Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പിഷാരടിയോട് ചെയ്തത് വിശ്വാസ വഞ്ചന, ശ്വേത ഓഡിയോ പുറത്തുവിടാൻ പാടില്ലായിരുന്നു- ബീനാ ആന്റണി

'അമ്മ' അഡ്ഹോക് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന രമേഷ് പിഷാരടിയുമായി സംസാരിച്ച ഫോണ്‍ സംഭാഷണം പുറത്തുവിട്ട ശ്വേത മേനോനെതിരെ നടി ബീനാ ആന്റണി.

വിശ്വാസ വഞ്ചനയാണ് ശ്വേത കാണിച്ചതെന്ന് ബീനാ ആന്റണി പറഞ്ഞു. ശ്വേത ചെയ്തത് വലിയ തെറ്റായിപ്പോയെന്നും അവർ വ്യക്തമാക്കി.

'ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഒരുപാട് പിഴവുകള്‍ സംഭവിച്ചു. പല ചേരിയായി തിരിഞ്ഞു. ഈഗോ പ്രശ്‌നങ്ങള്‍ വന്നു. അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ട ആളാണ് ഞാൻ. പക്ഷേ, അവർ സംസാരിച്ചപ്പോള്‍ 45 ദിവസം കൂടി കൊടുക്കാമെന്ന് എനിക്ക് തോന്നി. അതിനുവേണ്ടി ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു', 'അമ്മ' ജനറല്‍ ബോഡിയില്‍ നടന്ന കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ബീനാ ആന്റണി പറഞ്ഞു.

'പ്രശ്‌നങ്ങളും വാക്കുതർക്കങ്ങള്‍ക്കുമൊടുവില്‍ അവർ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. പുറത്തിറങ്ങിപ്പോയ ശ്വേത പ്രസിഡന്റ് സ്ഥാനവും അമ്മയിലെ അംഗത്വവും രാജിവെക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. ശ്വേതാ, ആ തീരുമാനം ഇപ്പോള്‍ എടുക്കല്ലേ എന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞു. പക്ഷേ, അതൊന്നും കേട്ടില്ല. അവർ സ്വന്തം ഇഷ്ടം പറഞ്ഞു', രാജിവെക്കാനുള്ള ശ്വേതയുടെ തീരുമാനത്തെക്കുറിച്ച്‌ ബീന പറഞ്ഞു.

'പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ കൂടെ നിന്ന ആളാണ് പിഷാരടി. ഏറ്റവും നല്ല ജനപിന്തുണയോടെ എം.എല്‍.എ. ആയി വന്ന ആളാണ്. ഒരുപാട് അഭിമാനമുണ്ട് പിഷാരടിയുടെ കാര്യത്തില്‍. അമ്മയുടെ പ്രതിസന്ധിയില്‍ സഹായിക്കാൻ വന്ന ആളാണ്. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളാണ് ശ്വേതയും പിഷാരടിയും. അവരുടെ സംസാരം ഇങ്ങനെ പുറത്തേക്കെടുത്തിട്ട്, പിഷാരടിയെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും എന്റെ ദുഃഖം രേഖപ്പെടുത്തുകയാണ്. വളരെ മോശമായിപ്പോയി. വലിയ വിശ്വാസ വഞ്ചനയാണ് ശ്വേത കാണിച്ചത്. ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു. എത്രയോ ആത്മബന്ധമുള്ള ആളുകളാണ് അവർ. പിഷാരടി ജയിച്ചപ്പോള്‍, പിഷാരടിയെ ഉമ്മ വെക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ശ്വേത സന്തോഷം പങ്കുവെച്ചത്. അത്രയേറെ ആത്മബന്ധമുള്ള ആള്‍ക്കാരാണ് അവരൊക്കെ', നടി ചൂണ്ടിക്കാട്ടി.

'ആ ഓഡിയോ പുറത്തുവിടുമ്പോള്‍ പിഷാരടിയെ എത്രമാത്രം ബാധിക്കും എന്ന് ശ്വേത ആലോചിക്കേണ്ടേ. രാഷ്ട്രീയമായി ഇത്രയും വലിയ ഇമേജില്‍ നില്‍ക്കുന്ന മനുഷ്യനെ എന്തുമാത്രം മോശം രീതിയിലാണ് മറ്റുള്ള പാർട്ടിയിലുള്ള ആളുകളും മറ്റുള്ളവരും പറയുന്നത്. ആ അവസ്ഥയിലേക്ക് പിഷാരടിയെ ഒരിക്കലും എത്തിക്കാൻ പാടില്ലായിരുന്നു ശ്വേത. അതില്‍ ശക്തമായി ശ്വേതയോട് പ്രതിഷേധിക്കുന്നു', ബീന ആന്റണി വ്യക്തമാക്കി.

'അതോടൊപ്പം, ഈ അവസാന നിമിഷത്തില്‍ ശ്വേത രാജിവെച്ചില്ലെന്ന് വന്നുപറയുന്നു. ഭരണസമിതി ഇനിയും തുടരും എന്ന് പറയുന്നതില്‍ യാതൊരു അർഥവുമില്ല ശ്വേത. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ നിങ്ങളിലുള്ള വിശ്വാസം പോവുകയല്ലേ? എന്ത് ന്യായമാണ് ശ്വേതയ്ക്ക് പറയാൻ ഉള്ളത്. അക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ എതിർപ്പ് അറിയിക്കുകയാണ്. ആ ചെയ്തതില്‍ ശ്വേതയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. പിഷാരടിയോട് ചെയ്തത് വലിയ തെറ്റായിപ്പോയി. അമ്മയുടെ പോക്ക് എങ്ങോട്ടാണെന്നത് വളരെയധികം വേദനയോടെ നോക്കിക്കാണുന്നു. അമ്മയെന്ന സംഘടനയെ മുന്നോട്ട് കൊണ്ടുപോവാൻ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ശക്തമായി മുന്നിട്ടിറങ്ങണം', അവർ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala