കോഴിക്കോട്: ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതാനിർമാണത്തില്‍ അടിസ്ഥാന മാനദണ്ഡങ്ങള്‍പോലും പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്.
ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയും (ജി.എസ്.ഐ.) തുർക്കി ആസ്ഥാനമായ ട്യൂമാസ് എന്ന ഏജൻസിയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പദ്ധതിയുടെ മേല്‍നോട്ടച്ചുമതലയുള്ള കൊങ്കണ്‍ റെയില്‍ കോർപ്പറേഷന് ജൂണ്‍ 14-ന് റിപ്പോർട്ട് കൈമാറി.
തുരങ്കമുഖത്തേക്കെത്താൻ മണ്ണെടുത്തതിലും അവിടെ കോണ്‍ക്രീറ്റ് മിക്‌സിങ് പ്ലാന്റ് നിർമിച്ചതിലുമൊക്കെ വലിയ വീഴ്ചയുണ്ടായെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടില്‍, മഴകനത്താല്‍ പെട്ടെന്നുള്ള മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.
തുരങ്കപാതാനിർമാണഘട്ടത്തിലുണ്ടാകുന്ന അപകടസാധ്യതയെക്കുറിച്ച് പഠിക്കാൻ കൊങ്കണ്‍ റെയില്‍ കോർപ്പറേഷൻതന്നെ നിയോഗിച്ചതാണ് ഇരുകൂട്ടരെയും. ജൂണ്‍ ആദ്യവാരം മുഴുവൻ നീണ്ട പഠനത്തില്‍ തുരങ്കമുഖത്തെ മണ്ണില്‍ വലിയ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഇടതുവശത്തെ െചരിവിലാണ് ഇത് പ്രകടമായത്. ഈ ചെരിവിന്റെ ഡിസൈനും മോഡലിങ്ങും പുനഃപരിശോധിക്കണമെന്നും ആംഗിള്‍ കുറയ്ക്കാമെന്നും നിർദേശിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പായില്ല. ഈ ചെരിവിലാണ് വലിയതോതില്‍ മണ്ണിടിച്ചിലുണ്ടായത്.
ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധസമിതി നിർദേശിച്ച ഉപാധികള്‍ ലംഘിച്ചതായി സംശയം. 60 ഇന ഉപാധികളോടെയാണ് അന്തിമാനുമതി നല്‍കിയത്. പ്രാഥമിക അനുമതിക്കുശേഷം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലുണ്ടായതോടെയാണ് നിബന്ധനകള്‍ കടുപ്പിച്ചത്.
തുരങ്കപാത നിർമിക്കുമ്പോഴോ മണ്ണിടിച്ചില്‍ സാധ്യതയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ജൈവവൈവിധ്യത്തിനുണ്ടാവുന്ന ആഘാതവും സംബന്ധിച്ച് മന്ത്രാലയത്തിന് കീഴിലെ വിദഗ്ധസമിതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുകാരണം അനുമതിക്കുള്ള അപേക്ഷ മാറ്റിവെച്ചു. അനുമതി നല്‍കുമ്പോള്‍ പ്രദേശത്ത് പാറപൊട്ടിക്കുന്നതിലും മണ്ണ് കൈകാര്യം ചെയ്യുന്നതിലുമെല്ലാം നിർദേശങ്ങളും വെച്ചു.
2019-ലും 2024-ലും പദ്ധതി പ്രദേശത്തിന് സമീപത്തായി വലിയതോതിലുള്ള ഉരുള്‍പൊട്ടലുണ്ടായി കടുത്ത ആള്‍നാശവും നാശനഷ്ടവുമുണ്ടായിരുന്നു. അതുകൊണ്ട് നിർമാണം നടക്കുമ്പോഴും അതിനുശേഷവും വൈബ്രേഷൻ മൂലം മണ്ണിടിച്ചില്‍ ഇല്ലാതിരിക്കാൻ എന്ത് മുൻകരുതലാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. 2025 മേയിലാണ് ഉപാധികളോടെ അന്തിമ പാരിസ്ഥിതിക അനുമതിക്ക് വിദഗ്ധസമിതി ശുപാർശ നല്‍കിയത്.
