർണ്ണമായും ഒഴിവാക്കാനാകും. വൈവിധ്യമാർന്ന കാലാവസ്ഥാ വ്യതിയാനങ്ങളുള്ള ഇന്ത്യയ്ക്ക് ഇത്തരം സുരക്ഷിത സ്റ്റോറേജ് സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണ്.
2030 ആകുമ്പോഴേക്കും ആഗോള ഊർജ്ജ സംഭരണ വിപണിയുടെ 10 ശതമാനത്തോളം സോഡിയം-അയോണ്‍ കൈയടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗവേഷണങ്ങളില്‍ നിന്ന് വേഗത്തില്‍ വാണിജ്യ ഉത്പാദനത്തിലേക്ക് മാറാൻ സാധിച്ചാല്‍ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഇന്ത്യക്ക് ഈ രംഗത്ത് സ്വന്തമായൊരു വിപണി കണ്ടെത്താനും സാധിക്കും.
പെട്ടെന്ന് നടപ്പിലാക്കുക എന്നാല്‍ കേവലം ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുക മാത്രമല്ല, കൃത്യമായ സമയപരിധിയും ഉറപ്പായ വിപണിയും ഒരുക്കുക കൂടിയാണ്. ചൈന സോഡിയം-അയോണ്‍ ബാറ്ററിയില്‍ വാണിജ്യ ഉത്പാദനം ആരംഭിച്ച് മുന്നേറിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇന്ത്യയും ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നയപരമായ മാറ്റങ്ങള്‍ക്ക് തയ്യാറാകേണ്ടിയിരിക്കുന്നു.

