Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാറിനുള്ളിലിട്ട് പൂട്ടി തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ സൈനികൻ മരിച്ചു

കാറിനുള്ളിലിട്ട് പൂട്ടി തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ സൈനികൻ മരിച്ചു

കൈമൂർ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കാറിലിട്ട് ചുട്ടുകൊല്ലാൻ ശ്രമിച്ച സൈനികൻ ചികിത്സയിലിരിക്കെ മരിച്ച്‌യ്.

ബിഹാറിലെ കൈമൂർ ജില്ലയിലെ സാഹുക ഗ്രാമവാസിയായ ശത്രുഘ്നൻ യാദവ് എന്ന സൈനികനാണ് മരിച്ചത്. എട്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് നേരെ ക്രൂരമായ ഈ ആക്രമണം ഉണ്ടായത്. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്. സൈനികൻ്റെ മരണത്തെ തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധം സംഘടിപ്പിച്ചു.

ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി ശത്രുഘ്നൻ യാദവിനെ രാംഗഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ഒരു സ്കോർപിയോ കാറിനുള്ളില്‍ പൂട്ടിയിടുകയും, ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു എന്നാണ് ആരോപണം. ഗുരുതരമായി പൊള്ളലേറ്റ സൈനികനെ ആദ്യം വാരണാസിയിലെ ഒരു ട്രോമ കെയർ സെൻ്ററിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സൈനികൻ്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ സാഹുക ഗ്രാമത്തില്‍ വൻ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. വ്യാഴാഴ്ച വൻ ജനക്കൂട്ടം രാംഗഡിലേക്ക് മാർച്ച്‌ നടത്തി. ദുർഗ്ഗാ ചൗക്കില്‍ നാട്ടുകാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് അഞ്ച് മണിക്കൂറോളമാണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. ചിലർ രാംഗഡ് പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയും സ്റ്റേഷൻ ഉപരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ തന്നെ രൂപപ്പെട്ടു.

രാംഗഡിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എസ്.ഡി.എം, ഡി.എസ്.പി തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പോലീസ് സൂപ്രണ്ട് ശിഖർ ചൗധരി പ്രതിഷേധക്കാരുമായി സംസാരിക്കുകയും, കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിന് പുറമെ കേസില്‍ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഇതോടെയാണ് ഗ്രാമവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഒളിവില്‍ കഴിയുന്ന ബാക്കി നാല് പേർക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala