കണ്ണൂർ-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ പാല്‍ച്ചുരത്തില്‍ (കൊട്ടിയൂർ-മാനന്തവാടി റോഡ്) മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ മഴയെ തുടർന്ന് റോഡിന്റെ വശങ്ങള്‍ ഒലിച്ചുപോകുകയും വലിയ കുഴികളും ചാലുകളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മഴവെള്ളപ്പാച്ചിലില്‍ റോഡിന്റെ ടാറിങ് തകർന്ന് വലിയ ചാലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വെള്ളവും മണ്ണും കല്ലുകളും റോഡിലൂടെ കുത്തിയൊഴുകുന്നത് വാഹന യാത്ര ദുഷ്കരമാക്കി. റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങള്‍ വളരെ പതുക്കെ മാത്രമാണ് കടന്നുപോകുന്നത്.
ഇത് ചുരത്തില്‍ വലിയ വാഹനക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്ക് കുഴികളിലും ചളിക്കെട്ടുകളിലും താഴ്ന്നുപോകാൻ സാധ്യതയുണ്ട്. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അത്യാവശ്യ യാത്രകള്‍ ഒഴിവാക്കാനും വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കാനും അധികൃതർ നിർദേശിച്ചു. യാത്രക്കാർ നെടുംപൊയില്‍ ചുരം വഴി പോകണമെന്ന് അധികൃതർ അഭ്യർഥിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അത്യാവശ്യമല്ലാത്ത ഒരു വാഹനവും ചുരം വഴി കടത്തിവിടുന്നില്ല. ലക്കിടിയില്‍ പൊലീസ് പരിശോധന കർശനമാക്കി. അത്യാവശ്യക്കാരല്ലാത്തവരുടെ വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയക്കുകയാണ്. ചുരത്തില്‍ വാഹനം പാർക്ക് ചെയ്യുന്നതിന് പൂർണ നിരോധനമുണ്ട്.
ഈങ്ങാപ്പുഴയില്‍ ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനങ്ങള്‍ നിലവില്‍ കൂടത്തായി-കോടഞ്ചേരി വഴിയാണ് തിരിച്ചുവിടുന്നത്. ഇതിനാല്‍ തന്നെ ഈ റോഡുകളില്‍ നിലവില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചരക്ക് ലോറികള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ തുടങ്ങിയ വലിയ ഭാരവാഹനങ്ങള്‍ ഈങ്ങാപ്പുഴ വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഈ റോഡ് ഉപയോഗിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു. ഇത്തരം വലിയ വാഹനങ്ങള്‍ വീതികുറഞ്ഞ ഈ ബദല്‍ റോഡുകളില്‍ കേടായാല്‍ ആംബുലൻസ് അടക്കമുള്ള അടിയന്തര സർവിസുകള്‍ പോലും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകും.
വൈത്തിരി, ലക്കിടി മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ പെയ്തതിനാല്‍ ജില്ലയില്‍നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയില്‍ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അവശ്യ സർവിസുകള്‍ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. വടക്കൻ ജില്ലകളില്‍ മഴയുടെ തീവ്രത ഉയർന്നതോടെ പലയിടങ്ങളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കനത്തതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലയോര പാതകളിലൂടെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ അധികൃതരുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

