Wednesday, 05 Aug, 10.40 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് എനിക്ക് ഇഷ്ടമല്ല, അത് ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകും: ക്ഷേത്ര നിര്‍മ്മാണത്തില്‍ നെഹ്റുവിനും കോണ്‍​ഗ്രസിനുമുണ്ടായിരുന്ന നിലപാടിനെ കുറിച്ച്‌ സന്ദീപ് വാര്യര്‍

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നെഹ്റുവിനും കോണ്‍​ഗ്രസിനുമുണ്ടായിരുന്ന നിലപാടിനെ കുറിച്ച്‌ കുറിപ്പുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രം​ഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മരണത്തെ തുടര്‍ന്ന് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ ചുമതല ഉണ്ടായിരുന്നത് നെഹ്റു മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രി കെഎം മുന്‍ഷിക്ക് ആയിരുന്നുവെന്നും നിങ്ങള്‍ സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകുമെന്ന് സോമനാഥ ക്ഷേത്രം നിര്‍മാണം കഴിഞ്ഞ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഏതാനും മാസം മുന്‍പ് നടന്ന ഒരു ക്യാബിനറ്റ് മീറ്റിങ്ങിനിടെ നെഹ്റു കെഎം മുന്‍ഷിയോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മരണത്തെ തുടര്‍ന്ന് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ ചുമതല ഉണ്ടായിരുന്നത് നെഹ്റു മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രി കെഎം മുന്‍ഷിക്ക് ആയിരുന്നു.

സോമനാഥ ക്ഷേത്രം നിര്‍മാണം കഴിഞ്ഞ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഏതാനും മാസം മുമ്ബ് നടന്ന ഒരു ക്യാബിനറ്റ് മീറ്റിങ്ങിനിടെ നെഹ്റു കെഎം മുന്‍ഷിയോട് ഇപ്രകാരം പറഞ്ഞു .

'നിങ്ങള്‍ സോമനാഥക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാവും'

ക്ഷുഭിതനായ കെ എം മുന്‍ഷി അന്ന് നെഹ്രുവിനോട് മറുപടിയൊന്നും പറഞ്ഞില്ല. പിറ്റേന്ന് കെ എം മുന്‍ഷി വിശദമായ ഒരു കത്ത് നെഹ്റുവിനയച്ചു.

'ഇന്നലെ നിങ്ങള്‍ ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച്‌ പറഞ്ഞു. ഇക്കാര്യത്തില്‍ നിങ്ങളുടെ നിലപാട് എനിക്കറിയാം. ഞാന്‍ അതിനോട് നീതി പുലര്‍ത്തിയിട്ടുണ്ട്. നിങ്ങള്‍ എന്റെ വിശ്വാസത്തോടും തുല്യനീതി പുലര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. എനിക്ക് പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനുമുള്ള ഊര്‍ജ്ജം പകരുന്നത് എന്റെ വിശ്വാസമാണ് '

എന്നാല്‍ നെഹ്റു ഹിന്ദു വിശ്വാസത്തോട് ഒട്ടുംതന്നെ ആദരവു പുലര്‍ത്തുന്ന ആളായിരുന്നില്ല. ഇന്ത്യയുടെ ബഹുമാന്യനായ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് സോമനാഥ് ക്ഷേത്രം തുറന്നു കൊടുക്കാനായി പോകുമ്ബോള്‍ എതിര്‍പ്പറിയിച്ച്‌ നെഹ്റു കത്തയച്ചു. എന്നാല്‍ ഡോ.രാജേന്ദ്രപ്രസാദ് അത് തള്ളിക്കളഞ്ഞു. എന്നാല്‍ തികഞ്ഞ 'സഹിഷ്ണുത വാദിയായ' നെഹ്റു, ഇന്ത്യന്‍ രാഷ്ട്രപതി സോമനാഥക്ഷേത്രം ഉദ്ഘാടന ചടങ്ങില്‍ ചെയ്ത പ്രസംഗം ഔദ്യോഗിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാതെ ഒഴിവാക്കി.

അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം എന്ന ഹിന്ദുക്കളുടെ ന്യായമായ ആവശ്യത്തെ എല്ലാകാലത്തും അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. 89 ല്‍ ശബാനു കേസിലെ കോടതി വിധിയെ തുടര്‍ന്ന് മുസ്ലിം മത പൗരോഹിത്യത്തിന് വഴങ്ങി രാജീവ് ഗാന്ധി പാര്‍ലമെന്‍റില്‍ കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തിയത് വലിയ ജനരോഷം ഉയര്‍ത്തിവിട്ടിരുന്നു. ഇതു മറികടക്കാന്‍ ബാലന്‍സിംഗ് ആക്‌ട് എന്ന നിലയില്‍ രാജീവ് ഗാന്ധി ശിലാന്യാസത്തിന് അനുമതി നല്‍കി. അതിനുമുമ്ബ് തന്നെ തര്‍ക്കമന്ദിരം ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുത്തിരുന്നു. അതിനുശേഷം തിരഞ്ഞെടുപ്പ് പ്രചരണം രാജീവ് ഗാന്ധി അയോധ്യയില്‍ നിന്ന് ആരംഭിച്ചു. രാമരാജ്യം ആയിരുന്നു രാജീവ് ഗാന്ധിയുടെ വാഗ്ദാനം.

എന്നാല്‍ അതേ കോണ്‍ഗ്രസ് തന്നെ സേതുസമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ശ്രീരാമന്‍ ജീവിച്ചിരുന്നില്ല എന്ന സത്യവാങ്മൂലം നല്‍കി. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് ഹിന്ദു മുസ്‌ലിം നേതൃത്വങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിന്റെ സാധ്യതകള്‍ തുറന്നു. രാമജന്മ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ മുസ്ലിം മത നേതൃത്വം തയ്യാറായി. അയോധ്യ പ്രശ്നം എന്നന്നേക്കുമായി പരിഹരിക്കപ്പെടുന്നു എന്നറിഞ്ഞ കോണ്‍ഗ്രസ്, രാജീവ് ഗാന്ധിയുടെ വീടിനുപുറത്ത് ചാരപ്പണിക്കു വന്ന രണ്ട് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍മാരെ കണ്ടെത്തി എന്ന വിചിത്രമായ വാദം ഉന്നയിച്ച്‌ ചന്ദ്രശേഖര്‍ സര്‍ക്കാരിനെ വലിച്ചു താഴെയിട്ടു. അയോധ്യ കേസിലെ കോടതി വിധി വൈകിപ്പിക്കാന്‍ കപില്‍ സിബല്‍ പഠിച്ച പണി പതിനെട്ടും നോക്കി.

ഒടുവില്‍ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം നീതി നടപ്പാവുന്ന ദിവസം വന്നെത്തി. അയോധ്യയില്‍ ഭവ്യമായ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നിര്‍വ്വഹിക്കുന്ന ശുഭമുഹൂര്‍ത്തം ആഗതമായി. ഇന്നേവരെ രാമക്ഷേത്ര മൂവ്മെന്‍റ് അട്ടിമറിക്കാന്‍ വേണ്ടി സകല വൃത്തികെട്ട കളികളും കളിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നു രാമക്ഷേത്രം രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നത്രേ. രാമ ക്ഷേത്രം നിര്‍മ്മിക്കുന്നത് യുപിഎ കാലത്ത് തുടങ്ങിയ രാജീവ് ഗാന്ധി മന്ദിര്‍ ബനാവോ യോജന പ്രകാരമാണെന്ന് അവകാശപ്പെടാത്തത് ഭാഗ്യം.

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിന് ശിലകള്‍ അയക്കുന്നു. ഹനുമാന്‍ ചാലിസ ചൊല്ലുന്നു. യാഗം നടത്തുന്നു. കേരളത്തിലേതൊഴിച്ചുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നാകെ ജയ് സിയാറാം മുഴക്കുന്നു.

എല്ലാം ഭഗവാന്റെ മായ ..

ജയ് ശ്രീരാം

Tags FEATURED sandeep varrier Ayodhya Ram Temple

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top