ന്യൂയോർക്ക്: 120 മിനിറ്റും നിറഞ്ഞു കളിച്ച് അർജന്റീനയുടെ കടുത്ത മത്സരം മറികടന്ന് സ്‌പെയിൻ ലോക ചാമ്പ്യൻമാർ.
106-ാം മിനിറ്റില്‍ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നല്‍കിയ പാസാണ് ടോറസ് വലയിലെത്തിച്ചത്. സ്‌പെയിനിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ കിരീടമുയർത്തി ഒന്നരപ്പതിറ്റാണ്ടിനു ശേഷം സ്‌പെയിൻ വീണ്ടും ലോക ചാമ്പ്യൻമാർ.
സ്‌പെയിൻ നിറഞ്ഞുകളിച്ചപ്പോള്‍ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലാതായിപ്പോയി. 120 മിനിറ്റോളം കളിച്ചിട്ടും രണ്ടേ രണ്ട് ഷോട്ടുകള്‍ മാത്രമാണ് അർജന്റീനയ്ക്ക് സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാനായത്. നിശ്ചിത സമയത്തും ഇൻജുറി ടൈമിലും ഒരു ഷോട്ടുപോലും സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാൻ അർജന്റീന താരങ്ങള്‍ക്കായിരുന്നുമില്ല. ഇൻജുറി ടൈമില്‍ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിങ് ഓർഡറും ലഭിച്ച് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന 10 പേരായി ചുരുങ്ങിയാണ് ശേഷിച്ച സമയം മത്സരത്തെ നേരിട്ടത്.

