Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലിഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന, ആൻ മേരി മാത്യു എന്നിവരുടെ മൃതദേഹങ്ങള്‍ നാടണഞ്ഞു.

കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ എത്തിച്ച മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കള്‍ വിതുമ്പലോടെ ഏറ്റുവാങ്ങി. സാൻ ഫ്രാൻസിസ്കോയില്‍നിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയുള്ള വിമാന സർവീസിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നത്.

തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം വിമാനത്താവളത്തില്‍നിന്ന് കോട്ടയത്തെ ഭർതൃവീട്ടിലേക്കാണ് കൊണ്ടുപോയത്. മൃതദേഹം ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃവീട്ടില്‍ എത്തിച്ച്‌ ബന്ധുക്കള്‍ക്കും നാട്ടുകാർക്കുമായി പൊതുദർശനത്തിന് വെച്ചു. വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം കുടുംബവീട്ടിലേക്ക് എത്തിക്കും. അവിടെവെച്ചാണ് അഞ്ജനയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക.

കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് കാലിഫോർണിയയിലെ മില്‍പിറ്റാസിലും സാൻ ഹോസെയിലുമായി നാടിനെ നടുക്കിയ ഈ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ട യുവതികളുടെ അടുത്ത സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയുമായ അനിലയാണ് ഇരുവരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ആൻ മേരിയെ സാൻ ഹോസെയിലെ സ്വന്തം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ ശേഷം, ഒന്നര മണിക്കൂറോളം കഴിഞ്ഞ് അഞ്ജനയെ ഫോണില്‍ വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യുഎസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കൃത്യം നടത്തിയ ഉടൻതന്നെ കാലിഫോർണിയ പൊലീസ് അനിലയെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തില്‍ റിമാൻഡില്‍ കഴിയുകയാണ് പ്രതി. സുഹൃത്തുക്കളായ യുവതികളെ അടുത്തടുത്ത മണിക്കൂറുകളില്‍ അരുംകൊല ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മില്‍പിറ്റാസ് പൊലീസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala