
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന പോരാട്ടത്തിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു.
ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകള്‍ 'ടിക്കറ്റ് ജീനി' (Ticketgenie.in) വെബ്‌സൈറ്റ് വഴി ആരാധകർക്ക് ബുക്ക് ചെയ്യാം. ഹോട്ടല്‍ ഹയാത്ത് റീജൻസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മൻ ആദ്യ ടിക്കറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കെ.സി.എല്‍ ചാമ്പ്യന്മാരായ തൃശൂർ ടൈറ്റൻസ് ഉടമ സജാദ് സേഠ് ടിക്കറ്റ് ഏറ്റുവാങ്ങി. കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നികുതി ഉള്‍പ്പെടെ 650 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗാലറിക്ക് 650 രൂപയും പവലിയന് 1250 രൂപയുമാണ് വില. എ, ജെ പവലിയനുകള്‍ക്ക് യഥാക്രമം 1800, 2000 രൂപയും എലൈറ്റ് പവലിയന് 2500 രൂപയുമാണ് ഈടാക്കുന്നത്. കെ.സി.എ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ 5000 രൂപയ്ക്ക് ലഭ്യമാകും. മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് പ്രവേശനത്തിന് ടിക്കറ്റ് നിർബന്ധമാണ്. തട്ടിപ്പുകള്‍ ഒഴിവാക്കാൻ ഔദ്യോഗിക പോർട്ടല്‍ വഴി മാത്രം ടിക്കറ്റുകള്‍ സ്വന്തമാക്കണമെന്ന് കെ.സി.എ അറിയിച്ചു. ഒരാള്‍ക്ക് പരമാവധി ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.
മത്സരത്തില്‍ പങ്കെടുക്കാനായി സെപ്റ്റംബർ 23-നാണ് ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകള്‍ തിരുവനന്തപുരത്ത് എത്തുന്നത്. 24, 25 തീയതികളില്‍ ഇരുടീമുകളും ഗ്രീൻഫീല്‍ഡില്‍ പരിശീലനം നടത്തും. ഉച്ചയ്ക്ക് 1:30 മുതല്‍ 4:30 വരെ വിൻഡീസ് നിരയും വൈകീട്ട് 5:30 മുതല്‍ 8:30 വരെ ഇന്ത്യൻ സംഘവും പരിശീലനത്തിനിറങ്ങും. 26-ന് ഉച്ചയ്ക്ക് ഇന്ത്യൻ ടീമും വൈകീട്ട് വിൻഡീസും അന്തിമ പരിശീലനത്തില്‍ ഏർപ്പെടും. തിരുവനന്തപുരത്തെ മത്സരത്തിന് ശേഷം പരമ്പരയിലെ രണ്ടാം പോരാട്ടം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും മൂന്നാം ഏകദിനം ഒക്ടോബർ മൂന്നിന് മൊഹാലിയിലും നടക്കും.
എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിൻഡീസ് പട വീണ്ടും തലസ്ഥാനത്ത് ഏകദിനം കളിക്കാനിറങ്ങുന്നത്. 2018-ല്‍ ഗ്രീൻഫീല്‍ഡിലെ കന്നി അന്താരാഷ്ട്ര ഏകദിനത്തിലും ഇന്ത്യയുടെ എതിരാളികള്‍ വെസ്റ്റ് ഇൻഡീസായിരുന്നു. സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2023 ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇവിടെ അവസാനമായി ഏകദിന മത്സരം നടന്നത്. അന്ന് വിരാട് കോലിയുടെ (166*) തകർപ്പൻ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ 317 റണ്‍സിന്റെ വൻ വിജയം കുറിച്ചിരുന്നു.

