യു.എസ് ഉപരോധം നീങ്ങിയിട്ടും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില്‍ക്കാന്‍ കഴിയാതെ ഇറാന്‍ പ്രതിസന്ധിയില്‍. വാഷിംഗ്ടണ്‍ അനുവദിച്ച 60 ദിവസത്തെ കാലാവധി അവസാനിക്കാനിരിക്കെ, വാങ്ങലുകാരെ കിട്ടാതെ ഇറാന്റെ കോടിക്കണക്കിന് ബാരല്‍ എണ്ണയാണ് കടലില്‍ കപ്പലുകളിലായി കെട്ടിക്കിടക്കുന്നത്.
പ്രമുഖ മാധ്യമമായ ബ്ലൂംബെര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജൂലൈ ഒന്നിലെ കണക്കനുസരിച്ച് 5.8 കോടിയിലധികം ബാരല്‍ ഇറാനിയന്‍ ക്രൂഡ് ഓയിലും നിലവില്‍ കടലില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ 90 ശതമാനത്തിലധികം എണ്ണയും വാങ്ങാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. എണ്ണക്കപ്പലുകള്‍ ലക്ഷ്യബോധമില്ലാതെ യാത്ര ചെയ്യുകയാണ്.
ഇടക്കാല സമാധാന ചര്‍ച്ചകളുടെ ഭാഗമായി ജൂണ്‍ പകുതിയോടെയാണ് അമേരിക്ക ഇറാനിയന്‍ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയതും തുറമുഖങ്ങളുടെ ഉപരോധം അവസാനിപ്പിച്ചതും. ഓഗസ്റ്റ് പകുതി വരെയേ ഇറാനു വിപണി കണ്ടെത്താന്‍ സമയമുള്ളൂ. ഈ സമയത്തിനുള്ളില്‍ എണ്ണ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇറാന് വലിയ വരുമാന നഷ്ടമുണ്ടാക്കും. മാത്രമല്ല യു.എസുമായുള്ള തുടര്‍ ചര്‍ച്ചകളില്‍ ഇറാന്റെ മേധാവിത്വം നഷ്ടപ്പെടുകയും ചെയ്യും.
രക്ഷയ്ക്ക് ചൈനയും ഇല്ല
മുമ്പ് ഇറാന്റെ എണ്ണ കൂടുതലായി വാങ്ങിയിരുന്നത് ചൈനയാണ്. പകരം ചൈനീസ് ഉത്പന്നങ്ങള്‍ ഇറാന് നല്കുന്നതായിരുന്നു രീതി. ഇപ്പോഴും ചൈന എണ്ണ വാങ്ങല്‍ തുടരുന്നുണ്ടെങ്കിലും ഡിമാന്‍ഡ് കുറഞ്ഞു. വ്യവസായിക ഉപയോഗം കുറഞ്ഞതാണ് ചൈനീസ് വാങ്ങല്‍ ഇടിയാന്‍ കാരണം. ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ധനസഹായം നല്‍കുമോ എന്ന ആശങ്ക കാരണം ചൈനയിലെ പൊതുമേഖലാ റിഫൈനറികളും ക്രൂഡ് വാങ്ങലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എപ്പോള്‍ വേണമെങ്കിലും ഉപരോധം പുനഃസ്ഥാപിച്ചേക്കാം എന്ന ഭീതി വാങ്ങലുകാര്‍ക്കുണ്ട്. കൂടാതെ ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പാക്കുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു. യുകെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇറാനെതിരായ നിലപാട് മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ യൂറോപ്പില്‍ വിപണി കണ്ടെത്തുക എളുപ്പമല്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം പല അന്താരാഷ്ട്ര തുറമുഖങ്ങളും ഇറാന്റെ കപ്പലുകളെ അടുപ്പിക്കാന്‍ മടിക്കുന്നു.
യുദ്ധസമയത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങി സംഭരിച്ചതിനാല്‍ ഏഷ്യന്‍ വിപണികളില്‍ നിലവില്‍ എണ്ണയ്ക്ക് ക്ഷാമമില്ല. ഹോര്‍മുസ് കടലിടുക്ക് വഴി ഇറാനിയന്‍ ഇതര എണ്ണ വിതരണം സുഗമമായി നടക്കുന്നതും ഇറാന് തിരിച്ചടിയായി.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്ന് പുറത്തുപോയ യുഎഇ നിയന്ത്രണമില്ലാതെയാണ് എണ്ണ ഉത്പാദനം നടത്തുന്നത്. ഇത് വിപണിയില്‍ എണ്ണവിലയും ഡിമാന്‍ഡും കുറയാന്‍ കാരണമായി. ആവശ്യത്തിലധികം എണ്ണ വിപണിയിലെത്തിയതോടെ പല രാജ്യങ്ങളും ഡിസ്‌കൗണ്ടിലാണ് എണ്ണ വില്ക്കുന്നത്.
ഇന്ത്യയുടെ നിലപാട് എന്ത്?
ഇന്ത്യന്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞ ആഴ്ച ഇറാനിയന്‍ മന്ത്രിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷേ, ഇറാനില്‍ നിന്ന് വീണ്ടും എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ കൃത്യമായ ഉറപ്പൊന്നും നല്‍കിയിട്ടില്ല.
ഓഗസ്റ്റ് വരെയുള്ള എണ്ണ വിതരണം ഇന്ത്യ നേരത്തെ തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഉറപ്പാക്കിയിട്ടുണ്ട്. പണമിടപാടിന്റെ കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രമേ ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നാണ് വിവരം.
ഇറാന്‍ തങ്ങളുടെ എണ്ണയ്ക്ക് ആകര്‍ഷകമായ വിലക്കിഴിവ് പ്രഖ്യാപിക്കുകയാണെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഡിമാന്‍ഡ് പെട്ടെന്ന് ഉയര്‍ന്നേക്കാം. ലാഭം ലക്ഷ്യമിട്ട് പല റിഫൈനറികളും നിലവിലുള്ള കരാറുകള്‍ മാറ്റിനിര്‍ത്തി കുറഞ്ഞ വിലയിലുള്ള ഇറാനിയന്‍ ക്രൂഡ് വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
Iran struggles to sell 58 million barrels of crude despite U.S. sanctions relief, as weak demand, geopolitical risks, and payment uncertainties keep buyers away

