Sunday, 09 May, 7.27 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ഇന്ത്യ
കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാം ; അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ഹൈദരാബാദ് : തെലങ്കാന ആവശ്യപ്പെട്ടത് അനുസരിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമാണ് ഉപാധികളോടെ കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണുകള്‍ക്ക് അനുമതി നല്‍കിയത്.

ദൗത്യം വിജയമായാല്‍ രാജ്യത്ത് യാത്രാസൗകര്യങ്ങള്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ കൊറോണ വാക്‌സിന്‍ എത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വേഗം പകരുമെന്നാണ് വിലയിരുത്തല്‍. കാഴ്ചയുടെ ദൂരപരിധിക്കപ്പുറം പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ ഡെലിവറിക്കായി ഡ്രോണുകള്‍ പറത്താനുളള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡ്രോണുകള്‍ ഉപയോഗിച്ച്‌ സാധനങ്ങള്‍ കൈമാറുന്നതിനും കൊണ്ടിടുന്നതിനും ഭക്ഷണം ഉള്‍പ്പെടെയുളള സാധനങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ കൈമാറ്റം ചെയ്യുന്നതിനും അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം ചട്ടങ്ങളിലൂടെ സര്‍ക്കാര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ചട്ടങ്ങളില്‍ ഇളവ് നല്‍കിയാണ് പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തേയ്ക്കോ തുടര്‍ന്നുള്ള ഉത്തരവുകള്‍ വരെയോ ആണ് ഇളവുകള്‍. കേന്ദ്ര വ്യോമയാന മന്ത്രാലയം ഭാവിയില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും ഈ ഇളവുകള്‍ നിലനില്‍ക്കുക.

ഭൗമോപരിതലത്തില്‍ നിന്ന് പരമാവധി 400 മീറ്റര്‍ ഉയരത്തില്‍ മാത്രമേ ഡ്രോണ്‍ പറത്താവൂ എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഇടയില്‍ മാത്രമേ ഡ്രോണ്‍ ഓപ്പറേഷന്‍ അനുവദിക്കൂ. പരീക്ഷണങ്ങള്‍ക്ക് ശേഷം തെലങ്കാന സര്‍ക്കാര്‍ വ്യോമയാന മന്ത്രാലയത്തിനും ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും റിപ്പോര്‍ട്ട് കൈമാറും. ഇതിനുസരിച്ചായിരിക്കും തുടര്‍ന്നും അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top