Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

'അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, അയ്യപ്പ സംഗമങ്ങള്‍ ഇനിയില്ല' -തിരുവിതാംകൂ‍ര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാ‍ര്‍

Evening Kerala News 2 months ago

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പുതിയ രീതിയിലുള്ള സംഗമങ്ങള്‍ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.

ജയകുമാർ. ഊരാളുങ്കലിന് ബോർഡില്‍നിന്ന് ഒരു തുകയും എടുത്ത് കൊടുക്കാൻ കഴിയില്ലെന്നും ജയകുമാർ പറഞ്ഞു.

ശബരിമലയിലെ പ്രവർത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായുള്ള നിർദേശങ്ങള്‍ ചർച്ച ചെയ്യാൻ ചേർന്ന സ്പെഷല്‍ ബോർഡ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആറു കോടി രൂപ നല്‍കാനുണ്ടെന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ വാദം ദേവസ്വം ഓഡിറ്റര്‍ അംഗീകരിക്കുന്നില്ല. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് വ്യക്തിഗത സ്പോണ്‍സർഷിപ്പ് സ്വീകരിക്കില്ല. അവർക്ക് അത് കാണിക്കയായിട്ട് സമർപ്പിക്കാം. സ്ഥാപനങ്ങളുമായിട്ട് മാത്രമേ സ്പോണ്‍സർഷിപ്പ് ഉണ്ടാവു. ശബരിമലയുമായി ബന്ധപ്പെട്ട വാർത്തകള്‍ വലിയ വിഷമമുണ്ടാക്കി. തങ്ങള്‍ ആരും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ വിജിലൻസുമായി ചേർന്ന് നിരീക്ഷണം ഉറപ്പാക്കുമെന്നും ജയകുമാർ വ്യക്തമാക്കി.

ശബരിമലയിലെ എല്ലാ ഇടപാടുകളും ഇനിമുതല്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറും. വഴിപാട് ബുക്കിങ് ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കും. തീർഥാടകർക്കായി അനുവദിച്ചിട്ടുള്ള 608 മുറികളില്‍ 550 മുറികളും ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കും. മുറികള്‍ക്കായി മുമ്പ് വാങ്ങിയിരുന്ന ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കി പകരം 50 രൂപ മാത്രം സർവിസ് ചാർജായി ഈടാക്കാനും തീരുമാനിച്ചു.

തീർഥാടകരുടെ ക്ഷേമം പരിഗണിച്ച്‌, ശബരിമലയില്‍വെച്ച്‌ മരിക്കുന്ന ഭക്തരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപവീതം ധനസഹായം നല്‍കാനും ബോർഡ് തീരുമാനിച്ചു. കഴിഞ്ഞവർഷം മാത്രം 54 തീർഥാടകർ ശബരിമലയില്‍ മരിച്ചിരുന്നു. സുരക്ഷയും തിരക്കും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പമ്പയില്‍ പുതിയ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala