പശ്ചിമേഷ്യയില്‍ ഇന്നലെ ഉണ്ടായ വെടിനിർത്തല്‍ ധാരണ പരീക്ഷിക്കപ്പെടുന്നു. ഇതു ക്രൂഡ് ഓയില്‍ വില ഉയർത്തുകയും ഏഷ്യൻ ഓഹരി വിപണികളെ താഴ്ത്തുകയും ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സും താഴ്ന്നു.
വെടിനിർത്തല്‍ വ്യവസ്ഥകളെപ്പറ്റി ഇറാനും യുഎസും തമ്മില്‍ തർക്കമായി. ശനിയാഴ്ച പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന യുഎസ്- ഇറാൻ ചർച്ചയുടെ കാര്യം സംശയത്തിലായി. ആശങ്കയെ തുടർന്ന് ക്രൂഡ് ഓയില്‍ വില മൂന്നര ശതമാനം ഉയർന്നു. ലബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതും ഹോർമുസില്‍ ഇറാൻ ടോള്‍ പിരിക്കുന്നതും മറ്റുമാണു തർക്കവിഷയങ്ങള്‍. ഇറാൻ കടുംപിടുത്തം തുടർന്നാല്‍ ആക്രമിക്കും എന്നു യുഎസ് വൈസ് പ്രസിഡൻ്റ് ജെ. ഡി. വാൻസ് മുന്നറിയിപ്പ് നല്‍കി.
ഇന്നലെ റിസർവ് ബാങ്ക് പലിശ നിരക്കില്‍ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു. വായ്പാസമീപനത്തിലും മാറ്റമില്ല. ഈ ധനകാര്യ വർഷം ചില്ലറവിലക്കയറ്റം 4.6 ശതമാനത്തിലേക്കു കയറുമെങ്കിലും പലിശനിരക്ക് കൂടുന്നതിനെപ്പറ്റി സൂചനയില്ല. 2026-27ലെ വളർച്ചനിരക്ക് 6.9 ശതമാനമാകും എന്നാണു റിസർവ് ബാങ്ക് നിഗമനം.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,995.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,891 വരെ താഴ്ന്നിട്ടു തിരിച്ചുകയറി. നിഫ്റ്റി ഇന്ന് ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യുഎസ് വിപണി കുതിച്ചു
യുദ്ധവിരാമത്തില്‍ യുഎസ് വിപണികള്‍ കുതിച്ചു കയറി. ഡൗ മൂന്നു ശതമാനം ഉയർന്നു 48,000 പോയിൻ്റിനു മുകളില്‍ എത്തിയ ശേഷം നേട്ടം അല്‍പം കുറച്ച് ക്ലോസ് ചെയ്തു. 2025 ഏപ്രിലില്‍ ട്രംപ് തീരുവയുദ്ധത്തില്‍ നിലപാട് മയപ്പെടുത്തിയപ്പോള്‍ വിപണി ഉയർന്നതിനു ശേഷമുള്ള ഏറ്റവും വലിയ കയറ്റമായിരുന്നു ഇന്നലത്തേത്.
ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 1325.46 പോയിൻ്റ് (2.85%) കുതിച്ച് 47,909.92 ല്‍ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 165.96 പോയിൻ്റ് (2.51%) ഉയർന്ന് 6782.81 ല്‍ അവസാനിച്ചു. നാസ്ഡാക് 617.15 പോയിൻ്റ് (2.80%) നേട്ടത്തോടെ 22,634.99 ല്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് അല്‍പം താഴ്ന്നു. ഡൗ ജോണ്‍സ് 71 പോയിൻ്റും (0.15%) എസ് ആൻഡ് പി 17 പോയിൻ്റും (0.24%) നാസ്ഡാക് 75 പോയിൻ്റും (0.30%) താഴ്ചയില്‍ നീങ്ങുന്നു.
