Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നേരത്തെ ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്‌നാട് തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala