ഇറാനും അമേരിക്കയും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയാകുകയും ഹോർമുസ് കടലിടുക്ക് താല്‍ക്കാലികമായി തുറക്കുകയും ചെയ്തെങ്കിലും, ആഗോള വിമാന ഇന്ധന പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടില്ലെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന (IATA) മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ധന വിതരണം സാധാരണ നിലയിലാകാൻ ആഴ്ചകളല്ല, മറിച്ച് മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് അയാട്ട ഡയറക്ടർ ജനറല്‍ വില്ലി വാല്‍ഷ് വ്യക്തമാക്കുന്നത്.
പ്രധാന കാരണങ്ങള്‍
മിഡില്‍ ഈസ്റ്റിലെ ഇന്ധന ശുദ്ധീകരണ ശാലകള്‍ക്കുണ്ടായ (Refining capacity) വ്യാപകമായ നാശനഷ്ടങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ക്രൂഡ് ഓയില്‍ നീക്കം പുനരാരംഭിച്ചാലും, അത് വിമാന ഇന്ധനമാക്കി മാറ്റുന്നതിനുള്ള തടസങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കുറവ് തുടരും. ഇന്ത്യയിലെയും നൈജീരിയയിലെയും ശുദ്ധീകരണ ശാലകള്‍ക്ക് ഈ കുറവ് നികത്താൻ സഹായിക്കാനാകുമെങ്കിലും അതിന് സമയം എടുക്കുമെന്ന് വില്ലി വാല്‍ഷ് പറഞ്ഞു.
യാത്രക്കാരെ എങ്ങനെ ബാധിക്കും?
സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധന വില ഇരട്ടിയിലധികമായി വർദ്ധിച്ചിരുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 27 ശതമാനവും ഇന്ധനത്തിനായാണ് ചെലവാക്കുന്നത്. അതിനാല്‍ ഈ അധികച്ചെലവ് ടിക്കറ്റ് നിരക്ക് വർദ്ധനയിലൂടെ യാത്രക്കാരിലേക്ക് കൈമാറാൻ കമ്പനികള്‍ നിർബന്ധിതരാകും. ഈ പ്രതിസന്ധി കോവിഡ് കാലത്തെയത്ര രൂക്ഷമല്ലെങ്കിലും, 9/11 ആക്രമണത്തിന് ശേഷമുണ്ടായതിന് സമാനമായ തിരിച്ചുവരവ് കാലതാമസം (ഏകദേശം 4 മാസത്തിലധികം) വ്യോമയാന മേഖല നേരിടേണ്ടി വരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

