ഇന്ത്യയിലെ ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ നിലവിലെ ശമ്പളത്തില്‍ അസംതൃപ്തര്‍. 29 ശതമാനം ഇന്ത്യൻ ജീവനക്കാർ മാത്രമാണ് തങ്ങളുടെ ശമ്പളത്തില്‍ സംതൃപ്തരായിട്ടുള്ളതെന്ന് അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (ACCA) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
81 ശതമാനം പേരും തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ അസംതൃപ്തരാണ്. എന്നാല്‍ അസംതൃപ്തരായ ജീവനക്കാരുടെ എണ്ണം ആഗോള ശരാശരിയേക്കാള്‍ കുറവാണ് എന്നത് ശ്രദ്ധേയമാണ്. ആഗോള തലത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം പോര എന്ന അഭിപ്രായമുളളത് 36 ശതമാനം പേര്‍ക്കാണ്.
വലിയ രണ്ടാമത്തെ പ്രശ്നം
അടുത്ത 12 മാസത്തിനുള്ളില്‍ തങ്ങളുടെ തൊഴിലുടമയോട് ശമ്പള വർദ്ധനവ് ആവശ്യപ്പെടാൻ 81 ശതമാനം ഇന്ത്യൻ ജീവനക്കാരും പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2025 ല്‍ ഇത് 67 ശതമാനമായിരുന്നു എന്നതില്‍ നിന്ന് തന്നെ ശമ്പള വർദ്ധനവിനായുള്ള ആവശ്യം ശക്തമായതായി കാണാം. ആഗോളതലത്തില്‍ 62 ശതമാനം പേർ മാത്രമാണ് ഇത്തരമൊരു നീക്കത്തിന് തയാറെടുക്കുന്നത്. കുതിച്ചുയരുന്ന ജീവിതച്ചെലവും സാമ്പത്തിക സമ്മർദ്ദങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ജീവനക്കാരെ നയിക്കുന്നത്. സാങ്കേതികവിദ്യ തൊഴില്‍ കവരുമോ എന്ന ആശങ്ക കഴിഞ്ഞാല്‍ ഇന്ത്യൻ ജീവനക്കാർക്കിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രശ്നം വർദ്ധിച്ചുവരുന്ന ജീവിതച്ചെലവാണ്.
90 ശതമാനം പേര്‍
ശമ്പള വർദ്ധനവിനായി ഏറ്റവും കൂടുതല്‍ വാദിക്കുന്നത് മിലനിയലുകളാണ് (Millennials, 1981 മുതല്‍ 1996 വരെയുള്ള കാലയളവില്‍ ജനിച്ചവര്‍). ഇവരിലെ 90 ശതമാനം പേരും ഉയർന്ന ശമ്പളത്തിനായി വിലപേശാൻ പദ്ധതിയിടുന്നു. ജെൻ സി (1997 നും 2012 നും ഇടയില്‍ ജനിച്ച തലമുറ, Gen Z) വിഭാഗത്തിലെ 77 ശതമാനം പേരും ജെൻ എക്സ് (1965 നും 1980 നും ഇടയില്‍ ജനിച്ച തലമുറ, Gen X) വിഭാഗത്തിലെ 75 ശതമാനം പേരും വർദ്ധനവ് ആഗ്രഹിക്കുന്നു. ഇന്ത്യയിലെ 68 ശതമാനം ജീവനക്കാരും 10 ശതമാനത്തിലധികം ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ആഗോളതലത്തില്‍ ഇത് വെറും 37 ശതമാനം മാത്രമാണ്. ഇരട്ട അക്ക വർദ്ധനവ് പ്രതീക്ഷിക്കുന്നവരില്‍ ഏറ്റവും മുന്നില്‍ ജെൻ എക്സ് (76%) ആണ്.
യുവ പ്രൊഫഷണലുകള്‍ ഉയർന്ന ശമ്പളത്തിന് മുൻഗണന നല്‍കുന്നുണ്ടെങ്കിലും, കരിയറിലെ മധ്യഘട്ടത്തിലുള്ളവർ അർത്ഥവത്തായ ജോലിക്കും കരിയർ സംതൃപ്തിക്കുമാണ് പ്രാധാന്യം നല്‍കുന്നത്. അതേസമയം വർദ്ധിച്ചുവരുന്ന ശമ്പള ആവശ്യങ്ങളും കമ്പനിയുടെ ലാഭക്ഷമതയും തമ്മില്‍ ബാലൻസ് ചെയ്യേണ്ട വലിയ വെല്ലുവിളിയാണ് തൊഴിലുടമകള്‍ ഇപ്പോള്‍ നേരിടുന്നത്.

