Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്ലോസിംഗ് ലേലം: വിപണി രണ്ടു തട്ടില്‍, നിഫ്റ്റി താഴ്ന്നു, സെൻസെക്സ് കയറി

ക്ലോസിംഗ് ലേലം: വിപണി രണ്ടു തട്ടില്‍, നിഫ്റ്റി താഴ്ന്നു, സെൻസെക്സ് കയറി

ധനം 2 weeks ago

ക്ലോസിംഗ് വില നിർണയത്തിനുള്ള പുതിയ രീതി വിപണിയെ രണ്ടു തട്ടിലാക്കി. എൻഎസ്‌ഇയില്‍ സൂചികകളും ഓഹരി വിലകളും താഴ്ന്നു.

ബിഎസ്‌ഇയില്‍ വില ഉയർന്നു.

ക്ലോസിംഗ് വില നിർണയിക്കാനുള്ള പുതിയ ഓക്‌ഷൻ സിസ്റ്റത്തിലെ അപാകത വ്യക്തമാക്കുന്ന വിധമാണ് ഇന്ന് എൻഎസ്‌ഇയില്‍ ഓഹരികള്‍ ഇടിഞ്ഞതും ബിഎസ്‌ഇയില്‍ ഉയർന്നതും. കുറേപ്പേർക്ക് അവിചാരിത ലാഭവും നഷ്‌ടവും ഉണ്ടായി. ഇന്ന് എൻഎസ്‌ഇയില്‍ മിക്ക സൂചികകളും താഴ്‌ന്നു. ബിഎസ്‌ഇയില്‍ ഉയർന്നു. ഇന്നലെ ക്ലോസിംഗില്‍ വന്ന അന്തരം ക്രമീകരിക്കുന്ന വ്യാപാരമാണു രാവിലെ പ്രധാനമായും നടന്നത്. ഇന്നലെ വൈകുന്നേരം ക്യാഷ് വിപണി ക്ലോസ് ചെയ്ത ശേഷം പ്രത്യേക ക്ലോസിംഗ് സെഷനില്‍ നിഫ്റ്റി ഇരുന്നൂറോളം പോയിൻ്റ് കയറി. സെൻസെക്സില്‍ ആ മാറ്റം ഉണ്ടായില്ല. ഇന്നലെ അങ്ങനെ കയറിയ ഓഹരികള്‍ മിക്കതും ഇന്നു താഴ്ന്നു.

ബാങ്ക്, ഐടി, റിയല്‍റ്റി, വാഹന, ധനകാര്യ, ഫാർമ, ഹെല്‍ത്ത്, ഓയില്‍ ഓഹരികള്‍ താഴ്ന്നു. മെറ്റല്‍ ഓഹരികള്‍ കയറി. മിഡ് ക്യാപ് സൂചിക താഴ്ന്നപ്പോള്‍ സ്മോള്‍ ക്യാപ് ഉയർന്നു.

ഇന്നലെ 371.70 രൂപയില്‍ ക്ലോസ് ചെയ്ത ഫെഡറല്‍ ബാങ്ക് രാവിലെ മൂന്നു ശതമാനം താഴ്ന്ന് 360 രൂപയില്‍ എത്തി.

എല്‍ഐസിയുടെ ആറര ശതമാനം ഓഹരി 10 ശതമാനം താഴ്ന്ന വിലയില്‍ വില്‍ക്കുന്നതിൻ്റെ പേരില്‍ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.

മികച്ച റിസല്‍ട്ട് ജിഇ ഷിപ്പിംഗ് ഓഹരിയെ രാവിലെ 12 ശതമാനം ഉയർത്തി. പിന്നീടു നേട്ടം കുറഞ്ഞു. 505 കോടിയില്‍ നിന്ന് 1300-ല്‍ പരം കോടിയിലേക്കാണ് ലാഭം വർധിച്ചത്.

ജൂണ്‍ പാദത്തില്‍ വരുമാനം 89 ശതമാനം വർധിപ്പിക്കുകയും നഷ്‌ടം 71 ശതമാനം കുറയ്ക്കുകയും ചെയ്ത ഇലക്‌ട്രിക് വാഹന കമ്പനി ഏഥർ എനർജി ഓഹരി 16 ശതമാനം കുതിച്ചു.

ചില ഉല്‍പന്നങ്ങളുടെ വില്‍പന അക്കു സുരക്ഷാ അഥോറിറ്റി തടഞ്ഞതിനെ തുടർന്നു ഡാബർ ഓഹരി മൂന്നു ശതമാനം താഴ്‌ന്നു.

വില്‍പനയും വിറ്റുവരവും വർധിപ്പിക്കുകയും നഷ്‌ടം കുറയ്ക്കുകയും ചെയ്ത റസ്റ്റോറൻ്റ് ബ്രാൻഡ്സ് ഏഷ്യയുടെ ഓഹരി 12 ശതമാനം നേട്ടം ഉണ്ടാക്കി.

നിർമിക്കാൻ പോകുന്ന ഒരു ഡാറ്റാ സെൻ്ററിൻ്റെ കൂളിംഗ് സിസ്റ്റവും മറ്റും സജ്ജീകരിച്ചു പരിപാലിക്കാൻ 500 കോടി രൂപയുടെ കരാർ പ്രാജ് ഇൻഡസ്ട്രീസ് നേടി. ഓഹരി മൂന്നു ശതമാനം കയറി.

മികച്ച ലാഭവളർച്ചയില്‍ കെഇഐ. ഇൻഡസ്ടീസ് ഓഹരി ഏഴു ശതമാനം കയറി.

രൂപ ഇന്നു ചെറിയ നേട്ടത്തോടെ തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 95.32 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളർ 95.37 രൂപ വരെ കയറിയ ശേഷം 95.26 രൂപയിലേക്കു താഴ്‌ന്നു.

സ്വർണം ലോകവിപണിയില്‍ ഔണ്‍സിന് 4056 ഡോളറിലേക്കു കയറി. കേരളത്തില്‍ 22 കാരറ്റ് സ്വർണം പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപ ആയി.

ക്രൂഡ് ഓയില്‍ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 85.03 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.18 ഡോളറിലും എത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online