ഒരു വായ്പ ആവശ്യമായി വരുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കുന്നത് ബാങ്കുകളെക്കുറിച്ചാണ്. എന്നാല്‍ പരമ്പരാഗത ബാങ്കിംഗ് നിബന്ധനകള്‍ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല.
പ്രത്യേകിച്ച് സ്വയം തൊഴില്‍ ചെയ്യുന്നവർക്കും, ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവർക്കും, അടിയന്തിരമായി പണം ആവശ്യമുള്ളവർക്കും ബാങ്കുകളേക്കാള്‍ വേഗത്തില്‍ തുണയാകുന്നത് നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്പനികളാണ് (എൻ.ബി.എഫ്.സി). ധനകാര്യ സ്ഥാപനങ്ങളുടെ ഈ രണ്ട് വ്യത്യസ്ത പ്രവർത്തനശൈലികള്‍ തിരിച്ചറിഞ്ഞ് കൃത്യമായ വഴി തിരഞ്ഞെടുക്കാൻ സാധിച്ചാല്‍, നിങ്ങളുടെ ബിസിനസ്സിലും വ്യക്തിഗത ആവശ്യത്തിലും വലിയ രീതിയില്‍ സമയവും പണവും ലാഭിക്കാനാകും.
1. ഘടനാപരമായ വ്യത്യാസം
ബാങ്കുകളും എൻ.ബി.എഫ്.സികളും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ മൂലധന സമാഹരണത്തിലാണ്. ബാങ്കുകള്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ (Deposits) സ്വീകരിക്കുകയും ആ പണം വായ്പയായി നല്‍കുകയും ചെയ്യുന്നു. താരതമ്യേന കുറഞ്ഞ ചെലവിലുള്ള ഈ നിക്ഷേപങ്ങള്‍ കാരണം ബാങ്കുകള്‍ക്ക് താഴ്ന്ന പലിശ നിരക്കില്‍ വായ്പകള്‍ നല്‍കാൻ കഴിയുന്നു. എന്നാല്‍ എൻ.ബി.എഫ്.സികള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ഡിമാൻഡ് ഡിപ്പോസിറ്റുകള്‍ സ്വീകരിക്കാൻ അനുമതിയില്ല. അവർ മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഉയർന്ന ചെലവിലാണ് മൂലധനം കണ്ടെത്തുന്നത്. തത്ഫലമായി, എൻ.ബി.എഫ്.സികളുടെ വായ്പ പലിശ നിരക്കുകള്‍ ബാങ്കുകളേക്കാള്‍ അല്‍പ്പം കൂടുതലായിരിക്കും.
2. യോഗ്യതാ മാനദണ്ഡങ്ങളും വായ്പ അനുമതിയും
ബാങ്കുകളുടെ വായ്പ അനുമതി ചട്ടങ്ങള്‍ വളരെ കർശനമാണ്. കൃത്യമായ വരുമാന രേഖകള്‍, മികച്ച ക്രെഡിറ്റ് ഹിസ്റ്ററി, സുതാര്യമായ സാമ്പത്തിക രേഖകള്‍ എന്നിവ ബാങ്കുകള്‍ക്ക് നിർബന്ധമാണ്. ഫ്രീലാൻസർമാർ, ആദ്യമായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർ എന്നിവരെ ബാങ്കുകള്‍ പലപ്പോഴും നിരസിക്കാറുണ്ട്. എന്നാല്‍ എൻ.ബി.എഫ്.സികള്‍ വ്യത്യസ്തമായ റിസ്ക് മാതൃകകള്‍ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ബാങ്കുകള്‍ വായ്പ നല്‍കാത്ത വിഭാഗങ്ങള്‍ക്ക് എൻ.ബി.എഫ്.സികള്‍ മുൻഗണന നല്‍കുന്നു. പലിശ നിരക്ക് കൂടുതലാണെങ്കിലും, ബാങ്ക് വായ്പകള്‍ ലഭിക്കാത്തവർക്ക് ഇത് മികച്ചൊരു ബദലാണ്.
3. വായ്പ ലഭിക്കുന്നതിലെ വേഗത
വായ്പ അപേക്ഷകന്റെ സാമ്പത്തിക പശ്ചാത്തലം പരിശോധിക്കാൻ ബാങ്കുകള്‍ വിപുലമായ ആഭ്യന്തര വെരിഫിക്കേഷൻ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. വലിയ തുകകളുടെ വായ്പകള്‍ക്ക് ഇത് അനുയോജ്യമാണെങ്കിലും, നടപടിക്രമങ്ങള്‍ പൂർത്തിയാകാൻ സമയമെടുക്കും. എന്നാല്‍ ഇതിനു വിപരീതമായി, ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വേഗത്തിലുള്ള അനുമതി സംവിധാനങ്ങളാണ് എൻ.ബി.എഫ്.സികളുടെ പക്കലുള്ളത്. ഇവയിലൂടെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോലും വായ്പ തുക അപേക്ഷകന്റെ അക്കൗണ്ടിലെത്തും. അടിയന്തിരമായി പണം ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഈ വേഗത വളരെ നിർണായകമാണ്.
മറഞ്ഞിരിക്കുന്ന മറ്റ് ചെലവുകള്‍
പലിശ നിരക്കുകള്‍ക്ക് പുറമെ വായ്പയുമായി ബന്ധപ്പെട്ടു വരുന്ന മറ്റ് ചെലവുകളും ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോസസ്സിംഗ് ഫീസ്, ഫോർക്ലോഷർ പെനാല്‍റ്റികള്‍ (കാലാവധിക്ക് മുൻപ് വായ്പ അടച്ചുതീർക്കുമ്പോഴുള്ള പിഴത്തുക), പ്രീപേയ്മെന്റ് ചാർജുകള്‍ എന്നിവ വായ്പയുടെ ആകെ ചെലവിനെ ബാധിക്കുന്ന ഘടകങ്ങളാണ്. പരസ്യങ്ങളില്‍ കാണുന്ന കുറഞ്ഞ പലിശ നിരക്ക് മാത്രം കണക്കിലെടുക്കാതെ, അനുബന്ധ ഫീസുകളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയ ശേഷം വേണം വായ്പ കരാറുകളില്‍ ഒപ്പുവെക്കാൻ.
അതുപോലെ ബാങ്കുകള്‍ വായ്പയ്ക്ക് പുറമെ സേവിംഗ്സ് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാർഡുകള്‍, ഇൻവെസ്റ്റ്മെന്റ് പ്രോഡക്‌ട്സ് എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ, റിസർവ് ബാങ്കിന്റെ (ആർബിഐ) കർശനമായ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് കീഴില്‍ പ്രവർത്തിക്കുന്നതിനാല്‍ ഉപഭോക്തൃ സംരക്ഷണം ബാങ്കുകളില്‍ കൂടുതലായിരിക്കും. അതിനാല്‍, സ്വന്തം ക്രെഡിറ്റ് പ്രൊഫൈല്‍, പണത്തിനുള്ള അടിയന്തരാവശ്യം, വായ്പയുടെ കാലാവധി എന്നിവ കൂടി വിലയിരുത്തി വേണം ബാങ്കുകളാണോ എൻ.ബി.എഫ്.സികളാണോ അനുയോജ്യമെന്ന് ഉപഭോക്താക്കള്‍ തീരുമാനിക്കേണ്ടതെന്ന് സാരം.

