ചെന്നൈ: സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവ് വിജയ് ഉന്നയിച്ച അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ചില്ലെന്ന് വിവരം.
കേവലഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നാണ് ഗവർണറുടെ നിലപാട്.
കോണ്‍ഗ്രസിന്റെ 5 അംഗങ്ങള്‍ ഉള്‍പ്പെടെ 113 എംഎല്‍എമാർ ഒപ്പിട്ട കത്താണ് വിജയ് ഗവർണർക്ക് കൈമാറിയത്. എന്നാല്‍ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയായ 118 പേർ ഒപ്പിട്ടുള്ള കത്ത് വേണമെന്ന് ഗവർണർ അറിയിച്ചു. എന്നാല്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ നാളെ നടക്കാനിരുന്ന സത്യപ്രത്ജ്ഞ നീട്ടിവച്ചേക്കുമെന്നാണ് സൂചന. ഇതില്‍ ടിവികെയുടെ ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല. 108 സീറ്റാണ് തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ടിവികെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസ് മാത്രമാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 5 സീറ്റുകളുള്ള കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാലും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ടിവികെയ്ക്ക് ആറുപേരുടെ കൂടി പിന്തുണ വേണ്ടി വരും.
രണ്ടാമതെത്തിയ ഡിഎംകെയ്ക്ക് 59 സീറ്റാണുള്ളത്. എഐഎഡിഎംകെ 47 സീറ്റും നേടി. ഭരണഘടനയില്‍ വിശ്വാസമില്ലാത്ത വർഗീയ ശക്തികളെ സഖ്യത്തിനു പുറത്തുനിർത്തുക എന്ന ഉപാധിയില്‍ അധിഷ്ഠിതമായാണ് ടിവികെയ്ക്ക് പിന്തുണ നല്‍കുകയെന്നാണ് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കിയത്.
അതിനിടെ പട്ടാളി മക്കള്‍ കട്ചിയിലെ 4 എംഎല്‍എമാർ വിജയിയെ വീട്ടിലെത്തി കണ്ടതായും റിപ്പോർട്ടുകളുണ്ട്. ടിവികെയ്ക്ക് പിന്തുണ നല്‍കണമോ എന്നതില്‍ തീരുമാനമെടുക്കാൻ മേയ് 8 വരെ സമയം തരണമെന്ന് ഇടതുപാർട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെയ്ക്കൊപ്പം തന്നെ തുടരാനാണ് മുസ്‍ലിം ലീഗിന്റെ തീരുമാനം. 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിനു 118 പേരുടെ പിന്തുണ വേണം. ടിവികെയ്ക്ക് 107 അംഗങ്ങളുണ്ട്. 108 സീറ്റില്‍ വിജയിച്ചെങ്കിലും വിജയ് ജയിച്ച 2 സീറ്റിലൊന്നു രാജിവയ്ക്കേണ്ടിവരും.
5 എംഎല്‍എമാരുള്ള കോണ്‍ഗ്രസിനോടു തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വിജയ് പിന്തുണ തേടിയിരുന്നു. വോട്ടർമാരുടെ വികാരം കണക്കിലെടുത്ത് തീരുമാനമെടുക്കാൻ ടിഎൻസിസി നേതൃത്വത്തെ ചുമതലപ്പെടുത്തിയെന്നാണ് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചത്. തുടർന്നു കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് പിന്തുണ നല്‍കാനുള്ള സംസ്ഥാന കോണ്‍ഗ്രസിന്റെ തീരുമാനം പുറത്തുവന്നത്. കോണ്‍ഗ്രസുമായി ഒരു മുന്നണി രൂപീകരണ കാര്യത്തില്‍ തീരുമാനം ലഭിച്ചെന്ന് ടിവികെയും സ്ഥിരീകരിച്ചിട്ടുണ്ട്.
The post വിജയ്‌ക്ക് തിരിച്ചടി; 118 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കുന്ന കത്ത് ഹാജരാക്കണമെന്ന് ഗവർണർ; സത്യപ്രത്ജ്ഞ നീട്ടിവച്ചേക്കുമെന്നു സൂചന appeared first on Evening Kerala News.

