Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയോധികയെ കായലില്‍ കൊന്ന് കെട്ടിത്താഴ്ത്തിയ സംഭവം; അയല്‍വാസി പിടിയില്‍

വയോധികയെ കായലില്‍ കൊന്ന് കെട്ടിത്താഴ്ത്തിയ സംഭവം; അയല്‍വാസി പിടിയില്‍

രിപ്പാട്: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതില്‍ തങ്കമ്മയെ (80) ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പൊലീസ് പിടിയിലായി.

കനകക്കുന്ന് ജെട്ടിക്ക് സമീപം താമസിക്കുന്ന കൊച്ചു പടന്നയില്‍ പ്രകാശൻ (പാച്ചു – 54) ആണ് കസ്റ്റഡിയിലായത്. വെല്‍ഡിംഗ് തൊഴിലാളിയായ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാല്‍ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.

പ്രതി നാട്ടുകാരൻ തന്നെയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. മൃതദേഹം കെട്ടാൻ ഉപയോഗിച്ച പ്രത്യേക തരം കയറാണ് അന്വേഷണത്തില്‍ നിർണായക സൂചനയായത്. സമാനമായ കയർ പ്രകാശന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. രണ്ടു വർഷം മുമ്പ് വീടും സ്ഥലവും വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മോഷണത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത്. വെല്‍ഡിംഗ് ജോലിക്ക് പുറമെ ഇയാള്‍ കായലില്‍ മത്സ്യബന്ധനത്തിനും പോകാറുണ്ടായിരുന്നു. സംഭവത്തില്‍ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ നിലവില്‍ കനകക്കുന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് തങ്കമ്മയെ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടർന്ന് കനകക്കുന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് സമീപം കായലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച്‌, കഴുത്തില്‍ കല്ല് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിയായ പ്രകാശൻ കഴിഞ്ഞ പത്തുവർഷമായി കനകക്കുന്ന് ഭാഗത്ത് വാടകക്ക് താമസിക്കുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ഇയാള്‍ ഇവിടെ സ്വന്തമായി വീടും സ്ഥലവും വാങ്ങിയത്. ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിന്റെ അതിവേഗ അന്വേഷണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala