Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിരാഹാരം അവസാനിപ്പിച്ച്‌ സോനം വാങ്ചുക്ക്, നീണ്ട ചര്‍ച്ചകള്‍ക്കുശേഷമെന്ന് പ്രതികരണം

നിരാഹാരം അവസാനിപ്പിച്ച്‌ സോനം വാങ്ചുക്ക്, നീണ്ട ചര്‍ച്ചകള്‍ക്കുശേഷമെന്ന് പ്രതികരണം

ന്യൂഡല്‍ഹി: നീറ്റ് (NEET) പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു.

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച്‌ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.

ജിതേന്ദ്ര സിംഗ് വാങ്ചുക്കിനെ കിടക്കയില്‍ എഴുന്നേറ്റിരിക്കാൻ സഹായിക്കുകയും ജെ.പി. നദ്ദ അദ്ദേഹത്തിന് പാനീയം നല്‍കുകയും ചെയ്തു. ഈ സമയത്ത് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തന്റെ പോരാട്ടത്തില്‍ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാർ വാങ്ചുക്കിനെ സന്ദർശിച്ചതും നിരാഹാരസമരം ഒത്തുതീർപ്പായതും.

നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന് വാങ്ചുക്ക് പിന്നീട് അറിയിച്ചു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങള്‍ തന്നെ സന്ദർശിക്കുകയോ സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയോ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പോരാട്ടമാണ് തന്റെ രീതിയെന്നും അനുയായികള്‍ യാതൊരുവിധ അക്രമങ്ങളിലും ഏർപ്പെടരുതെന്നും അദ്ദേഹം പ്രത്യേകം അഭ്യർത്ഥിച്ചു.

വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കർശനമായ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പുനല്‍കിയിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷാ നടപടികളും ഉള്‍പ്പെടുന്ന പുതിയ നിയമം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭ ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സെക്രട്ടറി തലത്തില്‍ വലിയ തോതിലുള്ള ഉദ്യോഗസ്ഥ അഴിച്ചുപണിയും സർക്കാർ നടത്തിക്കഴിഞ്ഞു.

ജൂണ്‍ 28 ന് ജന്തർ മന്തറില്‍ ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തില്‍ ചേർന്നാണ് വാങ്ചുക്ക് നിരാഹാര സമരം തുടങ്ങിയത്. ഉപവാസത്തിനിടയില്‍ അദ്ദേഹത്തിന് ഏകദേശം 11 കിലോ ഭാരം കുറഞ്ഞതായി ഡോക്ടർമാർ അറിയിച്ചിരുന്നു. വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചെങ്കിലും കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രതിഷേധം തുടരുമെന്നാണ് സൂചനകള്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala