Saturday, 11 Jul, 3.57 pm evarthakal

കേരളം
മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചു

മൂവാറ്റുപുഴ : പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായ മൂവാറ്റുപുഴവാലി ജലസേചന പദ്ധതി (എം.വി.ഐ.പി.) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ ഫറന്‍സിങ്ങിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങ് നടത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതി പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമമായത് കാര്‍ഷിക - ജലസേചന - വ്യാവസായിക - ടൂറിസം മേഖലകളില്‍ വന്‍ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 20.86 കോടി രൂപാ പരമാവധി ചെലവ് പ്രതീക്ഷിച്ച പദ്ധതി നാല് പതിറ്റാണ്ടു കൊണ്ട് 1012 കോടി രൂപാ ചെലവഴിച്ചാണ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാനായത്. ഇടുക്കി, എറണാകുളം ജില്ലകളെ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയുടെ 95 ശതമാനം പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലക്ക് കൂടി പ്രയോജനം ചെയ്യുന്ന സ്ഥിതിയിലാണ്. ബാക്കി വരുന്ന അഞ്ച് ശതമാനം കൂടി ഉടന്‍ തന്നെ പൂര്‍ത്തിയാക്കും.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 8.5 കി.മീ. കനാലും വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഏറ്റുമാനൂര്‍ ബ്രാഞ്ച് കനാലിലെ റെയില്‍വേ ക്രോസിംഗിലുളള എഴുതോണിപ്പാടം അക്വാഡക്ടും പൂര്‍ത്തിയാക്കി. ജലലഭ്യത ഉറപ്പ് വരുത്തുന്നതിലൂടെ 18173 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം ഉറപ്പാക്കാനാവുമെന്നത് പദ്ധതിയുടെ വലിയ വിജയമാണ്.

തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം എന്നീ നിയമസഭാ മണ്ഡലങ്ങളിലെ 37 പഞ്ചായത്തുകളിലും 5 മുനിസിപ്പാലിറ്റികളിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കോട്ടയം ജില്ലയിലെ താഴ്ന്ന പാടശേഖരങ്ങളിലെ ഓരുവെളള ഭീഷണി ഒരു പരിധിവരെ തടയാനും ഈ പദ്ധതിയിലൂടെ സാധ്യമാകും. ഇതോടൊപ്പം പദ്ധതി പ്രദേശത്തെ കുളങ്ങളും തനത് ഉറവകളും റീചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യുന്നു. എച്ച്‌.എന്‍.എല്‍ ഉള്‍പ്പെടെ കൊച്ചിയിലെ വ്യവസായ ശാലകളിലും ശുദ്ധ ജലമെത്തിക്കാല്‍ ഈ പദ്ധതിയിലൂടെയാവും. ഡാമിലെ ജലം ഉപയോഗിച്ച്‌ മലങ്കരയില്‍ 10.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയവും പ്രവര്‍ത്തിക്കുന്നുണ്ട്.
മലങ്കര ഡാമിന്റെയും റിസര്‍വോയര്‍ ഭാഗങ്ങളുടെയും ടൂറിസം സാദ്ധ്യതകള്‍ മുന്‍നിര്‍ത്തി ഏകദേശം 100 കോടിയോളം രൂപയുടെ പദ്ധതിയാണ് ടൂറിസം വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറുന്നതാണ്. അതുപോലെ പദ്ധതി പ്രദേശത്ത് ഏറ്റെടുത്ത സ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉത്പാദനം നടത്തുവാനുളള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും പരിഗണനയിലുണ്ട്.ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ ഏത് പ്രവൃത്തിയും പൂര്‍ത്തീകരിക്കാനാവും. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ എന്നിവരും വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ ചടങ്ങില്‍ സംബന്ധിച്ചു. നാടിന്റെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണ് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. പദ്ധതിയിലൂടെയുള്ള ജലസേചനം ഹെക്ടര്‍ കണക്കിന് സ്ഥലത്ത് കൃഷി വിപുലീകരിക്കുന്നതിന് പ്രയോജനം ചെയ്യും. കൂടുതല്‍ സ്ഥലങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തും. മലങ്കര ഡാം കേന്ദ്രമാക്കി ടൂറിസം വികസനവും വരും വര്‍ഷങ്ങളില്‍ യാതാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കൊറോണക്കാലത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ടാമത്തെ വലിയ പദ്ധതിയാണിതെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഒന്നാമത്തേത് പാലക്കാടും രണ്ടാമത്തേത് മൂവാറ്റുപുഴ വാലി പദ്ധധതിയുമാണ്. ഈ പദ്ധതികൊണ്ട് കാര്‍ഷിക മേഖലയിലുണ്ടാവുന്ന മാറ്റം വലുതാണ്. കുറച്ച്‌ ജലം ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതല്‍ ഉദ്പാപാദനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ മൂവാറ്റുപുഴ വാലി പദ്ധതിയിലൂടെ സാധിക്കും. ഉദ്പാദന ചിലവ് കുറച്ച്‌ വിളവ് കൂട്ടുന്നതിലൂടെ കര്‍ഷകരുടെ ലാഭം കൂട്ടാനാവും. ഇതിലൂടെ കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാവും. മൂവാറ്റുപുഴ വാലി പദ്ധതിയിലൂടെ ഉള്‍പ്പെടെ ജലത്തിന്റെ ശാസ്ത്രീയമായ ഉപയോഗം സാധ്യമാകും. ഇത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി വിപുലമാക്കാന്‍ സഹായിക്കും. ഇതിലൂടെ ഉപഭോഗ സംസ്ഥാനമെന്നത് മാറി ഉത്പ്പാദന സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാവുമെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.

മലങ്കര ഡാമിന് സമീപം എന്‍ട്രന്‍സ് പ്ലാസയില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷനായി.സംരക്ഷിക്കപ്പെടുന്ന ജല സ്രോതസുകളില്‍ നിന്നുള്ള വെള്ളത്തിന്റെ ഉപയോഗം കൂട്ടണമെന്ന് മന്ത്രി പറഞ്ഞു. 1200 റ്റി.എം.സി. ജലം നമുക്കുണ്ട്. എന്നാല്‍ 300 റ്റി.എം.സി. മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. കൃഷിക്കായി ജലത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ ആരംഭിക്കും. ഇതിലൂടെ സംസ്ഥാനമൊട്ടാകെ നാണ്യവിളകള്‍ക്കും നെല്‍കൃഷിക്കും ഇരട്ടി ഫലം കിട്ടും. ജലലഭ്യത ഉറപ്പ് വരുത്തി ശാസ്ത്രീയ കൃഷി രീതി അവലംബിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് വരുമാനം കൂട്ടാനാവും. ചെറുകിട കര്‍ഷകര്‍ക്കായും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ മാതൃകയില്‍ പുതിയ പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. ഇതിലൂടെ ജലസേചനം, വൈദ്യുതോദ്പാദനം, കൃഷി, ടൂറിസം എന്നിവ ഒരുമിച്ച്‌ സാധ്യമാകുമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

ചടങ്ങില്‍ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, കോട്ടയം എം.പി. തോമസ് ചാഴികാടന്‍, എം.എല്‍.എ. മാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റിന്‍, ആന്റണി ജോണ്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്ബ്, ചീഫ് എഞ്ചിനീയര്‍ ഡി. ബിജു എന്നിവര്‍ സംസാരിച്ചു. ചീഫ് എഞ്ചിനീയര്‍ പ്രൊജക്‌ട് 2 അലക്‌സ് വര്‍ഗീസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ എം.വി.ഐ.പി. സുപ്രണ്ടിംഗ് എഞ്ചിനീയര്‍ സിനോഷ്.സി.എസ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊജക്‌ട് സൂപ്രണ്ട് ഇന്‍ ചാര്‍ജ് (പിറവം) എന്‍.സുപ്രഭ കൃതജ്ഞത പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: evarthakal Malayalam
Top