ഒരു വ്യക്തിയുടെ പക്കല്‍ ഉയർന്ന മൂല്യമുള്ള സ്വത്തുണ്ടെങ്കിലും പെട്ടെന്ന് വലിയ തുകയ്ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സ്വത്തിന്മേലുള്ള വായ്പകള്‍ (Loan Against Property) സഹായകരമാകുന്നത്.
സ്വന്തം വീടോ മറ്റ് ഭൂ സ്വത്തുക്കളോ ബാങ്കില്‍ ഈടുനല്‍കി വായ്പയെടുക്കുന്ന ഈ രീതി എപ്പോള്‍ ഉപയോഗിക്കണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്.
എപ്പോഴാണ് ഈ വായ്പകള്‍ അർത്ഥവത്താകുന്നത്?
ബിസിനസ് വിപുലീകരണം, വിദേശ വിദ്യാഭ്യാസം, അല്ലെങ്കില്‍ അടിയന്തിരമായ വലിയ ചികില്‍സാ ചെലവുകള്‍ എന്നിവ നേരിടാൻ ഈ വായ്പകള്‍ പരിഗണിക്കുന്നത് പ്രായോഗികമാണ്. മറ്റ് അണ്‍സെക്യൂർഡ് (unsecured) പേഴ്സണല്‍ ലോണുകളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണെന്നതും ഉയർന്ന തുക ലഭിക്കുമെന്നതും ഇതിന്റെ ആകർഷണീയതയാണ്. എന്നാല്‍ അവധിക്കാല യാത്രകള്‍ക്കോ, ലക്ഷ്വറി സാധനങ്ങള്‍ വാങ്ങാനോ, ദൈനംദിന ആവശ്യങ്ങള്‍ക്കോ വേണ്ടി ഇത്തരം വായ്പകള്‍ ഒരിക്കലും എടുക്കരുത്.
പരിഗണിക്കേണ്ട കാര്യങ്ങളും അപകടസാധ്യതകളും
ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ വസ്തുവിന്റെ മൂല്യം മാത്രമല്ല, അപേക്ഷകന്റെ വരുമാനം, പ്രായം, ക്രെഡിറ്റ് ഹിസ്റ്ററി, വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി എന്നിവയും വിലയിരുത്തും. ഉടമസ്ഥാവകാശ തർക്കങ്ങളുള്ളതോ നിയമപരമായ അനുമതിയില്ലാത്തതോ ആയ വസ്തുക്കള്‍ ഈടായി സ്വീകരിക്കില്ല.
ഇത്തരം വായ്പകളുടെ ഏറ്റവും വലിയ അപകടസാധ്യത തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കിന് നിങ്ങളുടെ വസ്തു കണ്ടുകെട്ടാൻ അധികാരമുണ്ട് എന്നതാണ്. കുടുംബം താമസിക്കുന്ന വീടാണെങ്കില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കും. കൂടാതെ, പലിശ ആനുകൂല്യങ്ങള്‍ മാത്രം മുൻനിർത്തി ഇത്തരം വായ്പകള്‍ എടുക്കരുത്.
കൂടുതല്‍ ചെലവേറിയ പേഴ്സണല്‍ ലോണുകളേക്കാള്‍ ഇത് മികച്ചതാണെങ്കിലും, നിക്ഷേപങ്ങളുണ്ടെങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് മേല്‍ വായ്പയെടുക്കുന്നതാണ് കൂടുതല്‍ സുരക്ഷിതവും ലളിതവും. കൃത്യമായ തിരിച്ചടവ് പ്ലാൻ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കടബാധ്യതകളിലേക്ക് കടക്കാവൂ.

