Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തച്ചങ്കരി ആശുപത്രി ബ്ലോക്കില്‍, സെല്ലിലേക്ക് മാറ്റുന്നതില്‍ തീരുമാനം പിന്നീട്

തച്ചങ്കരി ആശുപത്രി ബ്ലോക്കില്‍, സെല്ലിലേക്ക് മാറ്റുന്നതില്‍ തീരുമാനം പിന്നീട്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയെ പാർപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കില്‍.

സി 475-ാം നമ്പർ തടവുകാരനായ തച്ചങ്കരിക്ക് കോട്ടയത്തുനിന്ന് എത്തിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്. ഇവിടെ തച്ചങ്കരിക്കു കട്ടില്‍ സൗകര്യം ലഭിക്കും. ജയില്‍ വേഷമായ വെള്ളമുണ്ടും ഷർട്ടുമാണ് തച്ചങ്കരിക്കും നല്‍കിയിരിക്കുന്നത്.

ഡോക്ടർമാരുടെ നിർദേശ പ്രകാരമാകും ഭക്ഷണ മെനു തീരുമാനിക്കുക. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ സെല്ലിലേക്കു മാറ്റൂ. സെല്ലില്‍ എത്തിച്ചാല്‍ മറ്റു തടവുകാരുടെ കൂടെ നിലത്താവും കിടന്നുറങ്ങേണ്ടി വരിക. അതിനൊപ്പം, ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന തച്ചങ്കരിയെ സഹതടവുകാർ ഉപദ്രവിക്കാനുള്ള സാഹചര്യവും പരിഗണിക്കപ്പെടും. ആരോഗ്യപ്രശ്‌നങ്ങളും സുരക്ഷയും കണക്കിലെടുത്താവും തീരുമാനമെടുക്കുകയെന്ന് ജയില്‍ ഉദ്യോഗസ്ഥർ പറയുന്നു.

ജയില്‍ ഡോക്ടർ പരിശോധനയ്ക്കു ശേഷം വിദഗ്ധ ചികിത്സ നിർദേശിച്ചാല്‍ ജനറല്‍ ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും. കോടതിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചശേഷം മാത്രമേ ഇത്തരം നടപടികള്‍ ഉണ്ടാകൂ. ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം കഠിനതടവു ശിക്ഷ വിധിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala