Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഹകരണ മേഖലയില്‍ പുതിയ ലൈഫ് ഇൻഷുറൻസ് കമ്പനി; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

സഹകരണ മേഖലയില്‍ പുതിയ ലൈഫ് ഇൻഷുറൻസ് കമ്പനി; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ധനം 4 months ago

രാജ്യത്ത് പുതിയ സഹകരണ ലൈഫ് ഇൻഷുറൻസ് കമ്പനി രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതോടെ ധനകാര്യ സേവനങ്ങളില്‍ സഹകരണ മേഖലയ്ക്ക് പുതിയ വാതിലുകള്‍ തുറക്കുന്നു.

ക്ഷീരോത്പാദനം, പഞ്ചസാര, വളം, ബാങ്കിംഗ് മേഖലകളില്‍ സജീവമായ 8.5 ലക്ഷം സഹകരണ സംഘങ്ങളും 30 കോടിയിലധികം വരിക്കാരും ഇൻഷുറൻസ് വിപണിയില്‍ വലിയ സാധ്യത സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ധനകാര്യ സേവനങ്ങളില്‍ സഹകരണ മേഖലയുടെ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പുതിയൊരു സഹകരണ ലൈഫ് ഇൻഷുറൻസ് കമ്പനി (Cooperative Life Insurance Company) രൂപീകരിക്കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. പ്രാഥമിക ഘട്ടത്തിലുള്ള ഈ പദ്ധതിയുടെ ഔദ്യോഗികമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. നിലവില്‍ ക്ഷീരോത്പാദനം, പഞ്ചസാര, വളം, ബാങ്കിംഗ് എന്നീ മേഖലകളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന സഹകരണ സംഘങ്ങളെ ഇൻഷുറൻസ് രംഗത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലൊട്ടാകെ 30 കോടിയിലധികം വരിക്കാരുള്ള 8.5 ലക്ഷത്തോളം സഹകരണ സംഘങ്ങളുടെ വിപുലമായ ശൃംഖല ഇൻഷുറൻസ് ബിസിനസിനും വലിയ സാധ്യതയാണ് നല്‍കുന്നത്. സാങ്കേതികവിദ്യയും ഭരണപരിഷ്കാരങ്ങളും വഴി ഈ സഹകരണ സംഘങ്ങളെ ആധുനികവത്കരിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. ജനറല്‍ ഇൻഷുറൻസ് രംഗത്ത് സഹകരണ മേഖലയ്ക്കുള്ള വിജയകരമായ സാന്നിധ്യം വ്യക്തമാക്കാൻ 'ഇഫ്കോ ടോക്കിയോ' (IFFCO Tokio) എന്ന കമ്പനിയെ ഒരു മാതൃകയായും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

അതേസമയം സഹകരണ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കൃത്യമായ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഇതിന്റെ ഉടമസ്ഥാവകാശമോ ഓഹരി പങ്കാളിത്തമോ എങ്ങനെയായിരിക്കുമെന്ന കാര്യത്തിലും ഇനിയും വ്യക്തത വരേണ്ടതുണ്ട്. കൂടാതെ ഇൻഷുറൻസ് റെഗുലേറ്ററായ ഐ.ആർ.ഡി.എ.ഐയുടെ (IRDAI) അനുമതി ലഭിക്കുന്നതിനുള്ള ഔദ്യോഗിക ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യവും മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയില്‍ ഇപ്പോള്‍ 26 കമ്പനികളാണ് ലൈഫ് ഇൻഷുറൻസ് മേഖലയില്‍ പ്രവർത്തിക്കുന്നത്. പുതിയ സ്ഥാപനം യാഥാർത്ഥ്യമാകുന്നതോടെ ശക്തമായ നിയന്ത്രണങ്ങളുള്ള ഈ വലിയ വിപണിയിലേക്ക് സഹകരണ മേഖലയ്ക്കും നേരിട്ട് പ്രവേശനം സാധ്യമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online