ഇന്ത്യൻ എഡിആറുകള്‍
എച്ച്‌ഡിഎഫ്സി ബാങ്ക് എഡിആർ ബുധനാഴ്ച 6.27 ശതമാനം കുതിച്ചു കയറിയിട്ടു തുടർ വ്യാപാരത്തില്‍ 1.29 ശതമാനം താഴ്‌ന്ന് 26.76 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 5.85 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തില്‍ 0.04 ശതമാനം താഴ്ന്ന് 27.50 ഡോളർ ആയി. ഇൻഫോസിസ് എഡിആർ 0.29 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തില്‍ 0.36 ശതമാനം കൂടി കയറി. വിപ്രോ മാറ്റമില്ലാതെ 2.25 ഡോളറില്‍ നിന്നു.
യൂറോപ്യൻ വിപണികള്‍ ബുധനാഴ്ച നാലു ശതമാനത്തിലധികം ഉയർന്നു.
ഏഷ്യൻ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ 0.60 ശതമാനം താണപ്പോള്‍ ദക്ഷിണ കൊറിയയിലെ കോസ്‌പി 0.90 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക 0.15 ശതമാനം താഴെയാണ്. ഹോങ് കോങ്, ചൈനീസ് വിപണികള്‍ 0.70 ശതമാനം താഴ്ന്നു.
വമ്പൻ മുന്നേറ്റത്തില്‍ ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ബുധനാഴ്ച ആവേശകരമായ കുതിപ്പ് നടത്തി നാലു ശതമാനം നേട്ടം ഉണ്ടാക്കി. നിഫ്റ്റി വ്യാപാരത്തിനിടെ 24,000 കടന്നെങ്കിലും അവിടെ നില്‍ക്കാനായില്ല.
ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 16.1 ലക്ഷം കോടി രൂപ വർധിച്ചു. ഫെബ്രുവരി 27 നു ശേഷം ചൊവ്വാഴ്ച വരെ ഉണ്ടായ മൂല്യനഷ്ടം 17.7 ലക്ഷം കോടി രൂപയാണ്. അതില്‍ 90 ശതമാനം ഇന്നലെ തിരിച്ചു പിടിച്ചു.
ഓഹരികള്‍ കുതിച്ചെങ്കിലും ഇന്ത്യൻ വിപണിയില്‍ വിദേശനിക്ഷേപകർ വില്‍പന തുടരുകയാണ്. ഇന്നലെ ഉള്‍പ്പെടെ ഏപ്രിലില്‍ അവരുടെ വില്‍പന 48,317 കോടി രൂപ കവിഞ്ഞു.
സെൻസെക്‌സ് ബുധനാഴ്ച 2946.32 പോയിൻ്റ് (3.95%) ഉയർന്ന് 77,562.90 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 873.70 പോയിൻ്റ് (3.78%) കയറി 23,997.35 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 2987.65 പോയിൻ്റ് (5.67%) നേട്ടത്തോടെ 55,703.90 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 2198.95 പോയിൻ്റ് (4.03%) ഉയർന്ന് 56,799.50 ല്‍ അവസാനിച്ചു. സ്മോള്‍ ക്യാപ് 100 സൂചിക 694.75 പോയിൻ്റ് (4.39%) നേട്ടത്തോടെ 16,538.05 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ മഹാഭൂരിപക്ഷം ഓഹരികളും ഉയർന്നു. ബിഎസ്‌ഇയില്‍ 3832 ഓഹരികള്‍ കയറിയപ്പോള്‍ 575 എണ്ണം താഴ്ന്നു. എൻഎസ്‌ഇയില്‍ 2953 എണ്ണം ഉയർന്നപ്പോള്‍ 337 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകർ വില്‍പന ഇന്നലെയും തുടർന്നു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 2811.97 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4168.17 കോടി രൂപയുടെ അറ്റവാങ്ങലാണു നടത്തിയത്.
