പാലക്കാട്: കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിന് വഴി നല്‍കാത്തതിനെ ചൊല്ലിയുള്ള തർക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു.
പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ബൈക്കിലെത്തിയ കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയിലുണ്ടായിരുന്ന നെല്‍സണ്‍, ജെൻസണ്‍ എന്നിവരും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്. കൊഴിഞ്ഞാമ്പാറയില്‍ ശനിയാഴ്ച രാത്രി എട്ടോടെ കാളവണ്ടി ബൈക്കിനു വഴി നല്‍കാത്തതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ഷെഫീഖ് ഹോണ്‍ അടിച്ചെങ്കിലും വഴികൊടുത്തില്ല. ബൈക്ക് റെയ്സ് ആക്കിയതോടെ പ്രകോപിതരായ നെല്‍സണും സംഘവും ഷെഫീഖിനെ ചോദ്യം ചെയ്തു. ഇവർക്കിടയില്‍ വാക്കേറ്റമുണ്ടായി. സുഹൃത്തുക്കള്‍ ഇടപെട്ടാണ് പിടിച്ചുമാറ്റിയത്.
ഇതിനുശേഷം ഇവർ പിരിഞ്ഞുപോയി. എന്നാല്‍, വീട്ടില്‍പോയി തിരിച്ചുവരുന്നതിനിടെ ഷെഫീഖിനെയും സുഹൃത്തിനെയും വഴിയില്‍ തടഞ്ഞുനിർത്തി നെല്‍സണും ജെൻസണും സംഘവും കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസ്സാരകാര്യത്തിന്‍റെ പേരിലാണ് ഒരു യുവാവിന് ജീവൻ നഷ്ടമായത്. സുഹൃത്ത് ചികിത്സയില്‍ തുടരുകയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ നെല്‍സണെയും ജെൻസണെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

