Dailyhunt
വെറുതെ കിടക്കുന്ന പണത്തിന് ഇനി ഉയര്‍ന്ന പലിശ; 'സ്മാര്‍ട്ട് സേവ് അക്കൗണ്ട്' അവതരിപ്പിച്ച്‌ സിഎസ്ബി ബാങ്ക്

വെറുതെ കിടക്കുന്ന പണത്തിന് ഇനി ഉയര്‍ന്ന പലിശ; 'സ്മാര്‍ട്ട് സേവ് അക്കൗണ്ട്' അവതരിപ്പിച്ച്‌ സിഎസ്ബി ബാങ്ക്

ധനം 4 days ago

പഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്ബത്തിക നേട്ടം ഉറപ്പാക്കുന്നതിനായി 'സ്മാര്‍ട്ട് സേവ് അക്കൗണ്ട്' (Smart Save Account) പദ്ധതിയുമായി സിഎസ്ബി ബാങ്ക്.

ബാങ്കിന്റെ കോര്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം വിജയകരമായി നവീകരിച്ചതിന് ശേഷം പുറത്തിറക്കുന്ന ആദ്യ റീറ്റെയ്ല്‍ പദ്ധതിയാണിത്. സേവിംഗ്‌സ്, കറന്റ്, എന്‍ആര്‍ഒ (NRO) അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

എന്താണ് സ്മാര്‍ട്ട് സേവ് അക്കൗണ്ട്?

അക്കൗണ്ടില്‍ വെറുതെ കിടക്കുന്ന അധിക തുകയ്ക്ക് സ്ഥിരനിക്ഷേപത്തിന് (FD) തുല്യമായ പലിശ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 'ഓട്ടോ-സ്വീപ്പ്' (Auto-Sweep) എന്ന അത്യാധുനിക സൗകര്യമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. അക്കൗണ്ടിലെ അധിക തുക തനിയെ സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറുന്നതിലൂടെ 13 മാസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം വരെ പലിശ ലഭിക്കും.

ഉപഭോക്താവ് നേരിട്ട് ഇടപെടാതെ തന്നെ നിശ്ചിത പരിധിക്ക് മുകളിലുള്ള തുക സ്ഥിരനിക്ഷേപമായി മാറുന്നു. പണം സ്ഥിരനിക്ഷേപമായി മാറുമെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും തടസമില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ഈ പദ്ധതിയിലുണ്ട്. പുതുക്കിയ കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ പൂര്‍ണമായും ഓട്ടോമേഷന്‍ അടിസ്ഥാനമാക്കിയാണ് ഈ സേവനം പ്രവര്‍ത്തിക്കുന്നത്.

റീറ്റൈയ്ല്‍ മേഖല ശക്തിപ്പെടുത്താന്‍

ബാങ്കിംഗ് സേവനങ്ങള്‍ ലളിതമാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സിഎസ്ബി ബാങ്ക് ലയബിലിറ്റീസ് ഹെഡ് അനുപം കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് പിന്നാലെ ഉപഭോക്തൃ കേന്ദ്രീകൃതമായ ബാങ്കായി വളരാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതിക മികവിലൂടെ റീറ്റൈയ്ല്‍ ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനുള്ള നീക്കത്തിലാണ് സിഎസ്ബി ബാങ്ക്.

CSB Bank launches Smart Save Account offering FD-like returns on idle savings through an auto-sweep facility.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online