സ്വർണം താഴ്ചയില്‍
യുദ്ധവിരാമത്തിൻ്റെ ആവേശം കെടുത്തുന്ന രീതിയില്‍ വെടിനിർത്തല്‍ ലംഘനങ്ങളും പോർവിളികളും തുടർന്നതു സ്വർണക്കുതിപ്പിനെ ഇല്ലാതാക്കി ഇന്നലെ ഔണ്‍സിന് 4855.30 ഡോളർ വരെ കയറിയ സ്വർണം കുത്തനേ താണ 4720.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4704.50 ഡോളർ വരെ താഴ്ന്നിട്ട് 4725 ലേക്കു കയറി.
കേരളത്തില്‍ 22 കാരറ്റ് സ്വർണം പവൻവില ബുധനാഴ്ച 2920 രൂപ കുതിച്ച് 1,12,800 രൂപയായി.
വെള്ളി ബുധനാഴ്ച 77.77 ഡോളറിലേക്കു കയറിയിട്ടു താഴ്‌ന്ന് ഔണ്‍സിന് 74.25 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.92 ഡോളറിലേക്കു താഴ്ന്നു.
പ്ലാറ്റിനം 2013 ഡോളർ, പല്ലാഡിയം 1530 ഡോളർ, റോഡിയം 9750 ഡോളർ എന്നിങ്ങനെ നില്‍ക്കുന്നു.
ലോകത്തിലെ സ്വർണത്തിൻ്റെ 20 ശതമാനം വില്‍ക്കുന്ന പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നതു വില്‍പന കുറഞ്ഞു നില്‍ക്കാൻ കാരണമായി. വെടിനിർത്തല്‍ ശരിക്കും പ്രാബല്യത്തിലായാല്‍ ഒന്നരമാസം മുൻപു വരെ കണ്ട കയറ്റം സ്വർണവിലയില്‍ തുടരും എന്നാണു വിലയിരുത്തല്‍..
കേന്ദ്രബാങ്കുകള്‍ സ്വർണം വാങ്ങല്‍ തുടരുകയാണ്. ചൈന അടക്കമുളള കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ മാസവും സ്വർണം വാങ്ങി. അതേസമയം റഷ്യയും തുർക്കിയും വലിയ അളവില്‍ സ്വർണംവിറ്റു. സെൻട്രല്‍ ബാങ്കിംഗ് പബ്ലിക്കേഷൻസ് എന്ന സ്ഥാപനം 101 കേന്ദ്ര ബാങ്കുകളില്‍ നടത്തിയ സർവേ കാണിച്ചത് 72.6 ശതമാനം കേന്ദ്ര ബാങ്കുകളും ഇക്കൊല്ലം സ്വർണം വാങ്ങുമെന്നാണ്. കഴിഞ്ഞ വർഷം ഇത് 69.4 ശതമാനമായിരുന്നു. 2026 അവസാനം സ്വർണവില ഔണ്‍സിന് 5354 ഡോളർ ആകുമെന്നാണ് 60 കേന്ദ്ര ബാങ്കുകളുടെ ശരാശരി നിഗമനം.
ലോഹങ്ങള്‍ ഭിന്നദിശകളില്‍
വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച പലവഴി നീങ്ങി. യുദ്ധവിരാമം വില കൂട്ടുമെന്ന പ്രതീക്ഷയില്‍ ചെമ്പും ടിന്നും നിക്കലും കുതിച്ചു. പശ്ചിമേഷ്യയിലെ ഉല്‍പാദന തടസം മാറുന്നത് അലുമിനിയം വിലയെ താഴ്‌ത്തി. ചെമ്പ് ഇന്നലെ 2.44 ശതമാനം കയറി 12,550.80 ഡോളറില്‍ എത്തി. അലൂമിനിയം 0.34 ശതമാനം താഴ്ന്നു 3479.85 ഡോളറില്‍ ക്ലോസ് ചെയ്തു. ലെഡ്, നിക്കല്‍, ടിൻ എന്നിവ ഉയർന്നപ്പോള്‍ സിങ്ക് താഴ്ന്നു.
പശ്ചിമേഷ്യയിലെ പുനർനിർമാണവും ആഗോള സാമ്പത്തിക വളർച്ചയും ചെമ്പിൻ്റെ ആവശ്യം പലമടങ്ങ് വർധിപ്പിക്കുമെന്നു യുഎസിലെ വിഷ്‌ല കോപ്പർ കോർപറേഷൻ്റെ ചെയർമാനും സിഇഒയുമായ ക്രെയ്ഗ് പാരി പറഞ്ഞു. ഇപ്പോള്‍ പൗണ്ടിന് ആറു ഡോളറിനു താഴെ നില്‍ക്കുന്ന സ്വർണം 20 മുതല്‍ 30 വരെ ഡോളറായി കുതിക്കും എന്നാണ് പാരിയുടെ പ്രവചനം. ചെമ്പ് ഉല്‍പാദനം ആവശ്യത്തിനനുസരിച്ചു വർധിക്കുന്നില്ല എന്നതാണു വിലക്കയറ്റത്തിനു കാരണം.
റബർ ഉയരുന്നു
രാജ്യാന്തര വിപണിയില്‍ റബർ ബുധനാഴ്ചയും ഉയർന്നു. 0.79 ശതമാനം കയറി കിലോഗ്രാമിന് 205.00 സെൻ്റില്‍ എത്തി. കൃത്രിമ റബർ വില 4.22 ശതമാനം ഇടിഞ്ഞു ടണ്ണിന് 17,383.33 യുവാൻ ആയി.
കൊക്കോ വില 4.92 ശതമാനം കയറി ടണ്ണിന് 3177 ഡോളർ ആയി.
തേയിലവില 8.14 ശതമാനം കുതിച്ച് കിലോഗ്രാമിന് 175.84 രൂപയില്‍ എത്തി. കാപ്പി 2.78 ശതമാനം ഉയർന്നു പൗണ്ടിന് 294.05 സെൻ്റ് ആയി. പാം ഓയില്‍ വില 3.76 ശതമാനം താഴ്ന്നു ടണ്ണിനു 4586 മലേഷ്യൻ റിംഗിറ്റില്‍ എത്തി.
പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകള്‍ 9.12 ശതമാനം വരെ ഇടിഞ്ഞു. യൂറിയ 0.64 ശതമാനം താഴ്ന്നു ടണ്ണിന് 703.50 ഡോളറിലേക്കു വന്നു. ഡൈ അമോണിയം ഫോസ്ഫേറ്റ് ടണ്ണിന് 720 ഡോളറില്‍ തുടരുന്നു.
ഡോളർ സൂചിക താഴെത്തന്നെ
യുദ്ധവിരാമത്തില്‍ ദുർബലമായ യുഎസ് ഡോളർ സൂചിക ബുധനാഴ്ച 99.13 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.09 ലേക്കു താഴ്ന്നു.
യൂറോ 1.1655 ഡോളറിലേക്കും പൗണ്ട് 1.3385 ഡോളറിലേക്കും താണു. ജാപ്പനീസ് യെൻ ഡോളറിന് 158.85 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.83 യുവാൻ എന്ന നിരക്കിലേക്കു കയറി.
അമേരിക്കയില്‍ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.299 ശതമാനമായി ഉയർന്നു. യുദ്ധവിരാമത്തില്‍ ആശങ്ക വന്നതാണു കാരണം.
രൂപ ഉയരുന്നു
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഗണ്യമായി മുന്നേറി. ഷോർട്ട് വ്യാപാരം നടത്തുന്നതു തടയാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ ക്രമേണ നീക്കുമെന്നു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്ര ഇന്നലെ പറഞ്ഞു.
