Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്ത: സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്ത: സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി

ണ്ണൂർ : സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തില്‍ കണ്ണൂർ റൂറല്‍ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സോഷ്യല്‍ മീഡിയ വഴി വ്യക്തികള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ വഞ്ചന നടത്തുക തുടങ്ങിയ കുറ്റകരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ജനം ടിവി, ജന്മഭൂമി ദിനപ്പത്രം, ഓണ്‍ലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരില്‍ നിന്നുള്ള സായാഹ്ന പത്രം സുദിനം എന്നിവയാണ് പി.കെ. ശ്രീമതിക്കെതിരെ തെറ്റായ വാർത്തകള്‍ പ്രസിദ്ധീകരിച്ചത്. കേസിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്ന വാർത്തകളുടെ തെളിവുകള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഇതിന്റെ ആധികാരികത പൂർണ്ണമായി ഉറപ്പുവരുത്തുന്നതിനായി പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘മെറ്റ’യ്ക്ക് (Meta) ഔദ്യോഗികമായി കത്ത് നല്‍കും. തുടർന്ന് വാർത്തകള്‍ നിർമ്മിക്കാൻ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം.

റൂറല്‍ സൈബർ പൊലീസ് ഇൻസ്പെക്ടർക്കാണ് ഈ കേസന്വേഷണത്തിന്റെ ചുമതല. സൈബർ ഓപ്പറേഷൻസിന്റെ ചുമതല വഹിക്കുന്ന ഐ.ജി. പി. പ്രകാശിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മുഴുവൻ അന്വേഷണ നടപടികളും പുരോഗമിക്കുന്നത്. കുന്നംകുളം മുൻ എം.എല്‍.എ. പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന സിപിഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെൻഷൻ കൈപ്പറ്റിയെന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ വാർത്തകളാണ് വിവിധ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala