Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പ് ഓഹരി വില്‍പന വിവാദം: ഫിഫ ടൂര്‍ണമെന്റുകള്‍ ബഹിഷ്‌കരിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍; എതിര്‍പ്പുമായി കോണ്‍കാകാഫും

ലോകകപ്പ് ഓഹരി വില്‍പന വിവാദം: ഫിഫ ടൂര്‍ണമെന്റുകള്‍ ബഹിഷ്‌കരിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍; എതിര്‍പ്പുമായി കോണ്‍കാകാഫും

ധനം 2 weeks ago

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ വാണിജ്യാവകാശങ്ങളുമായി ബന്ധപ്പെട്ട കമ്പനിയിലെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം.

പദ്ധതി പിന്‍വലിക്കുന്നതുവരെ ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫയുടെ എല്ലാ ടൂര്‍ണമെന്റുകളും ബഹിഷ്‌കരിക്കുമെന്ന് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (UEFA) പ്രഖ്യാപിച്ചു.

വ്യാഴാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് യുവേഫയിലെ 55 അംഗരാജ്യങ്ങളും ഏകകണ്ഠമായി ഈ നിലപാട് സ്വീകരിച്ചത്. ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, നിലവിലെ ലോക ചാമ്പ്യന്മാരായ സ്പെയിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഫുട്ബോള്‍ ശക്തികള്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമാകുമെന്ന് സംഘടന വ്യക്തമാക്കി.

ഓഹരി വില്‍പന എങ്ങനെ?

ഫിഫയുടെ വാണിജ്യ, ടൂര്‍ണമെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി FIFA Forward Enterprise (FFE) എന്ന പേരില്‍ പുതിയ സബ്‌സിഡിയറി കമ്പനി രൂപീകരിക്കാനാണ് ഇന്‍ഫന്റീനോയുടെ പദ്ധതി. ഈ കമ്പനിയിലെ 20 ശതമാനം ഓഹരികള്‍ 20 ബില്യണ്‍ ഡോളറിന് സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനാണ് നിര്‍ദേശം. ഇത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മരുമകന്‍ ജരേഡ് കുഷ്നര്‍ക്ക് ഫിഫയെ വില്ക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് വിമര്‍ശനം.

ട്രംപ് ഫാമിലിക്ക് ഫിഫയെ വില്ക്കുന്നത് വഴി ആഗോള ഫുട്‌ബോള്‍ സംഘടനയുടെ നിയന്ത്രണവും സ്വകാര്യവല്‍ക്കരിക്കപ്പെടുമെന്ന് അംഗരാജ്യങ്ങള്‍ ഭയക്കുന്നു. പുറത്തു നിന്നുള്ളവര്‍ സംഘടനയില്‍ കയറിപ്പറ്റിയാല്‍ ലോകകപ്പ് പോലുള്ള ഇവന്റുകളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഫിഫയുടെ നിയന്ത്രണത്തില്‍ നിന്ന് നഷ്ടമാകുമെന്നും വിമര്‍ശകര്‍ പറയുന്നു.

ഫിഫയുടെ 211 അംഗ അസോസിയേഷനുകള്‍ക്കും 2037ഓടെ 80 ദശലക്ഷം ഡോളറിലധികം വീതം അധിക വരുമാനം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇന്‍ഫന്റിനോയുടെ വാദം. എന്നാല്‍, മതിയായ ചര്‍ച്ചകളോ സുതാര്യമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് തീരുമാനം മുന്നോട്ടുവെച്ചതെന്ന് അംഗരാജ്യങ്ങള്‍ ആരോപിക്കുന്നു.

കോണ്‍കാകാഫും എതിര്‍പ്പുമായി

യുവേഫയ്ക്ക് പിന്നാലെ നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ മേഖലയുടെ ഫുട്ബോള്‍ ഭരണസമിതിയായ കോണ്‍കാകാഫും (Concacaf) പദ്ധതിയെ തള്ളി രംഗത്തെത്തി. 41 അംഗരാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവയും കോണ്‍കാകാഫ് അംഗങ്ങളാണ്. യുഎസ് സോക്കര്‍ ഫെഡറേഷനും ഇന്‍ഫന്റീനോയുടെ നീക്കത്തിന് എതിരാണ്.

ഏഷ്യയുടെയും മുന്നറിയിപ്പ്

ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും (AFC) ഫിഫയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 19നകം പദ്ധതി അംഗീകരിക്കാനാണ് ഫിഫ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്പിലെയും ഉത്തര അമേരിക്കയിലെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കുക ഇന്‍ഫന്റീനോയ്ക്ക് വലിയ വെല്ലുവിളിയായേക്കും. അടുത്ത ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിവാദം ഇന്‍ഫന്റീനോയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

European football bodies and Concacaf oppose FIFA's share sale plan, warning of a possible World Cup boycott

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online