Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യൂസര്‍നെയിം ഫീച്ചറിന് പൂട്ടിടാൻ കേന്ദ്ര സര്‍ക്കാര്‍; വാട്‌സ്‌ആപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും നോട്ടീസ് അയച്ചു

യൂസര്‍നെയിം ഫീച്ചറിന് പൂട്ടിടാൻ കേന്ദ്ര സര്‍ക്കാര്‍; വാട്‌സ്‌ആപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും നോട്ടീസ് അയച്ചു

ധനം 2 weeks ago

വാട്‌സ്‌ആപ്പിന് പിന്നാലെ പ്രമുഖ മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ടെലിഗ്രാമിനും സിഗ്നലിനും നോട്ടീസ് അയച്ച്‌ കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം.

ഈ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന 'യൂസർനെയിം' (username) ഫീച്ചറുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളാണ് നടപടിക്ക് പിന്നില്‍.

ആശങ്കകളും ചോദ്യങ്ങളും

ഓണ്‍ലൈൻ തട്ടിപ്പുകള്‍, ആള്‍മാറാട്ടം (impersonation), ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഫിഷിംഗ് ആക്രമണങ്ങള്‍ എന്നിവ തടയുന്നതിന് ഈ പ്ലാറ്റ്‌ഫോമുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച്‌ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂസർനെയിം ഫീച്ചർ ഉപയോഗിച്ച്‌ തട്ടിപ്പുകാർക്ക് ഇരകളെ എളുപ്പത്തില്‍ കണ്ടെത്താൻ സാധിക്കുമെന്നും ഇത് സൈബർ തട്ടിപ്പുകള്‍ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.

നിലവില്‍ ഈ ഫീച്ചർ നല്‍കിക്കൊണ്ടിരിക്കുന്ന ടെലിഗ്രാമിനോട്, ഇത് തുടരാൻ എന്തിന് അനുമതി നല്‍കണമെന്ന് ആധികൃതര്‍ ആരാഞ്ഞു. വാട്‌സ്‌ആപ്പിന്റെ കാര്യത്തില്‍, സർക്കാർ പൂർണമായി തൃപ്തിപ്പെടുന്നത് വരെ ഈ ഫീച്ചർ അവതരിപ്പിക്കുന്നത് നിർത്തിവെക്കാൻ നേരത്തെ നിർദ്ദേശിച്ചിരുന്നു.

ടെലിഗ്രാമിന് മേലുള്ള നിരീക്ഷണം: നീറ്റ് (NEET) പരീക്ഷാ പേപ്പറുകള്‍ ചോർന്നതുമായി ബന്ധപ്പെട്ടും മറ്റ് വ്യാജ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനാലും ടെലിഗ്രാം അടുത്തിടെ ഇന്ത്യയില്‍ റെഗുലേറ്ററി നിരീക്ഷണത്തിലായിരുന്നു. തട്ടിപ്പുകള്‍ തടയാത്തതിനാല്‍ ജൂണ്‍ 22 വരെ ടെലിഗ്രാമിന് സർക്കാർ താല്‍ക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യൂസർനെയിം വിവാദത്തിലും പ്ലാറ്റ്‌ഫോം അന്വേഷണം നേരിടുന്നത്.

നിയമപരമായ ബാധ്യതകള്‍: ഐടി നിയമപ്രകാരം ഇത്തരം പ്രമുഖ സോഷ്യല്‍ മീഡിയ ഇൻ്റർമീഡിയറികള്‍ കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങള്‍ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് കേന്ദ്രം ഓർമ്മിപ്പിച്ചു. യൂസർനെയിം ഫീച്ചറിലെ സുരക്ഷാ പാളിച്ചകള്‍ മൂലം തട്ടിപ്പുകള്‍ വർദ്ധിച്ചാല്‍ ഐടി നിയമപ്രകാരം കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഫീച്ചറുകളില്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്നാണ് പ്ലാറ്റ്‌ഫോമുകളുടെ വാദം. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മറ്റ് മെസേജിങ് ആപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Dhanam online