മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ ഇ.ഡി പരിശോധന . തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലുമാണ് പരിശോധന.
പിണറായി വിജയനും മകള്‍ വീണാ വിജയനും തിരുവനന്തപുരത്തെ വീട്ടിലുണ്ട്. മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നു. റിയാസ് കോട്ടുളിയിലെ വീട്ടില്‍ ഇല്ല. 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.
CMRL ഓഫിസിലും എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നു. സിഎംആര്‍എല്‍ - എക്സാലോജിക് കേസിലാണ് പരിശോധന നടക്കുന്നത്. ഇ.ഡി അന്വേഷണത്തിന് എതിരെ സി എം ആർ എല്‍ നല്‍കിയ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
വിവാദ എക്സാലോജിക്-സിഎംആർഎല്‍ അനധികൃത പണമിടപാടു കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന് എതിരായ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡിയുടെ അന്വേഷണ നടപടികളും സമൻസും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎല്‍ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത, കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ നല്‍കിയ ഹർജികളാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് തള്ളിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് സിഎംആർഎല്‍ വലിയ തുക പ്രതിഫലമായി നല്‍കിയെന്നതാണ് കേസ്. ആദായനികുതി സെറ്റില്‍മെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

