Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ച്ചയായി ഡിവിഡന്റ് വര്‍ധിപ്പിക്കുന്ന 4 ഓഹരികള്‍; നിങ്ങളുടെ കൈവശമുണ്ടോ?

കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ച്ചയായി ഡിവിഡന്റ് വര്‍ധിപ്പിക്കുന്ന 4 ഓഹരികള്‍; നിങ്ങളുടെ കൈവശമുണ്ടോ?

ധനം 5 days ago

ഡിവിഡന്റ് ഇൻവെസ്റ്റിംഗ് അഥവാ ലാഭവിഹിതം നോക്കിയുള്ള നിക്ഷേപം വിരസമായ ഒന്നാണെന്ന് കരുതുന്നവരുണ്ടാകാം. എന്നാല്‍ കഴിഞ്ഞ പത്തു വർഷത്തിലേറെയായി തുടർച്ചയായി ഡിവിഡന്റ് വർധിപ്പിക്കുന്ന കമ്പനികള്‍ വിപണിയില്‍ തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്.

ആരോഗ്യകരമായ ബാലൻസ് ഷീറ്റും ശക്തമായ പണമൊഴുക്കും മികച്ച മാനേജ്‌മെന്റും ഉണ്ടെങ്കില്‍ മാത്രമേ ഒരു കമ്പനിക്ക് പതിറ്റാണ്ടുകളോളം ഡിവിഡന്റ് കൂട്ടി നല്‍കാൻ സാധിക്കുകയുള്ളു എന്നതും ശ്രദ്ധേയം. വിപണിയിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ദീർഘകാല നിക്ഷേപകർക്ക് 'വരുമാന സുരക്ഷിതത്വം' നല്‍കുന്ന 4 മുൻനിര ഓഹരികളുടെ വിശദാംശം നോക്കാം.

ഇൻഫോസിസ്

ഇന്ത്യൻ ഐ.ടി മേഖലയില്‍ നിക്ഷേപകർക്ക് സ്ഥിരതയോടെ ലാഭവിഹിതം നല്‍കുന്ന മുൻനിര കമ്പനികളിലൊന്നാണ് ഇൻഫോസിസ് (BSE: 500209, NSE: INFY). കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കമ്പനി നല്‍കുന്ന ലാഭവിഹിതത്തില്‍ വർധന പ്രകടമാണ്. നിലവില്‍ ലാർജ്-ക്യാപ് വിഭാഗം ഐടി ഓഹരികളുടെ കൂട്ടത്തില്‍ നിന്നും ഏറ്റവും ഉയർന്ന ഡിവിഡന്റ് യീല്‍‍ഡ് (4.10%) രേഖപ്പെടുത്തുന്നതും ഇൻഫോസിസ് ആണ്.

അതേസമയം ആഗോളതലത്തില്‍ കമ്പനികളുടെ ഐ.ടി അധിഷ്ഠിത ചെലവിടലുകള്‍ കുറഞ്ഞത് വെല്ലുവിളിയായെങ്കിലും, 2025-26 സാമ്പത്തിക വർഷത്തില്‍ ഇൻഫോസിസിന്റെ വരുമാനത്തില്‍ 9.6% വളർച്ചയും പ്രവർത്തന ലാഭ മാർജിൻ 21% ആയി നിലനിർത്താനും സാധിച്ചിട്ടുണ്ട്. ശക്തമായ സാമ്പത്തിക അടിത്തറയുള്ളതിനാല്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിലും (AI) വിദഗ്ദ്ധ തൊഴില്‍ ശേഷിയിലും നിക്ഷേപങ്ങള്‍ തുടരുന്നതിനൊപ്പം തന്നെ ഉയർന്ന ഡിവിഡന്റ് വിതരണം ചെയ്യാനും ഇൻഫോസിസിന് സാധിച്ചേക്കും എന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

എംഫസിസ്

ഇടത്തരം ഐടി കമ്പനി എന്ന നിലയില്‍ നിന്നും എഐ അധിഷ്ഠിത പരിവർത്തന പങ്കാളി (Transformation Partner) എന്ന പദവിയിലേക്ക് എംഫസിസ് (BSE: 526299, NSE: MPHASIS) മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്കിംഗ്, ഫിനാൻഷ്യല്‍ സർവീസസ്, ഇൻഷുറൻസ് (BFSI Sector) തുടങ്ങിയ മേഖലയില്‍ നിന്നും ലഭിക്കുന്ന പുതിയ കരാറുകളും കമ്പനിയുടെ മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.

കമ്പനിയുടെ 12 മാസത്തെ ആകെ കരാർ മൂല്യം 68% വർദ്ധിച്ച്‌ 210 കോടി ഡോളറിലെത്തി (ഏകദേശം 20,000 കോടി രൂപ). ഇതില്‍ എ.ഐ അധിഷ്ഠിത കരാറുകള്‍ ഇരട്ടിയിലധികമായി വർദ്ധിച്ച്‌ 130 കോടി ഡോളറായപ്പോള്‍ (ഏകദേശം 12,500 കോടി രൂപ), എംഫസിസിന് ലഭിക്കാനിരിക്കുന്ന ആകെ ഓർഡറുകളുടെ (Pipeline) 69 ശതമാനവും എ.ഐ അധിഷ്ഠിത പ്രോജക്റ്റുകളിലാണ് എന്നതും ശ്രദ്ധേയം. അതേസമയം ലാഭവിഹിതം വിതരണം ചെയ്യുന്നതില്‍ സ്ഥിരത പുലർത്തുന്ന എംഫസിസ് ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 2.57% ആണ്.

ഇസ‍ഡ്.എഫ് കൊമേഷ്യല്‍ വെഹിക്കിള്‍

ട്രക്കുകള്‍, ബസുകള്‍ എന്നിവയ്ക്കായുള്ള ഇലക്‌ട്രോണിക് സുരക്ഷാ സംവിധാനങ്ങളുടെ നിർമ്മാണ മേഖലയിലാണ് ഇസ‍ഡ്.എഫ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റംസ് (BSE: 533023, NSE: ZFCVINDIA) പ്രവർത്തിക്കുന്നത്. ദീർഘകാലമായി ലാഭവിഹിതം വർധിപ്പിക്കുന്നതില്‍ സ്ഥിരത പുലർത്തുന്ന കമ്പനിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 0.13% ആണ്. രാജ്യത്ത് വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമാക്കുന്നത് വഴി ഓരോ വാഹനത്തിലും ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങളുടെ അളവ് വർധിക്കുന്നത് കമ്പനിക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.

അതുപോലെ ലോ-ഫ്ലോർ ബസുകള്‍ക്കായുള്ള ഇ.സി.എ.എസ്, ഇലക്‌ട്രിക് ബസുകള്‍ക്കായുള്ള ആധുനിക ബ്രേക്കിംഗ് സംവിധാനങ്ങള്‍ എന്നിവ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ തുടങ്ങിയത് കമ്പനിയുടെ മൂല്യം വർധിപ്പിക്കുന്നു. ഇലക്‌ട്രിക് ബസുകളില്‍ ഇ-കംപ്രസ്സറുകളുടെ ഉപയോഗം കൂടുതലാണെന്നതും സർക്കാർ ടെണ്ടറുകളും ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ വഴിയുള്ള കയറ്റുമതി സാധ്യതകളും കമ്പനിയുടെ വളർച്ചയ്ക്ക് കരുത്ത് പകരും.

കെ.ഇ.ഐ ഇൻഡസ്ട്രീസ്

ഇന്ത്യയിലെ ഊർജ്ജം, റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലുണ്ടായ നിക്ഷേപ വളർച്ചയുടെ പിൻബലത്തില്‍, വെറുമൊരു കേബിള്‍-വയർ നിർമ്മാതാക്കള്‍ എന്ന നിലയില്‍ നിന്നും പ്രമുഖ ബ്രാൻഡഡ് ഇലക്‌ട്രിക്കല്‍ ഉത്പന്ന കമ്പനിയായി കെ.ഇ.ഐ ഇൻഡസ്ട്രീസ് (BSE: 517569, NSE: KEI) മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കമ്പനി പ്രതിവർഷം നല്‍കുന്ന ലാഭവിഹിതത്തില്‍ വർധനയുണ്ടെങ്കിലും, നിലവിലെ ഡിവിഡന്റ് യീല്‍ഡ് 0.09% എന്ന കുറഞ്ഞ നിരക്കിലാണുള്ളത്.

ഉത്പാദന ശേഷിയിലെ പരിമിതികള്‍ നേരിട്ടെങ്കിലും, റീട്ടെയില്‍ വിപണിയിലെ മികച്ച പ്രകടനവും ഉയർന്ന കയറ്റുമതിയും പ്രവർത്തനക്ഷമതയിലെ പുരോഗതിയും തുണച്ചതോടെ 2025-26 സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 21% വളർച്ച രേഖപ്പെടുത്തി. ഇതോടൊപ്പം പ്രവർത്തന ലാഭ മാർജിൻ 10.5 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു. അതേസമയം ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനും അനുബന്ധ ഘടകങ്ങളുടെ ആഭ്യന്തര നിർമ്മാണത്തിനുമായി (Backward Integration) പ്രതിവർഷം 600 മുതല്‍ 700 കോടി രൂപ വരെയുള്ള മൂലധന നിക്ഷേപമാണ് (Capex) കെ.ഇ.ഐ ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച്‌ കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online