Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രിയദര്‍ശിനി സര്‍വീസില്‍ ആളുകളെ കുത്തിനിറച്ച്‌ യാത്ര; അപകടഭീതിയില്‍ യാത്രക്കാര്‍

പ്രിയദര്‍ശിനി സര്‍വീസില്‍ ആളുകളെ കുത്തിനിറച്ച്‌ യാത്ര; അപകടഭീതിയില്‍ യാത്രക്കാര്‍

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് യാത്രക്കാരുടെ ജീവന് കടുത്ത ഭീഷണി സൃഷ്ടിക്കുന്നു.

ബസുകളില്‍ കപ്പാസിറ്റിയിലും കൂടുതല്‍ ആളുകളെ കുത്തിനിറച്ച്‌ സർവീസ് നടത്തുന്നത് വലിയ അപകടസാധ്യതയാണ് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാക്കുന്നത്.

സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തി എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ക്രമാതീതമായ വർധനവുണ്ടായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഫുട്ബോർഡില്‍ തൂങ്ങി യാത്ര; അപകടഭീതിയില്‍ യാത്രക്കാർ

ബസുകളില്‍ യാത്രക്കാരെ പരിധിയില്‍ കൂടുതല്‍ കയറ്റുന്നതിനാല്‍ ഉള്ളില്‍ സൂചികുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയാണുള്ളത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വരുന്നതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാർ കവാടത്തിനടുത്തും ഫുട്ബോർഡിലും തൂങ്ങിനിന്നാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നത്. ഇത് ഏത് നിമിഷവും വലിയൊരു ദുരന്തത്തിന് വഴിവെച്ചേക്കാം എന്ന ഭീതിയിലാണ് പൊതുജനങ്ങള്‍.

അമിത തിരക്ക് കാരണം ബസിനുള്ളില്‍ പ്രായമായവരും കുട്ടികളും അടക്കമുള്ളവർ ശ്വാസം മുട്ടിയാണ് യാത്ര ചെയ്യുന്നത്. സീറ്റുകള്‍ ലഭിക്കാതെ മണിക്കൂറുകളോളം തിരക്കില്‍ നില്‍ക്കേണ്ടി വരുന്നത് ഇവരെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലേക്കാണ് തള്ളിവിടുന്നത്.

താമരശ്ശേരി, മുക്കം, തിരുവമ്പാടി തുടങ്ങിയ മലയോര റൂട്ടുകളിലേക്ക് യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കെ.എസ്.ആർ.ടി.സി ബസുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പ്രധാന സ്റ്റാൻഡുകളിലേക്ക് പോകാതെ അതത് സ്റ്റോപ്പുകളില്‍ ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാർക്ക് പലപ്പോഴും അമിത തിരക്ക് കാരണം ബസില്‍ കയറാൻ പോലും സാധിക്കുന്നില്ല. കയറിയവർക്കാകട്ടെ പ്രായമായവരും കുട്ടികളും അടക്കം ശ്വാസം മുട്ടിയുള്ള യാത്രയാണ് വിധി.

രാവിലെ ഓഫിസുകളിലും മറ്റും ജോലി ചെയ്യുന്നവരും ഇതേ പ്രശ്നം അനുഭവിക്കുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് പ്രശ്നം കൂടുതലുള്ളത്. ബസ് സർവിസിനെ മാത്രം ആശ്രയിച്ച്‌ യാത്ര ചെയ്യുന്നവരാണ് വലയുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതല്‍ സർവിസുകള്‍ ആരംഭിക്കുകയോ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് ആളുകളുടെ ആവശ്യം. അതുമല്ലെങ്കില്‍ ഇത്തരം ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകള്‍ക്കും സർവിസ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

പ്രിയദർശിനി ബസുകളുടെ സർവീസ് ജില്ലയിലെ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. യാത്രക്കാർ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കാൻ തുടങ്ങിയതോടെ കളക്ഷൻ കുത്തനെ ഇടിഞ്ഞു. ഈ പ്രതിസന്ധി തുടർന്നാല്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍ സർവീസ് പൂർണ്ണമായും നിർത്തിവെക്കാൻ ഒരുങ്ങുകയാണ് എന്നും റിപ്പോർട്ടുകള്‍ വരുന്നുണ്ട്.

വലിയൊരു ദുരന്തത്തിന് വഴിവെക്കുന്നതിന് മുൻപ് പ്രിയദർശിനി സർവീസുകളിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്നും, സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ആർ.ടി.ഒ അധികൃതരും കെ.എസ്.ആർ.ടി.സിയും അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala