കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനി മെറ്റാ (Meta) കമ്പനി യുഎസ് സംസ്ഥാനങ്ങളുമായി 16.7 ബില്യണ്‍ ഡോളറിന്റെ സുപ്രധാനമായ ഒത്തുതീർപ്പ് കരാറില്‍ ഒപ്പുവെച്ചു.
കുട്ടികളെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ അമിതമായി അടിമപ്പെടുത്തുന്ന രീതിയില്‍ മെറ്റാ ഫീച്ചറുകള്‍ രൂപകല്‍പ്പന ചെയ്‌തു എന്ന ആരോപണങ്ങള്‍ നേരിട്ട കേസിലാണ് ചരിത്രപരമായ നടപടി. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ കൗമാരക്കാർക്കായി കർശനമായ നിയന്ത്രണങ്ങളാണ് വരാൻ പോകുന്നത്.
പ്രധാന മാറ്റങ്ങള്‍
രാത്രികാല നിയന്ത്രണങ്ങള്‍: കരാർ ഒപ്പിട്ട് ആറ് മാസത്തിനുള്ളില്‍, കൗമാരക്കാരുടെ അക്കൗണ്ടുകള്‍ അർദ്ധരാത്രി മുതല്‍ രാവിലെ 6 മണി വരെ തനിയെ ബ്ലോക്ക് ചെയ്യപ്പെടും. ഈ സമയത്ത് പ്ലാറ്റ്‌ഫോമുകള്‍ പൂര്‍ണ തോതില്‍ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും പരിമിതമായ മെസേജിംഗും അക്കൗണ്ട് ക്രമീകരണങ്ങളും മാത്രമേ ലഭിക്കൂ. കൂടാതെ രാത്രി 10 മണി മുതല്‍ രാവിലെ 7 മണി വരെ പുഷ് നോട്ടിഫിക്കേഷനുകള്‍ ഓഫാക്കി വെക്കും.
സ്‌ക്രീൻ സമയ പരിധി: കൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂർ എന്ന ഡിഫോള്‍ട്ട് പരിധി നിശ്ചയിക്കും. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ക്ക് ഇത് മറികടക്കാൻ കഴിയില്ല.
സ്‌കൂള്‍ സമയത്തെ നിയന്ത്രണം: അദ്ധ്യയന വർഷത്തില്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കും (Silence).
അല്‍ഗോരിതം മാറ്റങ്ങള്‍
ഉപയോക്താക്കളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കുന്ന 'പേഴ്സണലൈസ്ഡ് ഫീഡ്' നാല് മാസത്തിനുള്ളില്‍ കൗമാരക്കാർക്ക് ഒഴിവാക്കും. കൂടാതെ മറ്റുള്ളവർക്ക് കാണാൻ സാധിക്കുന്ന ലൈക്ക് (Like) കൗണ്ടുകള്‍ ഡിഫോള്‍ട്ടായി മറച്ചുപിടിക്കും. കുട്ടികളില്‍ അനാവശ്യമായ സൗന്ദര്യ താരതമ്യങ്ങള്‍ ഉണ്ടാക്കാതിരിക്കാൻ ചില കോസ്മെറ്റിക് ഫില്‍ട്ടറുകള്‍ക്ക് നിരോധനമുണ്ടാകും.
പ്രായ പരിശോധന: സുരക്ഷിതമായ പ്രായ പരിശോധനാ സംവിധാനം ഒരു വർഷത്തിനുള്ളില്‍ മെറ്റാ നടപ്പിലാക്കും. 14 ദിവസത്തിനകം പ്രായം തെളിയിക്കാത്ത അക്കൗണ്ടുകള്‍ കൗമാരക്കാരുടേതായി കണക്കാക്കും. 13 വയസിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകള്‍ കണ്ടെത്താൻ കർശന നടപടികള്‍ സ്വീകരിക്കും.
കൗമാരക്കാരുടെ മാനസികാരോഗ്യവും ഡിജിറ്റല്‍ സുരക്ഷയും സംരക്ഷിക്കുന്നതില്‍ ഈ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ വലിയ മാറ്റം കൊണ്ടുവരുന്നമെന്നാണ് കമ്പനി കരുതുന്നത്.
യു.എസിലെ വിവിധ സംസ്ഥാനങ്ങളുമായി മെറ്റാ ഒപ്പുവെച്ച കൗമാര സുരക്ഷാ കരാറിന്റെ (Teen Safety Settlement) ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ കൗമാരക്കാരെയും ബാധിക്കുമെന്നാണ് കരുതുന്നത്. കമ്പനിയുടെ ആഗോള സുരക്ഷാ നയങ്ങളുടെ ഭാഗമായി ഇത്തരം സുരക്ഷാ ഫീച്ചറുകള്‍ ലോകമെമ്പാടും നടപ്പിലാക്കുന്നതാണ് മെറ്റയുടെ രീതി.