ഇന്നലെ രൂപ 43 പൈസ നേട്ടമാണ് ഉണ്ടാക്കിയത്. ഡോളർ 93.01 രൂപയില്‍ നിന്നു 92.58 രൂപയിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്സ് (എൻഡിഎഫ്) വിപണിയില്‍ ഡോളർ ബുധനാഴ്ച രാത്രി 92.28 രൂപ വരെ താഴ്ന്നു. ഇന്നു രാവിലെ 92.61 രൂപയിലാണ്. ചൈനീസ് യുവാൻ 13.51 രൂപയിലേക്കു കയറി, യൂറോ 107.54 രൂപയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയില്‍ വീണ്ടും കയറുന്നു
വെടിനിർത്തല്‍ പാലിക്കാത്തതും ഹോർമുസ് കപ്പല്‍ച്ചാല്‍ തുറക്കാത്തതും ഇന്നുരാവിലെ ഇന്ധന വില ഉയർത്തി. സൗദി അറേബ്യയുടെ കിഴക്കുപടിഞ്ഞാറ് (ഹോർമുസില്‍ നിന്നു ചെങ്കടലിലേക്ക്) എണ്ണ പൈപ്പ്ലൈനിനു നേരേ ഇറാൻ ഇന്നലെ ആക്രമണം നടത്തിയിരുന്നു.
ബ്രെൻ്റ് ഇനം ക്രൂഡ് മൂന്നു ശതമാനം ഉയർന്നു വീപ്പയ്ക്ക് 97.62 ഡോളറില്‍ എത്തി. ഡബ്ള്യുടിഐ ഇനം ക്രൂഡ് 98.10 ഡോളറിലായി. യുഎഇയുടെ മർബൻ ക്രൂഡ് 97.64 ല്‍ നില്‍ക്കുന്നു. 30 ദിവസത്തിനുള്ളില്‍ ചരക്ക് നല്‍കുന്ന സ്പോട്ട് വ്യാപാരത്തില്‍ ബ്രെൻ്റ് ഇനം ക്രൂഡ് 127 ഡോളറിലാണ്. ജൂണ്‍ അവധി വിലയേക്കാള്‍ 30 ഡോളർ അധികം.
ഇന്ത്യ പശ്ചിമേഷ്യയില്‍ നിന്നു വാങ്ങുന്ന എണ്ണയുടെ വില (ഇന്ത്യൻ ബാസ്‌കറ്റ്) ഇന്നലെ 135.63 ഡോളർ ആയി ഉയർന്നിട്ടുണ്ട്.
ക്രിപ്റ്റോകള്‍ താഴ്ന്നു
യുദ്ധവിരാമത്തെ തുടർന്ന് ഉയർന്ന ക്രിപ്റ്റോ കറൻസികള്‍ അല്പം താഴ്ന്നു. ബിറ്റ്കോയിൻ 70,700 ഡോളറിനു താഴെഎത്തി. ഈഥർ 2170 ഡോളറിനും സൊലാന 82.00 ഡോളറിനും താഴെ ആയി.
വിപണിസൂചനകള്‍
(2026 ഏപ്രില്‍ 08, ബുധൻ)
സെൻസെക്സ് 77,562.90 +3.95%
നിഫ്റ്റി50 23,997.35 +3.78%
ബാങ്ക് നിഫ്റ്റി 55,703.90 +5.67%
മിഡ്ക്യാപ്100 56,799.50 +4.03%
സ്മോള്‍ക്യാപ്100 16,538.05 +4.39%
ഡൗജോണ്‍സ് 47,909.92 +2.85%
എസ്‌ആൻഡ്പി 6782.81 +2.51%
നാസ്ഡാക് 22,634.99 +2.80%
ഡോളർ ₹92.58 -₹0.43
സ്വർണം(ഔണ്‍സ്)$4720.90 +13.70
സ്വർണം(പവൻ) ₹1,12,800 +₹2920
ക്രൂഡ്‌ഓയില്‍ബ്രെൻ്റ്$94.75 -$14.57

