ഇന്ത്യൻ മിഡ്-റേഞ്ച് സ്മാർട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാൻ പുത്തൻ ഗാലക്‌സി എം47 5ജി മോഡലിന്റെ യഥാർത്ഥ വിലയും സ്റ്റോറേജ് വേരിയന്റുകളും പ്രഖ്യാപിച്ച് സാംസങ്.
ലോഞ്ച് ദിനത്തില്‍ ഓഫർ വില മാത്രമാണ് കമ്പനി പുറത്തുവിട്ടിരുന്നത്. ജൂലൈ 4 മുതല്‍ ആമസോണ്‍ പ്രൈം ഡേ സെയിലിലൂടെ ഫോണിന്റെ ഔദ്യോഗിക വില്‍പന ആരംഭിക്കും. ബ്ലേസ് ബ്ലൂ, റോഗ് റെഡ് എന്നീ രണ്ട് ആകർഷകമായ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 6 GB റാം + 128 GB സ്റ്റോറേജ്: 25,999 രൂപ, 8 GB റാം + 128 GB സ്റ്റോറേജ്: 28,999 രൂപ, 8 GB റാം + 256 GB സ്റ്റോറേജ്: 33,999 രൂപ.
ആദ്യഘട്ടത്തില്‍ വാങ്ങുന്നവർക്ക് 2,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും 1,000 രൂപയുടെ അധിക കൂപ്പണ്‍ ആനുകൂല്യവും ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകള്‍ക്ക് 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ പിന്തുണയിലാണ് ഗാലക്‌സി എം47 5ജി വിപണിയിലെ മറ്റ് ഫോണുകളെ ഞെട്ടിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ വണ്‍ യു.ഐ 8.5 ഒഎസിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. ഇതിന് 6 പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.
6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ സൂപ്പർ അമോലെഡ്, 120Hz റിഫ്രഷ് റേറ്റ്. സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് വിക്ടസ്+. ശക്തമായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെൻ 3. LPDDR5X റാം, യുഎഫ്‌എസ് 3.1 സ്റ്റോറേജ് സാങ്കേതികവിദ്യ. OIS പിന്തുണയുള്ള 50MP പ്രധാന ക്യാമറ + 5MP അള്‍ട്രാവൈഡ് + 2MP മാക്രോ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ്. സെല്‍ഫികള്‍ക്കായി 12MP ക്യാമറ. വമ്പൻ 6,000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്. ഗെയിമിങ്ങിനായി ബൈപാസ് ചാർജിങ് പിന്തുണയുമുണ്ട്.

