Dailyhunt
വിഴിഞ്ഞം വളരുമ്പോള്‍ വല്ലാര്‍പാടത്തിന് വിളര്‍ച്ചയോ? കണ്ടെയ്‌നര്‍ നീക്കം പകുതിയായി

വിഴിഞ്ഞം വളരുമ്പോള്‍ വല്ലാര്‍പാടത്തിന് വിളര്‍ച്ചയോ? കണ്ടെയ്‌നര്‍ നീക്കം പകുതിയായി

ധനം 4 days ago

ദുബായ് ഡി.പി വേള്‍ഡിന്റെ ചുമതലയിലുള്ള കൊച്ചിയിലെ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനല്‍ വഴിയുള്ള കണ്ടെയ്നർ ചരക്ക് നീക്കത്തില്‍ വൻ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്.

വലിയ കപ്പലില്‍ നിന്നും ചെറിയ കപ്പലിലേക്ക് കണ്ടെയ്നർ നീക്കം നടത്തുന്ന ട്രാൻസ്ഷിപ്പ്മെന്റ് വിഭാഗത്തില്‍ 50 ശതമാനം ഇടിവുണ്ടായെന്നാണ് 2025-26 സാമ്പത്തിക വർഷത്തെ റിപ്പോർട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പൂർണതോതില്‍ പ്രവർത്തന സജ്ജമായ തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര ആഴക്കടല്‍ തുറമുഖത്തിന്റെ അതിവേഗ വളർച്ചയാണ്, വല്ലാർപാടം തുറമുഖത്തിന് വെല്ലുവിളിയാകുന്നത്.

ചരക്ക് നീക്കത്തിന്റെ കണക്കുകള്‍

2025-26 സാമ്പത്തിക വർഷത്തില്‍ വല്ലാർപാടം തുറമുഖം വഴി കടത്തിയ ആകെ 20 ടി.ഇ.യു ശേഷിയിലുള്ള കണ്ടെയ്നറുകളുടെ എണ്ണം 7,67,948 ആണ്. 2024-25 സാമ്പത്തിക വർഷത്തില്‍ ഇത് 8,34,665 ആയിരുന്നു. അതായത് മൊത്തം കണ്ടെയ്നർ നീക്കത്തില്‍ വാർഷികമായി 8% ഇടിവ് രേഖപ്പെടുത്തിയെന്ന് സാരം. അതേസമയം കപ്പലില്‍ നിന്നും കപ്പിലേക്ക് നേരിട്ട് കണ്ടെയ്നർ നീക്കം നടത്തുന്ന ട്രാൻസ്ഷിപ്മെന്റ് വിഭാഗത്തില്‍ 85,912 കണ്ടെയ്നറുകളാണ് 2025-26 സാമ്പത്തിക വ‌ർഷത്തില്‍ വല്ലാർപാടം തുറമുഖം കൈകാര്യം ചെയ്തത്. ഇത് 2024-25 സാമ്പത്തിക വർഷത്തില്‍ 1,69,562 എണ്ണമായിരുന്നു കുറിച്ചത്. അതായത് 2025-26 സാമ്പത്തിക വർഷത്തില്‍ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ നീക്കം 50 ശതമാനത്തോളം കുറ‍ഞ്ഞുവെന്ന് സാരം. വല്ലാർപാടം തുറമുഖത്ത് കൂടെ നടക്കുന്ന ആകെ കണ്ടെയ്നർ നീക്കത്തില്‍ 11% മാത്രമാണ് ട്രാൻസ്ഷിപ്പ് വിഭാഗത്തിലുള്ളത്.

വെല്ലുവിളിയായി വിഴിഞ്ഞം തുറമുഖം

വല്ലാർപാടം തുറമുഖം വഴിയുള്ള ട്രാൻസ്ഷിപ്പ് കണ്ടെയ്നർ നീക്കത്തില്‍ ഇടിവുണ്ടാകുന്നതിനുള്ള മുഖ്യ ഘടകം അദാനി ഗ്രൂപ്പിന്റെ ചുമതലയിലുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിഴിഞ്ഞം തുറമുഖം 13 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ആദ്യഘട്ടം മാത്രം സജ്ജമാക്കിയ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനശേഷിയുടെ 130 ശതമാനം വിനിയോഗമാണിത്. പ്രകൃതിദത്തമായി 20 മീറ്ററിലേറെ ആഴം ഉള്ളതിനാല്‍ വമ്പൻ മദർഷിപ്പുകള്‍ക്കുപോലും (ULCV) സുഗമമായി വിഴിഞ്ഞത്തേക്ക് കടന്നുവരാൻ കഴിയുന്നതാണ് നേട്ടമാകുന്നത്. കൂടാതെ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എം.എസ്.സി.യുമായി കരാറിലെത്തിയതിനാലും വിഴിഞ്ഞത്ത് കണ്ടെയ്നർ ഇടമുറിയാതെ എത്തിച്ചേരുന്നുമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online